കണ്ണിലുടക്കിയ പുതിയ ഡിസൈനിലുള്ള ഒരു വസ്ത്രമോ ആഭരണമോ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ആഘോഷങ്ങളില്‍ തിളങ്ങാന്‍ വ്യത്യസ്തമായെന്തെങ്കിലും പരീക്ഷിക്കാന്‍ മോഹം തോന്നാത്തവരുമുണ്ടാകില്ല. എങ്കില്‍ പുതുമയെ നെയ്യാന്‍ പോയാലോ... നിരന്തര മാറ്റത്തിന്‍െറ ഫാഷന്‍ ലോകത്തേക്ക് നിങ്ങളെയും വിളിക്കുന്നുണ്ട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുമായി സഹകരിച്ച് കേരള സര്‍ക്കാര്‍ ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി. ഐ.എഫ്.ടി.കെയില്‍ നടത്തുന്ന നാലു വര്‍ഷത്തെ (എട്ട് സെമസ്റ്റര്‍) ബാച്ലര്‍ ഓഫ് ഡിസൈന്‍ കോഴ്സ് പഠിക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. മേയ് 31 വരെയാണ് അപേക്ഷിക്കേണ്ടത്. 
നിങ്ങള്‍ക്കും അപേക്ഷിക്കാം
ഡിസൈനിങ്ങില്‍ ബിരുദം നേടാന്‍ 50 ശതമാനം മാര്‍ക്കോടെ പ്ളസ് ടു  (വി.എച്ച്.എസ്.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ), മൂന്നു വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ളോമ അല്ളെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി എട്ട് ശതമാനം, എസ്.ടി രണ്ട് ശതമാനം, ഒ.ബി.സി. 26 ശതമാനം എന്നിങ്ങനെയാണ് സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നത്. 
അഭിരുചി അറിയാം
ഫാഷന്‍ ലോകം താല്‍പര്യത്തിന്‍െറയാണ്. പുതിയ ആശയങ്ങള്‍ കണ്ടത്തൊനും പരീക്ഷിക്കാനുമുള്ള അഭിരുചിയില്ളെങ്കില്‍ കോഴ്സ് തെരഞ്ഞെടുപ്പ് പരാജയമായി മാറും. അതിനാല്‍ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഐ.എഫ്.ടി.കെയില്‍ പ്രവേശം ലഭിക്കുക. ജനറല്‍ എബിലിറ്റി ടെസ്റ്റ്, ക്രിയേറ്റിവ് എബിലിറ്റി ടെസ്റ്റ് എന്നിവയുണ്ടായിരിക്കും. ജനറല്‍ എബിലിറ്റി ടെസ്റ്റില്‍ ക്വാണ്ടിറ്റേറ്റിവ്, കമ്യൂണിക്കേഷന്‍, അനലറ്റിക്കല്‍ എബിലിറ്റി, ഇംഗ്ളീഷ് ആശയ സംഗ്രഹണം, പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍ എന്നിവയും ക്രിയേറ്റിവ് എബിലിറ്റിയില്‍ നിരീക്ഷണപാടവം, പുതിയ ആശയങ്ങള്‍, രൂപകല്‍പന എന്നിവയും പരിശോധിക്കും. 
അവസരങ്ങള്‍ അരികിലുണ്ട്
കോഴ്സ് പൂര്‍ത്തിയാക്കിയശേഷം അവസരങ്ങള്‍ക്ക് അലയേണ്ടിവരില്ളെന്നതാണ് ഐ.എഫ്.ടി.കെ നല്‍കുന്ന സുരക്ഷിതത്വം. ഐ.എഫ്.ടി.കെയിലെ പ്ളേസ്മെന്‍റ് സര്‍വിസ് സെല്ലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അന്താരാഷ്ട്ര കമ്പനികളില്‍വരെ അവസരം ലഭിക്കും. സ്വയംതൊഴില്‍ തേടുന്നവര്‍ക്കും സെല്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ഫാഷന്‍ ലോകത്തിനും ഉദ്യോഗാര്‍ഥിക്കുമിടയിലുള്ള പാലമായാണ് പ്ളേസ്മെന്‍റ് സെല്‍ പ്രവര്‍ത്തിക്കുക. 
സെല്ലിന്‍െറ നേതൃത്വത്തില്‍ പ്ളേസ്മെന്‍റ് വര്‍ക്ഷോപ്പുകളും സെമിനാറുകളും നടത്തും. 
മുന്‍ വര്‍ഷങ്ങളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മികച്ച കമ്പനികളില്‍ അവസരം ലഭിച്ചതായി കോഓഡിനേറ്റര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 
ഫീസ്
ട്യൂഷന്‍ ഫീസും ലൈബ്രറി ഫീസുമുള്‍പ്പെടെ 45,000 രൂപ. പ്രവേശസമയത്ത് 2000 രൂപ രജിസ്ട്രേഷന്‍ ഫീസും 5000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും അടക്കണം. സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കും. പ്രവേശം നേടി കോഴ്സ് ആരംഭിക്കുന്നതിനുമുമ്പ് മടങ്ങുന്നവര്‍ക്ക് ഫീസിന്‍െറ 50 ശതമാനം തിരികെ ലഭിക്കും. എന്നാല്‍, കോഴ്സ് ആരംഭിച്ചശേഷം പഠനം തുടരാത്തവര്‍ മുഴുവന്‍ ഫീസും അടക്കേണ്ടിവരും. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്. 
2016 ജൂണ്‍ ആദ്യവാരത്തില്‍ അഭിരുചി പരീക്ഷ നടക്കും. മൂന്നാം വാരം കോഴ്സ് ആരംഭിക്കും.  300 രൂപ ഡി.ഡി അയച്ചാല്‍ കൊല്ലം വെള്ളിമണ്‍ വെസ്റ്റിലെ ഐ.എഫ്.ടി.കെയില്‍നിന്ന് അപേക്ഷാഫോറം ലഭിക്കും. പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരള എന്ന വിലാസത്തിലാണ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് അയക്കേണ്ടത്. 
www.iftk.ac.in എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. 
പൂരിപ്പിച്ച അപേക്ഷാഫോറം 1200 രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം (ഫോറം ഡൗണ്‍ലോഡ് ചെയ്യുന്നവര്‍-1500) പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരള, വെള്ളിമണ്‍ വെസ്റ്റ്, കൊല്ലം, കേരള-691511 എന്ന വിലാസത്തില്‍ മേയ് 31നുമുമ്പ് അയക്കണം. ഫോണ്‍: 0474 2547775. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.