ചില തൊഴിലുകളുണ്ട്, അവ കേവലം ഉപജീവന മാർഗങ്ങളല്ല, മറിച്ച് സമൂഹത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്ന ദൗത്യങ്ങളാണ്. അങ്ങനെയൊന്നാണ് നിയമജ്ഞന്റെ കുപ്പായം. അവിടെ വാക്ക് വാളാണ്, യുക്തി കവചമാണ്, നീതിബോധം കിരീടമാണ്. വി.ആർ. കൃഷ്ണയ്യരെയും നാനി പാൽക്കിവാലയെയും പോലുള്ള ഇതിഹാസങ്ങൾ നിയമത്തെ കേവലം തൊഴിലായി കണ്ടില്ല. സാമൂഹിക മാറ്റത്തിനുള്ള ആയുധമായാണ് അവർ അതിനെ ഉപയോഗിച്ചത്. ആ പാത പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് നിയമ പഠനത്തിന്റെയും കരിയറിന്റെയും ലോകം തെരഞ്ഞെടുക്കാം. ഭാഷാ സ്വാധീനം, വിശകലന ശേഷി, ഗവേഷണ മനോഭാവം, യുക്തിബോധവും ചിന്താശേഷിയും, സ്ഥിരോത്സാഹം, സഹാനുഭൂതിയും ആളുകളെ മനസ്സിലാക്കാനുള്ള കഴിവും, സത്യസന്ധതയും ധാർമിക ബോധവും തുടങ്ങിയവ ഒരു നിയമവിദഗ്ദ്ധൻ സ്വായത്തമാക്കേണ്ട ചില അടിസ്ഥാന കഴിവുകളാണ്.
വിദ്യാഭ്യാസവും അധിക യോഗ്യതകളും
എൽഎൽ.ബി ബിരുദമാണ് നിയമരംഗത്തെ അടിസ്ഥാന യോഗ്യത. എന്നാൽ, ഇന്നത്തെ മത്സര ലോകത്ത് വേറിട്ടുനിൽക്കാൻ ചില അധിക യോഗ്യതകൾ നേടുന്നത് പ്രയോജനകരമാണ്.
● എൽ.എൽ.എം: കോർപറേറ്റ് നിയമം, ബൗദ്ധിക സ്വത്തവകാശം, മനുഷ്യാവകാശം തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ആഴത്തിൽ അറിവ് നേടാൻ എൽഎൽ.എം. സഹായിക്കും. അധ്യാപന രംഗത്തേക്കും ഗവേഷണത്തിലേക്കും കടക്കാൻ ഇത് നിർബന്ധമാണ്.
● ഡിപ്ലോമ കോഴ്സുകൾ: സൈബർ നിയമം, ടാക്സേഷൻ, ലേബർ നിയമങ്ങൾ, മീഡിയേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഒരു വർഷത്തെ പി.ജി. ഡിപ്ലോമ കോഴ്സുകൾ നിങ്ങളുടെ ബയോഡാറ്റക്ക് കൂടുതൽ മൂല്യം നൽകും.
● കമ്പനി സെക്രട്ടറി: നിയമ ബിരുദത്തോടൊപ്പം കമ്പനി സെക്രട്ടറി കോഴ്സ് പൂർത്തിയാക്കുന്നത് കോർപറേറ്റ് ലോകത്ത് നിങ്ങൾക്ക് വലിയ അവസരങ്ങൾ തുറന്നുതരും.
● വിദേശ യോഗ്യതകൾ: പ്രശസ്തമായ വിദേശ സർവകലാശാലകളിൽ നിന്ന് എൽഎൽ.എം നേടുന്നത് അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളിലും സംഘടനകളിലും ജോലി ലഭിക്കാൻ സഹായിക്കും.
സ്ഥാപനങ്ങളും പ്രവേശന വഴികളും
ഇന്ത്യയിലെ നിയമ പഠനത്തിന് ഏറ്റവും മികച്ച സൗകര്യങ്ങളും അവസരങ്ങളും നൽകുന്നത് ദേശീയ നിയമ സർവകലാശാലകളാണ് (എൻ.എൽ.യു). ഇവ കൂടാതെ മറ്റ് പ്രശസ്തമായ സർവകലാശാലകളും സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്.
പ്രധാന ദേശീയ പ്രവേശന പരീക്ഷകൾ:
1. ക്ലാറ്റ് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്)
ഇന്ത്യയിലെ 24 ദേശീയ നിയമ സർവകലാശാലകളിലേക്ക് പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയാണിത്. പല പ്രമുഖ സ്വകാര്യ സർവകലാശാലകളും ഈ സ്കോർ അംഗീകരിക്കുന്നു.
● കോഴ്സുകൾ: പഞ്ചവത്സര സംയോജിത എൽഎൽ.ബി. (ബി.എ.എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി മുതലായവ),
ഒരു വർഷത്തെ എൽഎൽ.എം.
● യോഗ്യത (പഞ്ചവത്സര കോഴ്സ്): 45 ശതമാനം മാർക്കോടെ പ്ലസ് ടു പാസാകണം (പട്ടിക വിഭാഗങ്ങൾക്ക് 40 ശതമാനം).
● പരീക്ഷാ രീതി: ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ലീഗൽ റീസണിങ്, ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് (ഗണിതം) എന്നിവയിൽ നിന്നുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ.
