കണ്ണൂർ: അവസരങ്ങളുടെ അനന്തസാധ്യതകൾ പങ്കുവെച്ച് മാധ്യമം എജുകഫേ എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവലിന് കണ്ണൂർ കലക്ടറേറ്റ് മൈതാനത്തിൽ പ്രൗഢഗംഭീര തുടക്കം. അന്താരാഷ്ട്ര നിലവാരത്തിലുള്ള കൗൺസലിങ്ങിലും കരിയർ ഗൈഡൻസ് ക്ലാസുകളിലും പങ്കെടുക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും ഒഴുകിയെത്തി.
നിർമിത ബുദ്ധിയുടെ കാലത്തെ അവസരങ്ങൾ, കോമേഴ്സ് മേഖല തുറന്നിടുന്ന സാധ്യതകൾ, ഡിജിറ്റൽ കാലത്തെ പഠനം, വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ ഉന്നതപഠനത്തിന് ഒരുങ്ങുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കോഴ്സുകളുടെയും അവസരങ്ങളുടെയും അഭിരുചികളുടെയും വാതായനങ്ങൾ തുറന്നിടുന്ന വേദിയായി എജുകഫേ മാറി.
കേരളത്തിന് അകത്തും പുറത്തും വിദേശത്തുമുള്ള സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ, മെഡിക്കൽ-എൻജിനീയറിങ് എൻട്രൻസ്, അക്കൗണ്ടിങ്, സി.എ, സി.എം.എ, അനിമേഷൻ, ബിസിനസ്, മൊബൈൽ ഫോൺ ടെക്നോളജി തുടങ്ങിയ മേഖലകളെ കുറിച്ച് അറിവേകുന്ന സ്റ്റാളുകൾ എന്നിവയിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും തിരക്കായിരുന്നു.
രണ്ടുദിവസം നീളുന്ന മഹാമേള കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കൃത്യമായ സമയത്ത് തീരുമാനമെടുക്കാൻ കഴിയുകയെന്നത് പ്രധാനമാണെന്നും വിദ്യാർഥികൾക്ക് മുന്നോട്ടുപോകാനുള്ള വഴി കാണിച്ചുകൊടുക്കുകയെന്ന ഉത്തരവാദിത്തമാണ് എജുകഫേ നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് ഉചിത വഴി കാണിച്ചുകൊടുക്കുന്ന സംവിധാനങ്ങൾ ഏറെയുണ്ട്. പഠിക്കാൻ താൽപര്യമുള്ള കുട്ടികൾക്കും പഠിപ്പിക്കാൻ താൽപര്യമുള്ള അധ്യാപകർക്കും അതിനാവശ്യമായ എല്ലാവിധ അവസരങ്ങളും ഇന്നുണ്ട്. വേണ്ട മാർഗനിർദേശങ്ങൾ കൃത്യസമയത്ത് നൽകി കുട്ടികളിൽ ആത്മവീര്യം നിറക്കുകയെന്നതാണ് പ്രധാനമെന്നും മേയർ പറഞ്ഞു.
മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. ഇലാൻസ് സി.ഇ.ഒ പി.വി. ജിഷ്ണു സംസാരിച്ചു. മാധ്യമം ചീഫ് റീജനൽ മാനേജർ വി.സി. സലിം സ്വാഗതവും ബ്യൂറോ ഇൻ ചാർജ് എം.സി. നിഹ്മത്ത് നന്ദിയും പറഞ്ഞു. ഡോപ്പ എച്ച്.ആർ മാനേജർ അബ്ദുൽ ബാസിത്, ഡോ. ജെപ്പീസ് മാർക്കറ്റിങ് മാനേജർ ജിത്തു ശശിധരൻ എന്നിവർ സംബന്ധിച്ചു.
