പാലക്കാട്: മെഡിക്കൽ വിദ്യാർഥികളുടെ പ്രായോഗിക പരിശീലനക്കാലത്തെ (ഇന്റേൺഷിപ് ) സ്റ്റൈപൻഡ് സ്വകാര്യ-സർക്കാർ ഭേദമന്യേ മെഡിക്കൽ കോളജുകളിൽ തുല്യമായി നൽകാനുള്ള നടപടിക്ക് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദേശം. മെഡിക്കൽ വിദ്യാർഥികളുടെ ഇന്റേൺഷിപ് സംബന്ധിച്ച് പുറത്തിറക്കിയ ചട്ടത്തിൽ ഇക്കാര്യം ഉൾപ്പെടുത്തണമെന്നാണ് ദേശീയ മെഡിക്കൽ കമീഷനോട് കഴിഞ്ഞ ദിവസം ഇമെയിൽ മുഖേന മന്ത്രാലയം നിർദേശിച്ചത്.
മെഡിക്കൽ വിദ്യാർഥികളുടെ സ്റ്റൈപൻഡ് അതത് സംസ്ഥാന സർക്കാർ, യൂനിവേഴ്സിറ്റി, സ്ഥാപനം എന്നിവർക്ക് നിശ്ചയിക്കാമെന്നായിരുന്നു നിലവിൽ വിജ്ഞാപനം ചെയ്ത ചട്ടത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. അതിനാൽ നിലവിൽ ചില പ്രൈവറ്റ് മെഡിക്കൽ സ്ഥാപനങ്ങളിൽ തുച്ഛ സ്റ്റൈപൻഡിനാണ് മെഡിക്കൽ വിദ്യാർഥികൾ പ്രായോഗിക പരിശീലനകാലാവധി പൂർത്തിയാക്കുന്നത്.
കഴിഞ്ഞ നാല് വർഷമായി മെഡിക്കൽ വിദ്യാർഥികളും ഹൗസ് സർജൻമാരും വിവേചന നിർദേശമുള്ള ചട്ടത്തിനെതിരെ നിരന്തരം പരാതിപ്പെട്ട് വരികയാണ്. അതേസമയം ബിരുദാനന്തര ബിരുദ മെഡിക്കൽ വിദ്യാർഥികൾക്കായി മെഡിക്കൽ കമീഷൻ കൊണ്ടുവന്ന ചട്ടത്തിൽ തുല്യവേതന നിർദേശം ഉണ്ടായിരുന്നു.
ആ ചട്ടത്തിലെ അന്ത:സത്ത , മെഡിക്കൽ വിദ്യാർഥികളുടെ സ്റ്റൈപൻഡ് സംബന്ധിച്ച് വിജ്ഞാപനം ചെയ്ത ‘കംപൾസറി റൊട്ടേറ്റിങ് മെഡിക്കൽ ഇന്റേൺഷിപ് റഗുലേഷൻസ് -2021’( സി.ആർ.എം.ഐ) എന്ന ചട്ടത്തിലും ഉൾപ്പെടുത്തണമെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യവിദ്യഭ്യാസ വിഭാഗം നിർദേശിച്ചത്. മലയാളിയായ ജനകീയാരോഗ്യ പ്രവർത്തകൻ ഡോ.കെ.വി.ബാബുവാണ് ഇക്കാര്യം നിരന്തരം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ പരാതിപ്പെട്ടിരുന്നത്. ഡോ. ബാബുവിന്റെ നിർദേശം പരിഗണിക്കണമെന്ന് മെഡിക്കൽ കമീഷന് നൽകിയ ഇ-മെയിൽ സന്ദേശത്തിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
2021 ജൂലൈ ഏഴിനാണ് നാഷണൽ മെഡിക്കൽ കമീഷനും അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ബോർഡും ചേർന്ന് കരട് ചട്ടം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്.
എല്ലാ വിദ്യാർഥികൾക്കും ഇന്റേൺഷിപ് സ്ഥാപനങ്ങളിൽ തുല്യ സ്റ്റൈപൻഡ് വേണമെന്ന് കരട് ചട്ടത്തിലുള്ള നിർദേശമായി ഡോ. ബാബു രേഖപ്പെടുത്തിയിരുന്നു. പിന്നീട് അന്തിമ വിജ്ഞാപനത്തിൽ ഡോ. ബാബുവിന്റെ നിർദേശം ഒഴിവാക്കി. ഇതിനെതിരെ നാഷനൽ മെഡിക്കൽ കമീഷനും തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രലായത്തിനും പരാതി നൽകി.
മൂന്നുവർഷങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് നാഷനൽ മെഡിക്കൽ കമീഷനോട് വിജ്ഞാപനത്തിൽ ഡോ.ബാബുവിന്റെ നിർദേശം പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഇ മെയിൽ സന്ദേശം മന്ത്രാലത്തിൽ നിന്ന് ലഭിച്ചത്. സ്റ്റൈപന്റ് ചട്ടമായ സി.ആർ.എം.ഐ ഭേദഗതി ചെയ്ത് നിർദേശം ഉൾപ്പെടുത്തിയാൽ സ്വകാര്യ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളോടുള്ള സ്റ്റൈപൻഡ് വിവേചനത്തിന് അറുതിയാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. കെ. വി. ബാബു‘ മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.