2.എ.ഐ.എൽ.ഇ.ടി (ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്)
ഡൽഹിയിലെ നാഷനൽ ലോ യൂനിവേഴ്സിറ്റിയിലേക്കുള്ള പ്രത്യേക പ്രവേശന പരീക്ഷയാണിത്. ബി.എ എൽഎൽ.ബി (ഓണേഴ്സ്, എൽഎൽ.എം, പിഎച്ച്.ഡി എന്നിവയാണ് കോഴ്സുകൾ.
3.എൽ.എസ്.എ.ടി-ഇന്ത്യ (ലോ സ്കൂൾ അഡ്മിഷൻ ടെസ്റ്റ്- ഇന്ത്യ)
ജിൻഡാൽ ഗ്ലോബൽ ലോ സ്കൂൾ, അലയൻസ് യൂനിവേഴ്സിറ്റി, ഐ.ഐ.ടി ഖരഗ്പൂർ ലോ സ്കൂൾ തുടങ്ങി 70ലധികം പ്രമുഖ സ്വകാര്യ നിയമ കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷ.
ഇന്ത്യയിലെ മികച്ച നിയമ പഠന സ്ഥാപനങ്ങൾ:
● നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി, ബംഗളൂരു
●നാൽസാർ യൂനിവേഴ്സിറ്റി ഓഫ് ലോ, ഹൈദരാബാദ് ● ദി വെസ്റ്റ് ബംഗാൾ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസസ്, കൊൽക്കത്ത●നാഷണൽ ലോ യൂനിവേഴ്സിറ്റി, ജോധ്പൂർ ● നാഷനൽ ലോ യൂനിവേഴ്സിറ്റി, ഡൽഹി)●ജിൻഡാൽ ഗ്ലോബൽ ലോ സ്കൂൾ, സോനിപത് ●സിംബയോസിസ് ലോ സ്കൂൾ, പുണെ ●ഗവൺമെന്റ് ലോ കോളജ്, മുംബൈ ● ഫാക്കൽറ്റി ഓഫ് ലോ, ഡൽഹി യൂനിവേഴ്സിറ്റി
കേരളത്തിലെ പ്രധാന പ്രവേശന പരീക്ഷകൾ:
1.കേരള ലോ എൻട്രൻസ് എക്സാം. കേരള കമീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസാണ് ഇത് നടത്തുന്നത്.
നാല് സർക്കാർ ലോ കോളജുകളിലേക്കും, പ്രമുഖ സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ സർക്കാർ ക്വോട്ട സീറ്റുകളിലേക്കുമുള്ള പ്രവേശനം ഇതുവഴിയാണ്. പഞ്ചവത്സര സംയോജിത എൽഎൽ.ബി, ത്രിവത്സര എൽഎൽ.ബി എന്നിവയാണ് കോഴ്സുകൾ.
●പരീക്ഷാ രീതി: ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ഗണിതശേഷി, ലീഗൽ ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ.
2.കുസാറ്റ് ‘കാറ്റ്’: കൊച്ചിൻ ശാസ്ത്ര സാേങ്കതിക സർവകലാശാല അവരുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ കോഴ്സുകളിലേക്ക് പ്രവേശനത്തിന് നടത്തുന്ന പരീക്ഷ.
●കോഴ്സുകൾ: ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്), ബി.കോം എൽഎൽ.ബി (ഓണേഴ്സ്), ബി.എസ്സി കമ്പ്യൂട്ടർ സയൻസ് എൽഎൽ.ബി (ഓണേഴ്സ്), ത്രിവത്സര എൽഎൽ.ബി, എൽഎൽ.എം.
പ്രധാന സ്ഥാപനങ്ങൾ:
1.നുവാൽസ്, കൊച്ചി: കേരളത്തിലെ ഏക ദേശീയ നിയമ സർവകലാശാല. പ്രവേശനം ക്ലാറ്റ് വഴി മാത്രം.
●കോഴ്സുകൾ: ബി.എ എൽഎൽ.ബി (ഓണേഴ്സ്),എൽഎൽ.എം, പിഎച്ച്.ഡി.
2.സർക്കാർ ലോ കോളജുകൾ: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണിവ.
പ്രവേശനം: കേരള ലോ എൻട്രൻസ് എക്സാം വഴി
3.സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കുസാറ്റ്, കൊച്ചി
4.മറ്റ് സർവകലാശാലാ കേന്ദ്രങ്ങൾ: എം.ജി, കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളിൽ നിയമ പഠന വിഭാഗങ്ങളുണ്ട്.
5.സ്വകാര്യ സ്വാശ്രയ കോളജുകൾ
●കേരളത്തിലെ വിവിധ സർവകലാശാലകളുടെ കീഴിൽ നിരവധി സ്വാശ്രയ കോളജുകൾ നിയമ പഠനത്തിന് അവസരമൊരുക്കുന്നു. ഇവയിൽ സർക്കാർ ക്വോട്ട സീറ്റുകളിലേക്ക് ക്ലീ വഴിയും, മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്ക് കോളജുകൾ നേരിട്ടും പ്രവേശനം നടത്തുന്നു.
നിയമ ബിരുദം നിങ്ങളെ അഭിഭാഷകൻ മാത്രമാക്കുകയല്ല, മറിച്ച് വിശാലമായ തൊഴിൽ സാധ്യതകളിലേക്കുള്ള വാതിൽ തുറന്നു തരികയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.