ഇപ്പോഴത്തെ കുട്ടികൾ ഭാഗ്യവാന്മാരാണ്. രാജ്യത്തിന് അകത്തും പുറത്തും കുട്ടികൾക്ക് ഒട്ടേറെ സാധ്യതകളാണുള്ളത്. രക്ഷിതാക്കളുടെ ഇഷ്ടമല്ല, മറിച്ച് കുട്ടിയുടെ താൽപര്യമനുസരിച്ചാവണം കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടത്. - പി.പി. ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡൻറ്
ആഗ്രഹങ്ങളും അനുഭവങ്ങളും ചേർന്നുകൊണ്ടാകണം കുട്ടികൾ തീരുമാനമെടുക്കേണ്ടത്. ഡിജിറ്റൽ യുഗത്തിൽ ജീവിതാനുഭവങ്ങൾ പ്രധാനമാണ്. ജീവിതത്തിൽ എപ്പോഴും നാം ജയിച്ചുകൊണ്ടിരിക്കില്ല.- കെ.വി. സുമേഷ് എം.എൽ.എ
വീണുപോയവന്റെ എഴുന്നേറ്റു നിൽപാണ് വിജയമെന്നും ചരിത്രം തോറ്റുപോയവന്റേത് കൂടിയാണെന്നും ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് പറഞ്ഞപ്പോൾ കൈയടികളോടെയാണ് സദസ്സ് കേട്ടത്. ‘മാധ്യമം എജുകഫേ’യിൽ ‘ജീവിതത്തിൽ എ പ്ലസ് നേടുന്നതിന്റെ മൂല്യം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാട്ടു പാടാൻ അറിയാത്തതിന്റെയും അറിവില്ലാത്തതിന്റെയും പേരിൽ ഒരിക്കൽ മാറ്റിനിർത്തപ്പെട്ടവരാണ് ഗായകൻ യേശുദാസും ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനും. തോറ്റുപോയ ഐൻസ്റ്റീനും യേശുദാസും ലക്ഷക്കണക്കിനാളുകളും ചേർന്ന് വരച്ചിട്ടതാണ് മനുഷ്യരാശിയുടെ മഹാഗോപുരങ്ങൾ.
വിജയിച്ചവരുടെ ആഘോഷങ്ങൾക്കപ്പുറം മണ്ണിൽ ചവിട്ടിത്താഴ്ത്തപ്പെട്ടവന്റെ തിരിച്ചുവരവ് ദേശീയ ഉത്സവമായി കൊണ്ടാടുന്ന ജനതയാണ് നാം.
ജീവിതത്തിൽ എ പ്ലസ് നേടാൻ ‘ഞാൻ’ എന്ന വാക്കിനെ വലിച്ചെറിഞ്ഞ് നാം, നമ്മളെന്ന വാക്കുകൾ നെഞ്ചിലേറ്റണം. അറിവിൽനിന്നും വിജ്ഞാനത്തിലേക്ക് യാത്ര ചെയ്യണം. അവനവനിൽ വിശ്വാസം കുറയുമ്പോഴാണ് ലഹരിയിലും മയക്കുമരുന്നിലും ആൾദൈവങ്ങളിലും ആശ്വാസം തേടുന്നത്. അവനവനിൽ വിശ്വാസമുണ്ടാവണം.
കുട്ടികൾക്ക് രക്ഷിതാക്കൾ നൽകുന്ന സമ്മാനങ്ങളെക്കാൾ മൂല്യം അവർക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾക്കാണെന്നും ജി.എസ്. പ്രദീപ് പറഞ്ഞു. സംവദിച്ചും കഥകളും അനുഭവങ്ങളും പറഞ്ഞും ഒരു മണിക്കൂർ നേരം ഗ്രാൻഡ് മാസ്റ്റർ സദസ്സിനൊപ്പം സഞ്ചരിച്ചു.
വിദേശത്ത് പഠനസാധ്യതകളേറെയാണെന്ന് ജർമൻ ഇന്റർനാഷനൽ കോളജ് പ്രതിനിധി രാകേഷ് കുമാർ. ‘വർക്ക് ഓപർച്ചുനിറ്റീസ് ആൻഡ് സ്കിൽസ് റിക്വയേഡ് ബൈ എ പ്രഫഷനൽ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ പഠനം സ്വപ്നം കണ്ടു നടക്കുന്നവരുടെ മോഹങ്ങൾക്ക് ചിറകുനൽകാൻ പര്യാപ്തമാണ് ജർമൻ ഇന്റർനാഷനൽ കോളജ്. ഇവിടെ സൗജന്യ പഠനം സാധ്യമാണ്. വിദേശ പഠനം അപ്രാപ്യമല്ല. ഒട്ടേറെ വിദ്യാർഥികൾ പഠനത്തിന് വിദേശ സർവകലാശാലകളിൽ എത്തുന്നതും ജോലി സാധ്യതയിൽ ആകൃഷ്ടരായാണെന്നും അദ്ദേഹം പറഞ്ഞു.
ഏതു കോഴ്സ് പഠിച്ചാലും ജോലിസാധ്യതയുണ്ടെന്ന് ഡോ. സി.സി. സോബിൻ. ‘ഇന്റർ ഡിസിപ്ലിനറി അപ്രോച്ച് ടു ലിബറൽ ആർട്സ് ആൻഡ് സയൻസസ് ഇൻ എസ്.ആർ.എം’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിയർ തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. എന്നാൽ, രക്ഷിതാക്കളുടെ തീരുമാനങ്ങൾ ചിലപ്പോഴെങ്കിലും കുട്ടികളെ അടിച്ചേൽപിക്കുന്ന പ്രവണതയുണ്ട്. ഇത് പോസിറ്റിവായി കാണണം. എങ്കിലും കുട്ടികളുടെ താൽപര്യംകൂടി കരിയർ തിരഞ്ഞെടുപ്പിൽ പ്രകടമാകണം. കോഴ്സ് തിരഞ്ഞെടുക്കുന്നതിനൊപ്പം എവിടെ പഠിക്കുന്നു; എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
നിർമിതബുദ്ധിയുടെ കാലത്ത് മാനുഷിക പക്വതക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അവസരങ്ങൾക്ക് അതിരുകളില്ലെന്നും എഡാപ്റ്റ് സി.ഇ.ഒ ഉമർ അബ്ദുസ്സലാം. മാധ്യമം എജുകഫേയിൽ ‘നിർമിതബുദ്ധിയുടെ കാലത്തെ വിദ്യാഭ്യാസവും കരിയറും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിസങ്കീർണമായ ശസ്ത്രക്രിയകൾ പോലും റോബോട്ടുകൾ കൈകാര്യം ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്.
