സ്വപ്നജോലിയിലേക്ക് ജാലകം തുറന്ന് ഐ.ഐ.എം

അവസരത്തിന്‍െറ പുതിയ വാതിലുകള്‍ തുറക്കുന്നതാണ് ബിസിനസ്, മാനേജ്മെന്‍റ് പഠനങ്ങള്‍. പഠിക്കുമ്പോള്‍ ജോലി ലഭിച്ച മിടുക്കരായ യുവാക്കളെ കോഴ്സ് പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍വരെ തയാറാകുന്നത് ഇതിന്‍െറ തെളിവാണ്. ശമ്പളവും ജീവിതസൗകര്യങ്ങളും സ്വപ്നതുല്യമാണ് മാനേജ്മെന്‍റ് ജോലികളില്‍. മാനേജ്മെന്‍റ് പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഭാരത സര്‍ക്കാര്‍ രൂപവത്കരിച്ച  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ എം.ബി.എ കോഴ്സിലേക്ക് യുവാക്കള്‍ ആകൃഷ്ടരാകുന്നതും ഇതുകൊണ്ടുതന്നെ. ഡോക്ടറല്‍, പി.ജി, എക്സിക്യൂട്ടിവ് എജുക്കേഷന്‍ പ്രോഗ്രാമുകളാണ് സ്വയംഭരണസ്ഥാപനമായ ഐ.ഐ.എമ്മുകളിലുള്ളത്. നിലവില്‍ 19 ഐ.ഐ.എമ്മുകളാണുള്ളത്. കേരളത്തില്‍ കോഴിക്കോട് കുന്ദമംഗലത്താണ് ഐ.ഐ.എം സ്ഥിതിചെയ്യുന്നത്. രാജ്യത്തിനകത്ത്  വര്‍ഷത്തില്‍ 56 ലക്ഷം രൂപ വരെയും പുറത്ത് 1.1 കോടി രൂപ വരെയും ശമ്പളം ലഭിക്കുന്ന ഐ.ഐ.എം എം.ബി.എ ബിരുദധാരികളുണ്ട്.  രണ്ടു വര്‍ഷം നീളുന്ന എം.ബി.എ കോഴ്സില്‍ പ്രവേശം നേടുന്നതിന് ഇപ്പോള്‍ ഐ.ഐ.എം കാറ്റ് ടെസ്റ്റ് നടത്തുകയാണ്.

മാറ്റങ്ങളോടെ ക്യാറ്റ്

ക്യാറ്റ് ഇത്തവണ നവംബര്‍ 29 ഞായറാഴ്ചയാണ് . മാറ്റങ്ങളോടെയാണ് ഇത്തവണ പ്രവേശപരീക്ഷ നടത്തുന്നത്.
മാറ്റങ്ങള്‍

•രണ്ടുവിഭാഗങ്ങളിലായി നടത്തുന്ന പരീക്ഷ ഇത്തവണ ഒറ്റദിവസമാണുണ്ടാവുക.

•ഡാറ്റ ഇന്‍റര്‍പ്രട്ടേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ് (ഡി.ഐ.എല്‍.ആര്‍) ഉള്‍പ്പെടുത്തും. ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, വെര്‍ബല്‍ ആന്‍ഡ് റീഡിങ് കോംപ്രഹെന്‍ഷന്‍ തുടങ്ങിയ സെക്ഷനുകളാണ് ഇതുവരെ പരീക്ഷക്കുണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം ക്വാണ്ടിറ്റേറ്റിവ് പരീക്ഷക്കൊപ്പമാണ് ഡാറ്റ ഇന്‍റര്‍പ്രട്ടേഷന്‍ ഉള്‍പ്പെടുത്തിയിരുന്നത്.

•പരീക്ഷയുടെ സമയം 170ല്‍നിന്ന് 180 മിനിറ്റാക്കും. മൂന്നുവിഭാഗത്തിനും തുല്യസമയം (60 മിനിറ്റ്) അനുവദിക്കുന്നതിനുവേണ്ടിയാണ് സമയപരിധി കൂട്ടിയത്. സമയം കഴിഞ്ഞാല്‍ ആ സെക്ഷനിലെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയില്ല. കഴിഞ്ഞവര്‍ഷം വരെ ഇത്തരത്തില്‍ സമയക്രമം നിശ്ചയിച്ചിരുന്നില്ല.

•മള്‍ട്ടിപ്പ്ള്‍ ചോയ്സ് ക്വസ്റ്റ്യനില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ചില ചോദ്യങ്ങള്‍ക്ക് നേരിട്ട് ഉത്തരം നല്‍കേണ്ടിവരും. ഓപ്ഷനുകളുണ്ടായിരിക്കില്ല.
ആഗസ്റ്റ് ആറുമുതല്‍ ക്യാറ്റിന് അപേക്ഷിക്കാനുള്ള സമയമാണ്. സെപ്റ്റംബര്‍ 20ാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദം/ തത്തുല്യം. അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ പ്രവേശസമയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാല്‍ മതി.
എങ്ങനെ അപേക്ഷിക്കാം:136 നഗരങ്ങളിലായി 650 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. അപേക്ഷകന് നാലു നഗരങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. ഇതിലൊന്ന് എക്സാം സെന്‍ററായി അനുവദിക്കും.
 ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് സംവിധാനം വഴിയോ ഓണ്‍ലൈനായി ഫീസടക്കാം.
www. iimcat.ac.in എന്ന വെബ്സൈറ്റില്‍ ആഗസ്റ്റ് 6നുശേഷം ഓണ്‍ലൈനായി അപേക്ഷിക്കാം. ഒക്ടോബര്‍ 15 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാസഹായികളും ഒക്ടോബര്‍ 15 മുതല്‍ വെബ്സൈറ്റില്‍നിന്നും ലഭിക്കും.
ഫീസ്: പ്രവേശം ലഭിച്ചാല്‍ വിദ്യാര്‍ഥികള്‍ ഫീസ് നല്‍കേണ്ടതുണ്ട്. ഫീസ് നിരക്ക് ഓരോ സ്ഥാപനത്തിനും വ്യത്യസ്തമാണ്. നാലു ലക്ഷം മുതല്‍ 10 ലക്ഷം വരെ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്. കോഴിക്കോട് ഐ.ഐ.എമ്മില്‍ 300 സീറ്റുകളാണ് നിലവിലുള്ളത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.