പ്രതീകാത്മക ചിത്രം

വേഗതയല്ല, കൃത്യതയാണ് പ്രധാനം; കീം പരീക്ഷക്കായി എങ്ങനെ തയാറെടുക്കാം‍?

ഗുരുതരമായ തീപൊള്ളലേറ്റ് കാലുകൾക്ക് സാരമായി പരിക്കേറ്റ ഒരു എട്ടുവയസ്സുകാരനുണ്ടായിരുന്നു അങ്ങ് അമേരിക്കയിൽ. നിനക്ക് ഇനി ഒരിക്കലും നടക്കാനാകില്ലെന്നും, കാലുകൾ മുറിച്ചുമാറ്റണമെന്നും ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, അങ്ങനെ വിധിക്ക് വിട്ടുകൊടുക്കാൻ അവനോ അവന്റെ മാതാപിതാക്കളോ തയാറായിരുന്നില്ല. നടക്കാനാകില്ലെന്ന് പറഞ്ഞ ആ പയ്യൻ, നടന്നെന്നു മാത്രമല്ല, ലോകം കണ്ട എക്കാലത്തെയും മികച്ച മധ്യദൂര ഓട്ടക്കാരിൽ ഒരാളായും മാറി. അയാളാണ്, ഗ്ലെൻ കണ്ണിങ്ഹാം. കീം പരീക്ഷക്ക് തയാറെടുക്കുന്ന നിങ്ങൾക്ക് ഓരോരുത്തർക്കും കണ്ണിങ്ഹാമിനെ മാതൃകയാക്കാം. ചുറ്റുമുള്ളവർ, നമ്മളെ കൊണ്ട് ആവില്ലെന്ന് പറഞ്ഞേക്കാം. നിരുത്സാഹപ്പെടുത്തലുകളും, വിധിയെഴുത്തുകളും കേട്ടേക്കാം. എന്നാൽ ഒരു കാര്യം മനസ്സിലുറപ്പിച്ചാൽ മതി. നമ്മളെ തോൽപ്പിക്കണമെങ്കിൽ, അത് നമ്മൾ തന്നെ വിചാരിക്കണമെന്ന്.

കഠിനാധ്വാനവും കൃത്യമായ പ്ലാനിങ്ങും ഉണ്ടെങ്കിൽ ഏത് പരീക്ഷയും, നമുക്ക് കീഴടക്കാവുന്നതേയുള്ളൂ. ഈ ചുരുങ്ങിയ സമയത്തിനുള്ളിലും ഏറ്റവും നന്നായി നമുക്ക് തയാറെടുക്കാനാകും. വേണ്ടത് കൃത്യമായ പ്ലാനിങ് മാത്രമാണ്. കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ബിഫാം, മെഡിക്കൽ–അഗ്രികൾചറൽ–അനുബന്ധ കോഴ്സുകൾ, കേരള കാർഷിക സർവകലാശാലയിലെ വിശേഷ കോഴ്സുകൾ എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷയാണ് കീം. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് യഥാക്രമം 5:3:2 എന്ന തോതിൽ വെയ്റ്റ് നൽകി കൂട്ടിയെടുത്താണ് പ്രവേശന പരീക്ഷയിലെ മാർക്ക് കണക്കാക്കുക. അതായത്, ആകെയുള്ള 150 ചോദ്യങ്ങളിൽ, മാത്‌സ് (75 ചോദ്യം), ഫിസിക്സ് (45), കെമിസ്ട്രി (30) എന്നിങ്ങനെയായിരിക്കും ചോദ്യങ്ങൾ വരിക.

സിലബസ് - എവിടെ തുടങ്ങണം?

കീം പരീക്ഷക്ക് തയാറെടുക്കുമ്പോൾ സിലബസിനെ മൂന്നായി തിരിക്കുക എന്നത് ഏറെ പ്രധാനമാണ്. പ്ലസ് വൺ, പ്ലസ് ടു പാഠഭാഗങ്ങൾ കൃത്യമായി പഠിച്ചാൽ തന്നെ പകുതി വിജയിച്ചു.

മാത്തമാറ്റിക്സ്: കോണിക് സെക്ഷൻസ്, ട്രിഗണോമെട്രി, കാൽക്കുലസ് എന്നിവയിൽ മികച്ച അടിത്തറ ഉണ്ടാക്കിയെടുക്കേണ്ടത് ഏറെ പ്രധാനമാണ്.

ഫിസിക്സ്: സൂത്രവാക്യങ്ങളുടെ പ്രായോഗിക വശങ്ങൾ മനസ്സിലാക്കുക. മെക്കാനിക്സ്, ഇലക്ട്രോസ്റ്റാറ്റിക്സ് എന്നിവയ്ക്ക് മുൻഗണന നൽകാം.

കെമിസ്ട്രി: പീരിയോഡിക് ടേബിൾ, കെമിക്കൽ ബോണ്ടിങ്, ഓർഗാനിക് റിയാക്ഷനുകൾ എന്നിവ വിരൽത്തുമ്പിലാക്കുക.

