4ജി സ്മാർട്ട്ഫോണിന്റെ ഇറക്കുമതി 40 ശതമാനം വർധിച്ചു; ബജറ്റ് ഫോൺ വിപണിയിൽ സംഭവിക്കുന്നതെന്ത്?
മെമ്മറി ചിപ്പ് വില ഏകദേശം നാലിരട്ടിയായതോടെ ഇന്ത്യയുടെ ബജറ്റ് സ്മാർട്ട്ഫോൺ വിപണി ചുരുങ്ങുകയും ആളുകൾ 5ജി ഉപേക്ഷിച്ച് 4ജിയിലേക്ക് മടങ്ങുകയും ചെയ്യുന്ന ട്രെൻഡ്. ഇത് മനസ്സിലാക്കി സ്മാർട്ട് ഫോൺ നിർമാതാക്കൾ 4ജി പോർട്ട്ഫോളിയോ വിപുലീകരിച്ചു. സാധാരണ നിലയിൽ ടെക്നോളജി അപ്ഡേറ്റ് ചെയ്യുമ്പോൾ പഴയതിന്റെ ഡിമാൻഡ് കുറയുകയാണ് വേണ്ടത്. എന്നാൽ, സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധത്തിൽ വില വർധിച്ചതോടെയാണ് അത്ര സംഭവമൊന്നും ഇല്ലെങ്കിലും കുഴപ്പമില്ല, ഉള്ളതുകൊണ്ട് തൃപ്തിപ്പെടാം എന്ന് ആളുകൾ ചിന്തിക്കാൻ തുടങ്ങിയത്.
15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്ന മാസ്-മാർക്കറ്റ് സെഗ്മെന്റിൽ ജൂൺ പാദത്തിൽ ഇറക്കുമതിയിൽ 45 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. എൻട്രി, ബജറ്റ് സെഗ്മെന്റുകളിൽ ജി സ്മാർട്ട്ഫോൺ വിപണി വളർച്ച കൈവരിക്കുന്നു. കൗണ്ടർപോയന്റ് റിസർച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2026ലെ രണ്ടാംപാദത്തിൽ 4ജി സ്മാർട്ട്ഫോണിന്റെ ഇറക്കുമതി 40 ശതമാനം വർധിച്ചു. ആകെ സ്മാർട്ട്ഫോൺ വിൽപനയിൽ 4ജി ഒരു വർഷം മുമ്പ് ആറ് ശതമാനമായിരുന്നത് 12 ശതമാനമായി ഉയർന്നു. ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയിലെ മൊത്തത്തിലുള്ള സ്മാർട്ട്ഫോൺ ഇറക്കുമതിയിൽ പത്ത് ശതമാനം കുറവുണ്ടായി. അതേസമയം, വില പ്രശ്നമല്ലാത്ത സമ്പന്ന വിഭാഗം വാങ്ങുന്ന പ്രീമിയം ഫോണുകളുടെ വിൽപനയെ വലിയ തോതിൽ ബാധിച്ചിട്ടില്ല. സ്മാർട്ട്ഫോൺ വിൽപന കുത്തനെ കുറയുന്നതിനാൽ ജി.എസ്.ടി 18 ശതമാനമുള്ളത് കുറക്കാർ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
നിർമാണച്ചെലവ് കൂടിയതാണ് വില വർധനക്ക് കാരണമായി കമ്പനികൾ പറയുന്നത്. മെമ്മറി ചിപ്പുകളുടെയും മറ്റു ഘടകങ്ങളുടെയും വില കൂടിക്കൊണ്ടിരിക്കുന്നതിനാൽ വില വർധിപ്പിക്കാതെ വഴിയില്ലെന്നാണ് കമ്പനികൾ പറയുന്നത്. വില വർധന തുടരുമെന്നാണ് വിലയിരുത്തൽ. 2027 ആദ്യ പകുതിക്ക് ശേഷമേ വില സ്ഥിരത കൈവരിക്കൂ എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. മെമ്മറി നിർമാതാക്കൾ സ്മാർട്ട് ഫോൺ കമ്പനികളേക്കാൻ മുൻഗണന എ.ഐ ഡേറ്റ സെന്ററുകൾക്കും ഹൈപ്പർ സ്കെയിലർമാർക്കും നൽകുന്നമാണ് ക്ഷാമത്തിനും വില വർധനക്കും കാരണമാകുന്നത്. വില കൂട്ടിയതിന് പുറമെ റാം/സ്റ്റോറേജ് സ്പേയ്സ് കുറച്ചുമാണ് കമ്പനികൾ ഉൽപാദന ചെലവ് കൂടിയത് തട്ടിക്കിഴിക്കുന്നത്.
വാൽക്കഷണം
4ജിയിലേക്കുള്ള മാറ്റം ചെലവ് ചുരുക്കാൻ ലക്ഷ്യമിട്ടുള്ള താൽക്കാലിക പ്രതിഭാസമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ഹൈ ബാൻഡ് വിഡ്ത് മെമ്മറി പോലെയുള്ള പുതിയ മെമ്മറി സാങ്കേതികവിദ്യയിലേക്ക് നീങ്ങുമ്പോൾ മെമ്മറി നിർമാതാക്കൾ പഴയ തലമുറയിലെ കുറഞ്ഞ പവർ സ്മാർട്ട്ഫോൺ മെമ്മറിയായ LPDDR4 ഘട്ടംഘട്ടമായി ഒഴിവാക്കി LPDDR5 അടിസ്ഥാനമാക്കിയുള്ള പുതിയ 5ജി ചിപ്പുകളെ കൂടുതൽ ആശ്രയിക്കും. അതായത്, 4ജിക്കല്ല 5ജിക്ക് തന്നെയാണ് ഭാവി. ഒരു പുഴയും പിന്നോട്ട് ഒഴുകുന്നില്ല. കാലം മുന്നോട്ടുതന്നെയാണ് നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.