കേരളയില്‍ പി.ജി പ്രവേശം: അപേക്ഷ 22 വരെ

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകള്‍ 2015-17 അധ്യയനവര്‍ഷം നടത്തുന്ന ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശപരീക്ഷ മേയ് 23 മുതല്‍  തിരുവനന്തപുരത്ത് തുടങ്ങും. വിവിധ വിഷയങ്ങളില്‍ എം.എ/ എം.എസ്സി/ എം.കോം/ എം.എഡ്/ എം.എല്‍.ഐ.എസ്സി/ എം.സി.ജെ/ എല്‍എല്‍.എം/ എം.എസ്.ഡബ്ള്യു തുടങ്ങിയ കോഴ്സുകളിലാണ് പ്രവേശം.  എന്‍ട്രന്‍സ് പരീക്ഷയുടെയും അക്കാദമിക് യോഗ്യതാ പരീക്ഷയുടെയും മാര്‍ക്ക് 50:50 എന്ന അനുപാതത്തില്‍ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസ് 510 രൂപ. പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്ക് 260 രൂപ. ഒന്നിലധികം പി.ജി പ്രോഗ്രാമുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് ഓരോ കോഴ്സിനും 50 രൂപ (പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്ക് 25 രൂപ) അധികമായി നല്‍കണം.
രണ്ടുവര്‍ഷത്തെ റെഗുലര്‍ എം.എ പ്രോഗ്രാമില്‍ ഇംഗ്ളീഷ്, ഫിലോസഫി, ആര്‍ക്കിയോളജി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, ഹിന്ദി, മലയാളം, ലിംഗ്വിസ്റ്റിക്സ്, അറബിക്, ഇസ്ലാമിക് ഹിസ്റ്ററി, സംസ്കൃതം, തമിഴ്, ജര്‍മന്‍, റഷ്യന്‍, മ്യൂസിക് വിഷയങ്ങളിലും രണ്ടു വര്‍ഷത്തെ റെഗുലര്‍ എം.എസ്സി കോഴ്സില്‍ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ്, ബയോകെമിസ്ട്രി, ബോട്ടണി, കെമിസ്ട്രി, ഡെമോഗ്രാഫി, ആക്ച്യൂറിയല്‍ സയന്‍സ്, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ഇന്‍റഗ്രേറ്റിവ് ബയോളജി, ബയോടെക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടേഷനല്‍ ബയോളജി എന്‍വയണ്‍മെന്‍റല്‍ സയന്‍സ് വിഷയങ്ങളിലുമാണ് പഠനാവസരം. സര്‍വകലാശാല വെബ്സൈറ്റ് വഴി ഏപ്രില്‍ 22 വരെ അപേക്ഷിക്കാം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.