മധ്യവേനലവധിക്കായി വിദ്യാലയങ്ങൾ പൂട്ടുന്നതിന് മുമ്പേതന്നെ, മാർച്ച് അവസാനത്തോടെ കേരളത്തിൽ ചൂട് തുടങ്ങി. കേരളം മാത്രമല്ല, മിക്ക സംസ്ഥാനങ്ങളുമിപ്പോൾ കൊടും ചൂടിൽ വലയുകയാണ്. കേരളത്തിൽ പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രിക്ക് മുകളിലെത്തി. ഉത്തരേന്ത്യയിൽ 45 ഡിഗ്രിക്കും മുകളിലാണ് താപനില. മിക്ക സംസ്ഥാനങ്ങളും ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്.
കേരളത്തിൽ വേനൽ അവധിക്കാലം ഏപ്രിൽ പകുതിയോടെ തുടങ്ങി മേയ് മാസത്തോടെ അവസാനിക്കും. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ അതല്ല സ്ഥിതി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി മേയ് പകുതിയോടെയാണ് ചൂട് കനക്കുന്നതെങ്കിൽ ഇപ്പോൾ ഏപ്രിൽ ആദ്യവാരം തന്നെ കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. കനത്ത വെയിലിൽ പുറത്തെ ജോലി സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും സ്കൂൾ സമയങ്ങളിൽ മാറ്റം വരുത്താൻ പലരും തയാറായിട്ടില്ല. കൊടും ചൂടിൽ കൊച്ചുകുട്ടികൾ രോഗബാധിതരാകാൻ സാധ്യതയേറെയാണ്. സൂര്യാതപം ഏൽക്കുന്നതും ശരീരത്തിൽ അലർജിയുണ്ടാകുന്നതും നിത്യസംഭവങ്ങളായി മാറി. കൊടും ചൂടിൽ കൊച്ചുകുട്ടികൾ രോഗബാധിതരാകാൻ സാധ്യതയുള്ളതിനാൽ സ്കൂളുകൾക്ക് വേനൽക്കാല അവധി നേരത്തെ പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് മിക്ക മാതാപിതാക്കളും അഭിപ്രായപ്പെടുന്നു. താപനില കുതിച്ചുയരുന്നതിനാൽ നിരവധി സംസ്ഥാനങ്ങൾ സ്കൂളുകൾക്ക് വേനൽക്കാല അവധികൾ ഷെഡ്യൂളിന് മുമ്പായി പ്രഖ്യാപിച്ചു തുടങ്ങി.
സ്കൂൾ അവധി മാറ്റുന്നതിനെ ചൊല്ലി കേരളത്തിൽ പലപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. കനത്ത മഴയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ആ ചർച്ചകളെല്ലാം. സ്കൂള്‍ അവധിക്ക് കടുത്ത ചൂടുള്ള മേയ് മാസവും കൂടുതല്‍ മഴയുള്ള ജൂണ്‍ മാസവും പരിഗണിക്കണമെന്നായിരുന്നു ആ സമയത്തെ ആവശ്യം. എന്നാൽ, മേയ് തുടങ്ങുന്നതിന് മുമ്പുതന്നെ കേരളത്തിൽ ചൂട് കനത്തു. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് മാർച്ച് അവസാനത്തോടെതന്നെ ചൂട് തുടങ്ങി. ഏപ്രിൽ അവസാനത്തോടെ 40 ഡിഗ്രിക്ക് മുകളിലാണ് മിക്ക ജില്ലകളും.
കുട്ടികൾ മാത്രമല്ല, മുതിർന്നവരും പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. സൂര്യാതപം ദൈനംദിന സംഭവമായി. നിർജലീകരണത്തെ തുടർന്ന് കുഴഞ്ഞുവീഴുന്നവർ വേറെ. അൾട്രാവയലറ്റ് ഇൻഡക്സ് മുന്നറിയിപ്പാണ് മറ്റൊന്ന്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ അളവ് ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കും.
