2030 ഓടെ വനിതാ തൊഴിൽ ശക്തി 30 ശതമാനമായി വർധിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്.ബി.ഐ. മുൻനിരയിലുള്ള ജീവനക്കാരിൽ 33 ശതമാനം വനിതകളാണെങ്കിലും മൊത്തം കണക്ക് നോക്കുമ്പോൾ ഇത് 27 ശതമാനം മാത്രമേ വരൂ. ഈ കണക്കുകൾ മെച്ചപ്പെടുത്താനാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും എസ്.ബി.ഐ എച്ച്.ആർ.ആന്‍റ് സി.ഇ.ഒ കിഷോർ കുമാർ പൊലുഡാസു പറഞ്ഞു.
2.4 ലക്ഷം ജീവനക്കാരുള്ള എസ്.ബി.ഐ ആണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനം. എല്ലാ തലങ്ങളിലും സ്ത്രീകൾ അഭിവൃദ്ധി നേടുന്ന ഒരു തൊഴിലിടം ഉണ്ടാക്കിയെടുക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ടാർഗറ്റഡ് പ്രോഗ്രാമുകളിലൂടെ നേതൃത്വവും തൊഴിൽ ജീവിത സന്തുലിതാവസ്ഥയും തൊഴിലിടത്തിലെ അന്തസ്സും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോലി ചെയ്യുന്ന അമ്മമാർക്ക് ക്രെഷ് അലവൻസ്, ഫാമിലി കണക്ട് പ്രോഗ്രാമുകൾ, പ്രസവ ശേഷം ജോലിയിൽ പ്രവേശിക്കുന്ന സ്ത്രീകൾക്ക് പരിശീലനം എന്നിങ്ങനെ എസ്.ബി.ഐ സ്ത്രീകൾക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികൾ അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ, നേതൃത്വപരമായ റോളുകളിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനും ഭാവിയിലെ മികച്ച വനിതാ എക്സിക്യൂട്ടീവുകളുടെ ശക്തമായ ശൃംഖല കെട്ടിപ്പടുക്കുന്നതിനുമായി ഘടനാപരമായ നേതൃത്വ ലാബുകളിലൂടെയും പരിശീലന സെഷനുകളിലൂടെയും സ്ത്രീകളെ നേതൃത്വത്തിലേക്ക് കൊണ്ടു വരുന്നതിനും, മാർഗനിർദേശം നൽകുന്നതിനും, പരിശീലിപ്പിക്കുന്നതിനുമുള്ള മുൻനിര സംരംഭമായ 'എംപവർ ഹെർ' പദ്ധതിയെക്കുറിച്ചും പരാമർശിച്ചു.
വനിതാ ജീവനക്കാരുടെ സവിശേഷമായ ആരോഗ്യ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, സ്തന, ഗർഭാശയ കാൻസർ പരിശോധനകൾ, ഗർഭിണികൾക്കുള്ള പോഷകാഹാര അലവൻസുകൾ, സെർവിക്കൽ കാൻസർ വാക്സിനേഷൻ ഡ്രൈവ് തുടങ്ങിയ കേന്ദ്രീകൃത പരിപാടികൾ ബാങ്ക് അവതരിപ്പിച്ചു.
രാജ്യത്തുടനീളം സ്ത്രീകൾ മാത്രം കൈകാര്യം ചെയ്യുന്ന 340-ലധികം ശാഖകൾ എസ്.ബി.ഐയ്ക്കുണ്ടെന്നും ഭാവിയിൽ ഈ എണ്ണം വർദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആസ്തി വലുപ്പത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച 50 ബാങ്കുകളിൽ ഒന്നാണ് എസ്.ബി.ഐ. വിവിധ സ്ഥാപനങ്ങൾ മികച്ച തൊഴിൽ ദാതാവായി ബാങ്കിനെ അംഗീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.