വിദേശത്ത് എം.ബി.ബി.എസ് പഠിച്ചവര്‍ക്കുള്ള സ്ക്രീനിങ് ടെസ്റ്റ് എടുത്തുകളയാന്‍ ശിപാര്‍ശ

ന്യൂഡല്‍ഹി: വിദേശത്ത് എം.ബി.ബി.എസ് പഠനം നടത്തിയ ഡോക്ടര്‍മാര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് സ്ക്രീനിങ് ടെസ്റ്റ് എടുത്തുകളയാന്‍ ശിപാര്‍ശ. രാജ്യത്ത് ആവശ്യത്തിന് ഡോക്ടര്‍മാരില്ളെന്ന സാഹചര്യം പരിഗണിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ച ശിപാര്‍ശ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിഗണനയിലാണ്. രാജ്യത്ത് ആറു  ലക്ഷം ഡോക്ടര്‍മാരുടെ കുറവുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍െറ കണക്ക്. റഷ്യ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ എം.ബി.എസ് പഠിച്ചുവന്നവര്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേഷന്‍ എക്സാമിനേഷന് ഹാജരാകണം.

മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരമുള്ള പ്രസ്തുത പരീക്ഷ പാസായാല്‍ മാത്രമേ ഇവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതിയുള്ളൂ. പരീക്ഷ എടുത്തുകളയാനും വിദേശത്തുനിന്ന് എം.ബി.ബി.എസ് പാസായത്തെുന്ന എല്ലാവര്‍ക്കും പ്രാക്ടീസ് ചെയ്യാനും അനുമതി നല്‍കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍െറ നിലപാട്. അങ്ങനെ ചെയ്താല്‍ നിലവില്‍ വിദേശത്ത് പഠിച്ച് അവിടത്തെന്നെ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്‍െറ പ്രതീക്ഷ. എല്ലാവര്‍ക്കും പ്രാക്ടീസ് അനുമതി നല്‍കുമ്പോള്‍ ആതുരസേവനത്തിന്‍െറ ഗുണമേന്മയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക  ഉയരുന്നുണ്ട്.  2002ല്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേഷന്‍ എക്സാമിനേഷന്‍ നിലവില്‍വന്നശേഷം 29,968 പേര്‍ പ്രസ്തുത പരീക്ഷയെഴുതിയെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന കണക്ക്. ഇതില്‍ 3610 പേര്‍ മാത്രമാണ് പാസായത്. വിദേശരാജ്യങ്ങളിലെ എം.ബി.ബി.എസ് പഠനത്തിന്‍െറ നിലവാരവും പ്രായോഗിക പരിചയവും ഇന്ത്യയിലേതിനെ അപേക്ഷിച്ച് കുറവാണെന്ന വാദവുമുണ്ട്. 

വിദേശത്തെയും ഇന്ത്യയിലെയും പഠനരീതിയും സിലബസും തമ്മിലെ  അന്തരമാണ് സ്ക്രീനിങ് ടെസ്റ്റില്‍ മഹാഭൂരിപക്ഷവും പരാജയപ്പെടാനുള്ള കാരണമെന്ന മറുവാദവുമുണ്ട്. അതേസമയം,  വിദേശ എം.ബി.ബി.എസ് ബിരുദധാരികളെ സ്ക്രീനിങ് ടെസ്റ്റ് ഇല്ലാതെ പ്രാക്ടീസിന് അനുവദിച്ചാലും ഡോക്ടര്‍മാരുടെ ക്ഷാമം തീരുമോയെന്നതിലും ആശങ്കയുണ്ട്. നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ് ഡോക്ടര്‍മാരുടെയും ചികിത്സാ സംവിധാനങ്ങളുടെയും കുറവ് കാര്യമായി അനുഭവപ്പെടുന്നത്. ഗ്രാമങ്ങളില്‍ ചെന്ന് ജോലി ചെയ്യാനുള്ള താല്‍പര്യക്കുറവില്‍ നാട്ടില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരും വിദേശത്ത് പഠിക്കുന്നവരും തമ്മില്‍ വ്യത്യാസമില്ല.  
 അതേസമയം, സ്ക്രീനിങ് ടെസ്റ്റ് ഇല്ലാതാകുന്നത് രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ തലവരി കൊള്ളക്ക് തിരിച്ചടിയാകും. ഇന്ത്യയില്‍ നല്‍കുന്ന കോഴപ്പണത്തിന്‍െറ ചെറിയൊരു വിഹിതം കൊണ്ട് വിദേശപഠനം പൂര്‍ത്തിയാക്കാം.
Tags:    
News Summary - mbbs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.