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി ഉത്തരവിറക്കിയിരുന്നു. രണ്ട് മാസത്തേക്കാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയത്തിൽ മാറ്റം വരുത്തിയത്. രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തുകയായിരുന്നു. ഷിഫ്റ്റ് ഉച്ച 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്നുമണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം.
വേനൽ അവധിക്കാലത്ത് എല്ലാത്തരം അക്കാദമിക് പ്രവർത്തനങ്ങളും നിരോധിച്ച് കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഉഷ്ണതരംഗ സമയത്ത് നിയന്ത്രണ ലംഘനങ്ങളും കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളും ചൂണ്ടിക്കാട്ടി, പ്രത്യേക ക്ലാസുകൾ നടത്തുന്നതിനെതിരെ അധികൃതർ സ്കൂളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്കണവാടി കുട്ടികൾക്ക് കഴിഞ്ഞയാഴ്ച മുതൽ അവധി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തെ സ്കൂളുകളിലെ എല്ലാ ക്ലാസ് മുറികളിലും എ.സിയാക്കുക എന്നത് പ്രായോഗികമല്ല. ഫാനുകളുണ്ടെങ്കിലും ഈ ചൂടിന് അതൊരു പരിഹാരമാർഗവുമല്ല. മാത്രമല്ല, കുട്ടികളെ ഇന്റർവെൽ സമയങ്ങളില്ലാതെ ക്ലാസ് മുറികളിൽ പിടിച്ചിരുത്തുക എന്നതും സാധ്യമല്ല. അവധിക്കാലത്താകട്ടെ, എത്ര നിർദേശം നൽകിയാലും വീടിന് പുറത്തിറങ്ങിയാൽ കുട്ടികൾ എല്ലാം മറക്കും. നട്ടുച്ചക്ക് പോലും ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാനും അവർ മടിക്കില്ല. വേനലിലും മഴയിലും ഇൻഡോർ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് അതിനൊരു മാർഗം. അധ്യാപകർക്ക് എല്ലാ കുട്ടികളെയും ഒരുപോലെ നിയന്ത്രിച്ച് നിർത്താൻ സാധിക്കില്ല. പല കുട്ടികളും ആവശ്യത്തിന് വെള്ളം കുടിക്കില്ല. ഇനി തണുത്ത വെള്ളം പുറത്തുനിന്നും മറ്റും കുടിച്ചാൽ തന്നെ, മഞ്ഞപ്പിത്തവും മറ്റു സാംക്രമിക രോഗങ്ങളും പിറകെ വരും. അതിനാൽ, പരമാവധി വീടുകൾക്കുള്ളിൽ ഏപ്രിൽ- മേയ് മാസങ്ങളിൽ കഴിച്ചുകൂട്ടുക എന്നതാണ് പ്രായോഗിക മാർഗം.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാരുകൾ സാധാരണയായി മേയ് പകുതി മുതൽ ജൂൺ അവസാനം വരെയാണ് വേനൽക്കാല അവധി ഷെഡ്യൂൾ ചെയ്യുന്നത്. വേനൽക്കാലം വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആരംഭിക്കുന്ന ദക്ഷിണേന്ത്യയിൽ, സ്കൂളുകളിൽ അവധിക്കാലം ഏപ്രിൽ മുതൽ ആരംഭിച്ച് മേയ് അവസാനം അവസാനിക്കും.
2026ലെ ആഗോള താപനില റാങ്കിങ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95 എണ്ണവും ഇന്ത്യയിലാണ്. നിരവധി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഇതിനകം മുന്നറിയിപ്പ് നൽകി. ഉഷ്ണതരംഗ സാധ്യതയും ചൂണ്ടിക്കാട്ടുന്നു.
