തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അർധവാർഷിക പരീക്ഷ നടത്തിപ്പ് കുത്തഴിഞ്ഞു. ദിവസം നാലര മണിക്കൂർ വരെ പരീക്ഷ എഴുതിക്കുന്ന രീതിയിലുള്ള ടൈംടേബിളിന് പുറമെ, ചോദ്യപേപ്പർ ചോർന്നെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു. രാവിലെയും ഉച്ചക്കു ശേഷവുമായി നാലര മണിക്കൂർ വരെ പരീക്ഷ എഴുതേണ്ടിവരുന്നു.
കഴിഞ്ഞ 14നു ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്ക് രാവിലെ രണ്ടര മണിക്കൂർ ഇംഗ്ലീഷ് പരീക്ഷയും മുക്കാൽ മണിക്കൂറിനുശേഷം രണ്ടു മണിക്കൂർ പരീക്ഷയുമാണ് നടത്തിയത്. 10ാം ക്ലാസ് വിദ്യാർഥികൾക്ക് രാവിലെ രണ്ടര മണിക്കൂർ നീളുന്ന സോഷ്യൽ സയൻസ് പരീക്ഷയും തുടർന്ന് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ബയോളജി പരീക്ഷയും നടത്തി. മുൻകാലങ്ങളിൽ ദിവസം രണ്ടു പരീക്ഷ നടത്തുമ്പോൾ ഒന്നര മണിക്കൂർ ദൈർഘ്യമുള്ളവ വരുന്ന രീതിയിലാണ് ടൈംടേബിൾ തയാറാക്കുന്നത്. ഇത്തവണ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്യു.ഐ.പി വിഭാഗം ടൈംടേബിൾ തയാറാക്കിയപ്പോൾ വിദ്യാർഥികളെ പരിഗണിച്ചില്ലെന്നാണ് അധ്യാപകർ പറയുന്നത്.
ചോദ്യപേപ്പർ തയാറാക്കാൻ ചുമതലയുള്ള സമഗ്രശിക്ഷ കേരളം അധികൃതർ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളുടേത് തയാറാക്കിയപ്പോൾ എട്ടു മുതൽ 10 വരെ ക്ലാസുകളിലേത് ഡയറ്റുകൾക്ക് ‘ഉപകരാർ’ നൽകി. ഇതിനു പിന്നാലെയാണ് ചോദ്യം ചോർന്നെന്ന ആക്ഷേപം ഉയർന്നത്. പരീക്ഷയുടെ തലേദിവസം യൂട്യൂബിൽ ചിലർ നടത്തിയ ചോദ്യപ്രവചനത്തിൽ 90 ശതമാനം ചോദ്യങ്ങളും അതേപടി പരീക്ഷക്കും ആവർത്തിച്ചതാണ് സംശയം ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.