മികച്ച പരിശീലനം നേടി കമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ) കരസ്ഥമാക്കാൻ പ്ലസ്ടുക്കാർക്ക് അവസരം. അമേത്തിയിലെ ഇന്ദിരഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി 2024 സെപ്റ്റംബറിൽ ആരംഭിക്കുന്ന സി.പി.എൽ കോഴ്സ് പ്രവേശനത്തിന് സമയമായി. വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. മൾട്ടി എൻജിൻ വിമാനങ്ങളിലാണ് പരിശീലനം.ഇതോടൊപ്പം താൽപര്യമുള്ളവർക്ക് മൂന്നുവർഷത്തെ ബി.എസ് സി ഏവിയേഷൻ കോഴ്സും ചെയ്യാനാകും.

സി.പി.എൽ കോഴ്സിൽ 125 സീറ്റുണ്ട് (ജനറൽ 49, എസ്.സി 19, എസ്.ടി 10, ഒ.ബി.സി-എൻ.സി.എൽ 34, ഇ.ഡബ്ല്യു.എസ് 13). പഠന കാലാവധി 24 മാസം. ജൂൺ മൂന്നിന് നടത്തുന്ന പ്രവേശന പരീക്ഷ വൈവ/ഇന്റർവ്യൂ, പൈലറ്റ് അഭിരുചി​ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കേരളത്തിൽ തിരുവനന്തപുരം പരീക്ഷകേന്ദ്രമാണ്.

യോഗ്യത: ഇംഗ്ലീഷ്, മാത്സ്, ഫിസിക്സ് വിഷയങ്ങൾക്ക് ഓരോന്നിനും 50 ശതമാനം മാർക്കിൽ കുറയാതെ (എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങൾക്ക് 45 ശതമാനം മതി) പ്ലസ്ടു വിജയിച്ചിരിക്കണം. 2024ൽ ഫൈനൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. പ്രവേശന സമയത്ത് 17 വയസ്സ് തികഞ്ഞിരിക്കണം. 28 വയസ്സ് കവിയരുത്. ഒ.ബി.സിക്കാർക്ക് 31, എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 33 വയസ്സുവരെയാകാം. 158 സെ.മീറ്ററിൽ കുറയാതെ ഉയരവും മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസും ഉണ്ടാകണം.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://igrua.gov.inൽ. അപേക്ഷഫീസ് 12,000 രൂപ. എസ്.സി/എസ്.ടിക്കാർക്ക് ഫീസില്ല. ഓൺലൈനായി മേയ് ഒമ്പതുവരെ അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ ജനറൽ ഇംഗ്ലീഷ്, മാത്സ്, ഫിസിക്സ്, റീസണിങ് ആൻഡ് കറന്റ് അഫയേഴ്സ് എന്നിവയിൽ ഒബ്ജക്ടിവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും. ഫീസ്: 45 ലക്ഷം രൂപ. വർഷത്തിൽ നാല് ഗഡുക്കളായി ഫീസ് അടക്കാം. ഇതിനുപുറമെ യൂനിഫോം, നാവിഗേഷൻ കമ്പ്യൂട്ടർ, ഹെഡ്ഫോൺ മുതലായ ഇനങ്ങളിൽ 2.5 ലക്ഷം രൂപ നൽകേണ്ടതുണ്ട്. സി.പി.എൽ നേടി വിമാനം പറത്തലിൽ കൂടുതൽ വൈദഗ്ധ്യം നേടുന്നവർക്ക് കമേഴ്ഷ്യൽ പൈലറ്റാകാം.

Tags:    
News Summary - Commercial Pilot License in Indira Gandhi Rashtriya Uran Akademi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.