പ്ളസ് വണ്‍ ആദ്യ അലോട്ട്മെന്‍റ് തിങ്കളാഴ്ച; പ്രവേശം 22വരെ

തിരുവനന്തപുരം: പ്ളസ് വണ്‍ പ്രവേശത്തിന്‍െറ ആദ്യ അലോട്ട്മെന്‍റ് പട്ടിക തിങ്കളാഴ്ച രാവിലെ പ്രസിദ്ധീകരിക്കും. പട്ടികപ്രകാരമുള്ള വിദ്യാര്‍ഥിപ്രവേശം ജൂണ്‍ 20 മുതല്‍ 22വരെ നടക്കും. വിവരങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭ്യമാണ്. മന്ത്രിസഭാതീരുമാന പ്രകാരം 20 ശതമാനം വര്‍ധിപ്പിച്ചതടക്കമുള്ള സീറ്റുകളിലേക്കാണ് ആദ്യഘട്ട അലോട്ട്മെന്‍റ്്. അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ജൂണ്‍ 22ന് വൈകീട്ട് അഞ്ചിനുമുമ്പ് പ്രവേശം നേടണം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശം നേടാത്ത വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്‍റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശമോ സ്ഥിരപ്രവേശമോ നേടാം. താല്‍ക്കാലിക പ്രവേശത്തിന് ഫീസ് അടയ്ക്കേണ്ടതില്ല. താല്‍ക്കാലികപ്രവേശം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയുംചെയ്യാം. അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.  
സ്പോര്‍ടസ് ക്വോട്ട രണ്ടാം സ്പെഷല്‍ അലോട്ട്മെന്‍റ് ഫലം ജൂണ്‍ 21ന് രാവിലെ പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ 21നും 22നും ആയിരിക്കും. വെബ്സൈറ്റില്‍ അലോട്ട്മെന്‍റ് റിസല്‍റ്റിനൊപ്പം പ്രസിദ്ധീകരിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച് നിശ്ചിതസമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശനടപടികള്‍ പൂര്‍ത്തിയാക്കണം.
സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലാണ് ഇത്തവണ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചത്. ഇതുവഴി 61240 സീറ്റുകളാണ് വര്‍ധിക്കുന്നത്. സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളിലായി നിലവിലുള്ള 305800 സീറ്റുകള്‍ ഇതുവഴി 367040 ആയി വര്‍ധിക്കും. മുഖ്യഅലോട്ട്മെന്‍റുകള്‍ ജൂണ്‍ 29ന് അവസാനിക്കും. ജൂണ്‍ 30ന് ക്ളാസുകള്‍ തുടങ്ങും. അവശേഷിക്കുന്ന സീറ്റുകളിലേക്ക് സപ്ളിമെന്‍ററി അലോട്ട്മെന്‍റുകള്‍ നടത്തും. ആഗസ്റ്റ് ഒമ്പതിന് പ്രവേശനടപടികള്‍ അവസാനിപ്പിക്കണം. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.