ഇന്നലെ വരെ ചോദ്യംചോദിക്കുന്ന കുട്ടികളായിരുന്നു മിടുക്കർ. ഇന്റർനെറ്റിന്റെയും ചാറ്റ് ജി.പി.ടിയുടെയും സഹായത്താൽ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ മാത്രം ചോദിക്കുന്നവരാണ് പുതിയ കാലത്തെ മിടുക്കർ. സ്വയം ഡ്രൈവ് ചെയ്യുന്ന കാർ മുതൽ നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ചാറ്റ് ജി.പി.ടി വരെ നിർമിത ബുദ്ധിയാണ്. ഡോക്ടർമാരില്ലാത്ത ശസ്ത്രക്രിയക്കപ്പുറം മനുഷ്യന്റെ ജനിതകഘടന തിരിച്ചറിഞ്ഞ് ചികിത്സിക്കുന്ന കാലമാണ് വരാൻപോകുന്നത്. ജനിതകഘടനയുടെ അടിസ്ഥാനത്തിൽ ഡിസൈൻ ചെയ്ത ശരീരാവയവങ്ങൾ ലഭിക്കുന്ന കേന്ദ്രങ്ങൾ വിദൂരമല്ല. നിർമിതബുദ്ധിയുടെ കാലത്ത് ആരുടെയും തൊഴിൽ നഷ്ടമാകുമെന്ന് അർഥമില്ല. എന്നാൽ, പുതിയ സാങ്കേതികവിദ്യ പഠിക്കാത്തവരുടെ ജോലി ഈ മേഖലയിൽ അറിവുള്ളവർ കൈക്കലാക്കും. പുതിയ സാങ്കേതികവിദ്യയോട് അനുരൂപപ്പെട്ട് മുന്നോട്ടുപോകുകയെന്നതാണ് നമുക്ക് ചെയ്യാനാവുന്നത്. ഏതുജോലിയാണെങ്കിലും നമ്മൾ അപ്ഡേറ്റ് ചെയ്യപ്പെടേണ്ടതുണ്ടെന്നും ഉമർ അബ്ദുസ്സലാം പറഞ്ഞു.
പഠനത്തിനൊപ്പം വിവിധ മേഖലകളിൽ കഴിവുതെളിയിച്ച മിടുക്കൻമാരും മിടുക്കികളും എജുകഫേയിലെ ടോപ്പേഴ്സ് ടോക്കിലെത്തിയപ്പോൾ കണ്ടുനിന്നവർക്കും പ്രചോദനം. മീഡിയവൺ ന്യൂസ് ആങ്കർ രേഷ്മയാണ് ടോപ്പേഴ്സ് ടോക്കിൽ കുട്ടികളുമായി സംവദിച്ചത്.
ഏഷ്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അവാർഡ് ജേതാവും ചിത്രകാരനുമായ ചട്ടഞ്ചാൽ സി.എച്ച്.എസ് വിദ്യാർഥി മോഹിത്ത് കൃഷ്ണൻ, ഗാന്ധിനഗർ ഐ.ഐ.ടി വിദ്യാർഥിനിയും കോഴിക്കോട് ഐ.ഐ.എം ഇന്റേണിയുമായ കെ. ആയിഷ തമന്ന, ഓഡിറ്റ് ആൻഡ് അഷ്വറൻസ് പേപ്പറിൽ അന്തർദേശീയ തലത്തിൽ ഒന്നാം റാങ്ക് ജേതാവും അഡ്വാൻസ് ഓഡിറ്റ് ആൻഡ് അഷ്വറൻസിൽ ദേശീയ റാങ്ക് ജേതാവുമായ ഹിസാന ഹനീഫ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ജേതാവും മോട്ടിവേഷനൽ സ്പീക്കറുമായ ഫാത്തിമ മിൻഹ, ബ്രണ്ണൻ കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയും കവിയുമായ എബിൻ കുര്യൻ എന്നിവർ അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും സദസ്സുമായി സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.