വടക്കേ ഇന്ത്യയിൽ ഏപ്രിലിൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. ഇത് ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകും. മിക്ക സംസ്ഥാനങ്ങളിലും ഉഷ്ണതരംഗങ്ങൾ അനുഭവപ്പെടുന്നു. സമീപ വർഷങ്ങളിൽ ഇത് ഒരു സാധാരണ സംഭവമാണ്. വേനൽക്കാല അവധി ദിവസങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുപകരം വാർഷിക അവധിക്കാല ഷെഡ്യൂൾ പുനഃക്രമീകരിക്കണമെന്നാണ് ആവശ്യം.
ഇന്ത്യൻ സ്കൂളുകൾ വർഷത്തിൽ ഏകദേശം 250 ദിവസമാണ് പ്രവർത്തിക്കുന്നത്. അതിൽതന്നെ കാലാവസ്ഥ വ്യതിയാനവും പ്രകൃതി ക്ഷോഭവും മറ്റു കാരണങ്ങളാലും പ്രവൃത്തി ദിനങ്ങൾ വീണ്ടും കുറയുന്നു. കേരളത്തിൽ മഴക്കാലത്ത് പ്രഖ്യാപിക്കുന്ന അവധികൾക്ക് പകരമായി ശനിയാഴ്ച ക്ലാസ് നടത്തുകയാണ് പതിവ്. അതേ മാർഗം തന്നെ കടുത്ത വേനലിലും തുടരേണ്ടിവരും. കൂടാതെ പകൽ സമയത്ത് കുറഞ്ഞ ചൂടുള്ള സമയങ്ങളിൽ സ്കൂളുകൾ പ്രവർത്തിപ്പിക്കുക എന്നതാണ് പ്രായോഗികമായ മറ്റൊരു പരിഹാരം. മിക്ക സംസ്ഥാനങ്ങളും അത്തരമൊരു രീതി സ്വീകരിച്ചുകഴിഞ്ഞു. മധ്യപ്രദേശിൽ സ്കൂൾ സമയം പരിഷ്കരിക്കുകയും ഉച്ചക്ക് മുമ്പ് ക്ലാസുകൾ അവസാനിപ്പിക്കുന്ന രീതിയിൽ പുനക്രമീകരിക്കുകയും ചെയ്തു.
കൂടാതെ സ്കൂളുകളിൽ കുട്ടികളിലെ നിർജലീകരണം ഒഴിവാക്കാൻ, വെള്ളം കുടിക്കാൻ ഓർമിപ്പിക്കുന്നതിനായി ‘വാട്ടർ ബെല്ലുകൾ’ സ്ഥാപിക്കാം. കോവിഡ് 19 മുതൽ, എല്ലാ സ്കൂളുകളും ഹൈബ്രിഡ് മോഡിൽ പ്രവർത്തിക്കാൻ സജ്ജമാണ്. കാലാവസ്ഥ വെല്ലുവിളി ഉയർത്തുമ്പോൾ അത്തരം ബദൽ മാർഗങ്ങൾ തേടാൻ തയാറാകണം.
ഒരു വർഷം നീണ്ടുനിന്ന പഠനത്തിന് ശേഷം കുട്ടികൾക്ക് മാനസിക വിശ്രമം ആവശ്യമുള്ളതിനാൽ അവധിക്കാലം അനിവാര്യമാണ്. കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു, അതിനെ കുറ്റപ്പെടുത്താൻ കഴിയില്ല. മഴയും വെയിലും മാറി മാറി വരും. അതിനെ എങ്ങനെ നേരിടാൻ കഴിയുമെന്ന് ചിന്തിക്കാൻ കഴിയണം. ഹൈബ്രിഡ് പഠനരീതികളാണ് അതിൽ സ്വീകരിക്കാൻ ഏറ്റവും എളുപ്പമാർഗം. കുട്ടികളുടെ സുരക്ഷക്കായി സംസ്ഥാന സർക്കാരും സ്കൂളുകളും രക്ഷിതാക്കളോടൊപ്പം തുല്യ പങ്കാളികളാണ്. കുട്ടികൾ കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരയാകുന്നില്ല എന്ന് ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.