പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അടുത്ത അധ്യയന വർഷം മൂന്നാം ക്ലാസ് മുതലുള്ള ക്ലാസുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ)പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. മൂന്നുവർഷത്തിനുള്ളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പുതിയ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകാനും പദ്ധതിയുണ്ട്. എ.ഐ ടൂൾ ഉപയോഗിക്കുന്നതിനാണ് അധ്യാപകർക്ക് പരിശീലനം നൽകുക. സി.ബി.എസ്.ഇ ആണ് സിലബസ് തയാറാക്കുക.
നിലവിൽ 18000 ത്തിലേറെ സി.ബി.എസ്.ഇ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ എ.ഐ നൈപുണ്യ വിഷയമായി പഠിപ്പിക്കുന്നുണ്ട്. ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഇത് ഓപ്ഷണൽ വിഷയവുമാണ്. സംസ്ഥാനത്തെ സ്കൂളുകളിൽ 2025-26 പാഠ്യപദ്ധതിയില്‍ ഐ.ടി. പഠനം പരിഷ്‌കരിച്ചിരുന്നു. ഈ വര്‍ഷം ഏഴാം ക്ലാസിലെ ഐ.സി.ടി. പുസ്തകത്തിലാണ് നിര്‍മിതബുദ്ധി പഠനവും ഉള്‍പ്പെടുത്തിയത്. മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന ഒരു എ.ഐ. പ്രോഗ്രാം കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന ഉള്ളടക്കത്തോടെയാണ് പാഠഭാഗം. ഈ പ്രോഗ്രാം വഴി ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴു ഭാവങ്ങള്‍വരെ കംപ്യൂട്ടറിനു തിരിച്ചറിയാം.
തന്ത്രപ്രധാനമായ പുനഃക്രമീകരണത്തിന് മുൻഗണന നൽകിയില്ലെങ്കിൽ നിലവിൽ 7.4 ദശലക്ഷമുള്ള ഇന്ത്യയിലെ ഐ.ടി തൊഴിലാളികളുടെ എണ്ണം 2030 ആകുമ്പോഴേക്കും ആറ് ദശലക്ഷമായി ചുരുങ്ങുമെന്ന് നീതി ആയോഗ് സി.ഇ.ഒ ബി.വി.ആർ. സുബ്രഹ്മണ്യം മുന്നറിയിപ്പ് നൽകി. ഏകദേശം രണ്ട് ദശലക്ഷം പരമ്പരാഗത ജോലികൾ ഇല്ലാതാകാനും സാധ്യതയുണ്ടെന്നും സുബ്രഹ്മണ്യം സൂചിപ്പിച്ചു. എന്നാൽ ശരിയായ ആവാസ വ്യവസ്ഥ സൃഷ്ടിച്ചാൽ എട്ട് ദശലക്ഷം പുതിയ റോളുകൾ ഉയർന്നുവരാനും സാധ്യതയുണ്ട്. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ് എന്നിവയിലെല്ലാം തൊഴിലവസരങ്ങൾ വർധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.