റബർ വില ഉയരത്തിൽ; ഉൽപാദനത്തിന് ടാപ്പർമാരില്ല

പാലക്കാട്: കർഷകർക്ക് ആശ്വാസമായി റബറിന് വില ഉയർന്നെങ്കിലും ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സമാകുന്നു. കിലോക്ക് 267 രൂപയാണ് നിലവിൽ റബറിന് വില. എന്നാൽ, കാലാവസ്ഥമൂലമുണ്ടായ ഉൽപാദനക്കുറവിനൊപ്പം പരിശീലനം ലഭിച്ച ടാപ്പർമാരുടെ കുറവും റബർ മേഖലക്ക് തിരിച്ചടിയാകുന്നു. ചെറുകിട തോട്ടങ്ങളെയാണ് പരിശീലനം ലഭിച്ച ടാപ്പർമാരുടെ കുറവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നേരത്തേ 180 രൂപയായിരുന്ന താങ്ങുവില കഴിഞ്ഞവർഷം 200 രൂപയും ഈ വർഷം 250 രൂപയുമായി സർക്കാർ വർധിപ്പിച്ചിരുന്നു. മഴക്കാലത്താണ് ടാപ്പിങ് സീസൺ തുടങ്ങുക. സാധാരണ മഴക്കാലങ്ങളിൽ കണ്ടുവരാറുള്ള പച്ചില കൊഴിച്ചിലും ഇതുവരെ ബാധിച്ചിട്ടില്ല.

റബർ ബോർഡിന്റെ 2024-25ലെ കണക്കനുസരിച്ച് രാജ്യത്ത് ടാപ്പിങ്ങിന് അനുയോജ്യമായ 7.56 ലക്ഷം ഹെക്ടർ പ്രദേശമുണ്ടെങ്കിലും 5.833 ലക്ഷം ഹെക്ടറിൽ മാത്രമാണ് ഉൽപാദനം നടന്നത്. അതായത് ടാപ്പ് ചെയ്യാവുന്ന പ്രദേശത്തിന്റെ 77.2 ശതമാനം മാത്രമാണ് ഉൽപാദനത്തിലുണ്ടായിരുന്നത്. 22.8 ശതമാനം പ്രദേശം വിവിധ കാരണങ്ങളാൽ ഉൽപാദനത്തിന് പുറത്തായിരുന്നു. തൊഴിലാളി ക്ഷാമം നേരിടാൻ മെക്കാനിക്കൽ ടാപ്പിങ് സംവിധാനങ്ങൾക്കും പരിശീലനം ലഭിച്ച ടാപ്പർമാരെ സൃഷ്ടിക്കുന്നതിനുള്ള പരിശീലന-സർട്ടിഫിക്കേഷൻ പദ്ധതികൾക്കും റബർ ബോർഡ് പ്രാധാന്യം നൽകുന്നുണ്ട്. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഒരു മരം ടാപ്പ് ചെയ്യുന്നതിന് 2.50 മുതൽ മൂന്ന് രൂപ വരെയാണ് തൊഴിലാളികൾക്ക് നൽകുന്നത്. തെക്കൻ ജില്ലകളിൽ ഇത് 3.50 രൂപ വരെയാണ്.

റബർ ബോർഡിന്റെ സെപ്റ്റംബർ നാലിലെ കണക്കനുസരിച്ച് കോട്ടയത്ത് ആർ.എസ്.എസ്-4ന് കിലോഗ്രാമിന് 273 രൂപയായിരുന്നു വില. ആർ.എസ്.എസ്-5ന് 269 രൂപയും ഐ.എസ്.എൻ.ആർ-20ന് 255 രൂപയും ഉണ്ടായിരുന്നു. തൊഴിലാളി ക്ഷാമംമൂലം ഉയർന്ന വിലയുടെ നേട്ടം പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയാത്ത സ്ഥിതിയിലാണ് പല കർഷകരും. പരിശീലനം ലഭിച്ച ടാപ്പിങ് തൊഴിലാളികൾക്ക് ആനുകൂല്യങ്ങളുൾപ്പെടെ റബർ ബോർഡ് നൽകുന്നുണ്ട്.

Tags:    
News Summary - Rubber Board Plans Measures to Overcome Tapping Labor Shortage as Prices Rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.