തിരുവനന്തപുരം: സിലബസ് മാറ്റം, ഉത്തര വിതരണത്തിലെ ‘ബി’ ചായ്വ് എന്നീ ആക്ഷേപങ്ങൾ ഉദ്യോഗാർഥികൾ ഉന്നയിച്ചിട്ടും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കവുമായി പി.എസ്.സി മുന്നോട്ട്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച്ച് ഓഫിസർ തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയാണ് പരീക്ഷ നടന്ന് 20 ദിവസത്തിനകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. പി.എസ്.സി ചെയർമാനും പരീക്ഷ കൺട്രോളർക്കും ഉദ്യോഗാർഥികൾ രേഖാമൂലം പരാതിനൽകിയിട്ടും പ്രതികരണമുണ്ടായില്ല. പുനഃപരീക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുന്നതിനിടെയാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കം. പരാതിയുമായി വീണ്ടും മുഖ്യമന്ത്രിയെ കാണാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ.
ജൂലൈ ആറിന് ചേർന്ന പി.എസ്.സി യോഗമാണ് ചുരുക്കപ്പട്ടിക തയാറാക്കാൻ തീരുമാനിച്ചത്. ഇത്ര കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ നിയമപരമായി തെറ്റില്ലെങ്കിലും പരീക്ഷ വിവാദമായ സാഹചര്യത്തിൽ അത് കണക്കിലെടുക്കാതെ പി.എസ്.സി കാണിക്കുന്ന ധൃതി ദുരൂഹമാണെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. പരീക്ഷക്ക് മുന്നോടിയായി സിലബസ് പ്രസിദ്ധീകരിക്കുകയും പിന്നീട് അത് മാറ്റുകയും ചെയ്തു. ഈ വിവരം ഉദ്യോഗാർഥികൾ അറിഞ്ഞില്ല. പുതിയ സിലബസ് പ്രകാരം സ്റ്റാറ്റിസ്റ്റിക്സുകാർക്ക് മുൻകാലങ്ങളിൽ നൽകിവന്ന വെയ്റ്റേജ് നഷ്ടപ്പെട്ടു. മറ്റ് വിഭാഗങ്ങൾക്ക് 50 മാർക്കിന്‍റെ ചോദ്യങ്ങൾ ലഭിച്ചപ്പോൾ സ്റ്റാറ്റിസ്റ്റിക്സുകാർക്ക് 25 മാർക്കിന്‍റെ ചോദ്യം മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.