സ്പ്രിന്റ് പ്ലാൻ

  1. സമയത്തെ സ്മാർട്ടായി ഉപയോഗിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.
  2. എല്ലാ പാഠഭാഗങ്ങളിലെയും ബേസിക് കൺസപ്റ്റുകൾ കൃത്യമായി മനസ്സിലാക്കുക. പ്രധാന ഫോർമുലകൾ കുറിച്ച് വെക്കുക. പഴയ ചോദ്യപേപ്പറുകൾ പരിശോധിച്ച് ഉത്തരം കണ്ടെത്തുക.
  3. കീം പരീക്ഷക്ക് സ്റ്റേറ്റ് സിലബസ് അധിഷ്ഠിതമായ ചോദ്യങ്ങളാണ് സാധാരണയായി വരാറുള്ളത്. അതുകൊണ്ട് തന്നെ സ്റ്റേറ്റ് പാറ്റേൺ ചോദ്യങ്ങൾ ആഴത്തിൽ പഠിക്കുന്നതാണ് ഏറ്റവും പ്രധാനം.
  4. സിലബസിലെ എല്ലാ ഭാഗങ്ങളും ഒരിക്കൽ കൂടി ഓടിച്ചു നോക്കുക. കടുപ്പമേറിയ പാഠഭാഗങ്ങൾ മനസ്സിലാക്കാൻ കൂടുതൽ സമയം മാറ്റിവെക്കുക. സ്വന്തമായി 'ഷോർട്ട് നോട്ട്സ്' തയാറാക്കി തുടങ്ങാം.
  5. പുതിയ കാര്യങ്ങൾ പഠിക്കാൻ നിൽക്കാതെ പഠിച്ചവ ആവർത്തിച്ച് പഠിക്കുക.
  6. മോക്ക് ടെസ്റ്റുകൾക്ക് പ്രാധാന്യം നൽകുക. നമുക്ക് ദുർബലമെന്ന് തോന്നുന്ന ഭാഗങ്ങൾ മോക്ക് ടെസ്റ്റുകളിലൂടെ മനസ്സിലാക്കി, ആ ഭാഗങ്ങളും വിഷയങ്ങങ്ങളും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുക.

വേഗതയല്ല, കൃത്യതയാണ് പ്രധാനം

  • 100 ചോദ്യങ്ങൾ തെറ്റായി ചെയ്യുന്നതിനേക്കാൾ നല്ലത് 60 ചോദ്യങ്ങൾ കൃത്യമായി ചെയ്യുന്നതാണ്.
  • തെറ്റുകൾ കുറക്കാൻ ശീലിക്കുക. ഊഹിച്ചുള്ള ഉത്തരങ്ങൾ ഒഴിവാക്കുക.
  • ചോദ്യം കൃത്യമായി വായിച്ചു മനസ്സിലാക്കാൻ സമയം കണ്ടെത്തുക.

ചോദ്യബാങ്കുകളുടെ ഉപയോഗം

വിശ്വാസയോഗ്യമായ ഒരു ക്വസ്റ്റ്യൻ ബാങ്ക് നിങ്ങളുടെ കൈയ്യിൽ എപ്പോഴും ഉണ്ടായിരിക്കണം. ദിവസവും ചുരുങ്ങിയത് 50 ചോദ്യങ്ങളെങ്കിലും ചെയ്തു ശീലിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും.

ഷോർട്ട് നോട്ട്സ് ശീലമാക്കാം

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ഓർത്തെടുക്കാൻ സഹായിക്കുന്ന രീതിയിലാകണം ഷോർട്ട് നോട്ട്സ് തയാറാക്കേണ്ടത്. പാഠഭാഗം രണ്ടോ മൂന്നോ തവണ വായിച്ച് കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം അതിലെ പ്രധാന പോയിന്റുകൾ എഴുതി തുടങ്ങുക. ഒരു വലിയ പാരഗ്രാഫിലെ വിവരങ്ങളെ ഒരു വരിയിലോ അല്ലെങ്കിൽ ഒരു വാചകത്തിലോ ഒതുക്കാൻ ശ്രമിക്കുക.

 

ഫ്ലോ ചാർട്ടുകളും ഡയഗ്രമുകളും ഉപയോഗിക്കുക

പ്രക്രിയകൾ വിശദീകരിക്കാൻ ഫ്ലോ ചാർട്ടുകൾ സഹായിക്കും. കെമിസ്ട്രിയിലെ റിയാക്ഷനുകൾക്കായി ചെറിയ കണക്ഷൻ മാപ്പുകൾ തയാറാക്കാവുന്നതാണ്. ഓരോ ചാപ്റ്ററിന്റെയും അവസാനം എല്ലാ ഫോർമുലകളും യൂണിറ്റുകളും ലിസ്റ്റ് ചെയ്യുക. പരീക്ഷയുടെ തലേദിവസം ഇത് മാത്രം നോക്കിയാൽ മതിയാകും.

ഒരു കഥ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ലോകം കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞന്മാരിൽ ഒരാളായ തോമസ് ആൽവ എഡിസൺ ആയിരത്തിലേറെ തവണ പരാജയപ്പെട്ട ശേഷമാണ് വൈദ്യുത ബൾബ് കണ്ടുപിടിച്ചത്. "ഞാൻ തോറ്റുപോയതല്ല, മറിച്ച് ഫലിക്കാത്ത പതിനായിരം വഴികൾ ഞാൻ കണ്ടെത്തി'' എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിസന്ധികളെ തളർച്ചയായി കാണാതെ, വിജയത്തിലേക്കുള്ള പുതിയ ചുവടുവെപ്പായി അവയെ കാണണമെന്നാണ് എഡിസൺ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, വിജയത്തിലേക്കെത്താൻ നിങ്ങൾക്ക് ഏറ്റവും ഉചിതമായി തോന്നുന്ന മാർഗമെന്തോ അവ സ്വീകരിക്കുക. ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും മികച്ച കോളജുകളിലേക്കുള്ള വഴി നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. തീർച്ച!

(തയാറാക്കിയത് : ശ്രീകുമാർ പള്ളിയത്ത്‌ കരിയർ ഗൈഡ്, സൈലം ലേണിങ്)

Tags:    
News Summary - How to prepare for the KEAM exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.