ന്യൂഡൽഹി: 10, 12 ക്ലാസുകളിൽ പൊതുപരീക്ഷ ഒരു വർഷംതന്നെ രണ്ടു തവണയായി നടത്തുന്നത് നിർബന്ധമാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനാണ് വർഷം രണ്ടു തവണ പൊതുപരീക്ഷ നടത്താൻ തീരുമാനിച്ചതെന്നും 2024 മുതൽ ഇത് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷയെ പേടിക്കുകയല്ല, തോൽപിക്കുകയാണ് വിദ്യാർഥികൾ ചെയ്യേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആഗസ്റ്റിൽ പ്രഖ്യാപിച്ച പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിലാണ് 10ലും 12ലും വർഷംതോറും രണ്ടു പൊതുപരീക്ഷകൾ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചത്. മികച്ച പ്രകടനത്തിന് വിദ്യാർഥികൾക്ക് സമയവും അവസരവും നൽകുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ പോലെ വിദ്യാർഥികൾക്ക് ഒരു വർഷം രണ്ടു തവണ പൊതുപരീക്ഷ എഴുതാൻ അവസരം ലഭിക്കണം എന്നാണ് അതുകൊണ്ടുദ്ദേശിച്ചത്. എന്നാൽ, അത് ഐച്ഛികം മാത്രമാണെന്നും നിർബന്ധമല്ലെന്നും മന്ത്രി വ്യക്തത വരുത്തി.
ആദ്യപരീക്ഷയിൽ കിട്ടിയ മാർക്കിൽ വിദ്യാർഥി സംതൃപ്തനായാൽ രണ്ടാം പരീക്ഷ അവന് എഴുതാതിരിക്കാം. വിദ്യാർഥികളിൽനിന്ന് മികച്ച പ്രതികരണമാണ് രണ്ടു പരീക്ഷക്ക് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിദേശ സർവകലാശാലകളുടെ കാമ്പസുകൾ ഇന്ത്യയിൽ തുടങ്ങുന്നതിനും ഡൽഹി, മദ്രാസ് ഐ.ഐ.ടികളുടെ ഓഫ്ഷോർ കാമ്പസുകൾ ആരംഭിക്കുന്നതിനുമുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കർണാടക, പശ്ചിമ ബംഗാൾ സർക്കാറുകൾ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് നടപ്പാക്കാത്തത് രാഷ്ട്രീയമാണെന്നും ധർമേന്ദ്ര പ്രധാൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.