ശാസ്ത്രവിഷയങ്ങളിൽ ഫെലോഷിപ്പോടെ ഗവേഷണത്തിനും രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും മറ്റും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനുമായുള്ള യോഗ്യതാ നിർണയ പരീക്ഷയായ സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ്’ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26, 27, 28 തീയതികളിൽ ദേശീയതലത്തിൽ നടത്തും. കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷകേന്ദ്രങ്ങളുണ്ടാവും.
കെമിക്കൽ സയൻസസ്, എർത്ത്-അറ്റ്മോസ്ഫെറിസ്-ഓഷ്യൻ ആന്റ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് വിഷയങ്ങളിലാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ മൂന്ന് ഭാഗങ്ങളുണ്ടാവും. ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങൾ. പരീക്ഷാഘടനയും സിലബസും മാർക്കും മൂല്യനിർണയരീതിയുമടക്കമുള്ള വിവരണപത്രിക https://csirnet.nta.ac.inൽ ലഭ്യമാണ്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. ഒ.ബി.സി നോൺ ക്രീമിലെയർ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജെൻഡർ വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാർക്ക് മതി.
മാസ്റ്റേഴ്സ് ഡിഗ്രി/തത്തുല്യ കോഴ്സിൽ പഠിക്കുന്നവർക്കും അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. നാലുവർഷ ബിരുദക്കാരെയും പരിഗണിക്കും.
ജെ.ആർ.എഫിന് മാത്രം പ്രായപരിധിയുണ്ട്. 30 വയസ്സ് കവിയരുത്. ഒ.ബി.സി-എൻ.സി.എൽ/എസ്.സി/എസ്.ടി/ഭിന്നശേഷി/മൂന്നാം ലിംഗം/വനിതകൾ എന്നീ വിഭാഗങ്ങൾക്ക് 35 വയസ്സുവരെയാകാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിവരണപത്രികയിലുണ്ട്.
രജിസ്ട്രേഷൻ ഫീസ്: ജനറൽ-1150 രൂപ, ഇ.ഡബ്ല്യു.എസ്/ഒ.ബി.സി എൻ.സി.എൽ-600 രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷി/മൂന്നാം ലിംഗം 325 രൂപ. ഓൺലൈൻ രജിസ്ട്രേഷനും അപേക്ഷാ സമർപ്പണത്തിനും ജൂൺ 23 രാത്രി 11.59 വരെ സൗകര്യം ലഭിക്കും. ഫീസ് 24 വരെ സ്വീകരിക്കും. അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ തിരുത്തുന്നതിന് 25, 26 തീയതികളിൽ അവസരമുണ്ട്.
ഫെലോഷിപ്: ‘നെറ്റ്’ വഴി ജെ.ആർ.എഫ് ലഭിക്കുന്നവർക്ക് ആദ്യത്തെ രണ്ടു വർഷക്കാലം പ്രതിമാസം 37,000 രൂപ വീതവും 20,000 രൂപ വാർഷിക ഗ്രാന്റായും അനുവദിക്കും. തുടർന്ന് പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്ത സീനിയർ റിസർച് ഫെലോകൾക്ക് മൂന്നാംവർഷവും പ്രതിമാസം 42,000 രൂപ ഫെലോഷിപ്പായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.