ഹെൽത്ത് ഇൻഷുറൻസ് ഇല്ലേ? ഇനി വൻ തുകയുടെ മെഡിക്കൽ ബില്ലുകൾ ഇ.എം.ഐ ആയി അടയ്ക്കാം
ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്ത കുടുംബങ്ങളിൽ, ഒരു മെഡിക്കൽ എമർജൻസി വന്നാൽ സാമ്പത്തിക ഭദ്രതയെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. ലക്ഷക്കണക്കിന് രൂപ വരുന്ന ആശുപത്രി ബില്ലുകൾ അടച്ചുതീർക്കാൻ ആളുകൾ തങ്ങളുടെ സമ്പാദ്യം ഉപയോഗിക്കേണ്ടി വരികയോ, കടം വാങ്ങുകയോ, അല്ലെങ്കിൽ ചികിത്സ തന്നെ വൈകിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകാറുണ്ട്.
അതുകൊണ്ടുതന്നെ, ഇത്തരം രോഗികൾക്ക് മുന്നിൽ മറ്റൊരു സാധ്യതയായി 'മെഡിക്കൽ ഫിനാൻസിങ്' മാറുകയാണ്. ആശുപത്രി ബില്ലിന്റെ മുഴുവൻ തുകയും ഒറ്റയടിക്ക് അടയ്ക്കുന്നതിന് പകരം, പ്രതിമാസ തുല്യ ഗഡുക്കളായി ഇതിന്റെ ചെലവ് വിഭജിക്കാം. ഇത് വലിയ ചെലവുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുമെങ്കിലും, ഇത്തരം സേവനങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് പലിശയും മറ്റ് നിരക്കുകളും രോഗികൾ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്.
മെഡിക്കൽ ഇ.എം.ഐകൾ പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട്?
ഇന്ത്യയിലെ ഭൂരിഭാഗം കുടുംബങ്ങളും ഇപ്പോഴും ചികിത്സാ ചെലവുകളുടെ വലിയൊരു പങ്ക് സ്വന്തം കൈയിൽ നിന്നാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ ഇതര മാർഗങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഒറ്റത്തവണയായുള്ള വലിയ ചെലവുകളെ ചെറിയ അടവുകളാക്കി മാറ്റി ഈ സാമ്പത്തിക പ്രയാസം പരിഹരിക്കാൻ മെഡിക്കൽ ഇ.എം.ഐകൾക്ക് സാധിക്കും. ചികിത്സക്ക് മുമ്പ് മുഴുവൻ തുകയും സംഘടിപ്പിക്കുന്നതിന് പകരം, രോഗികൾക്ക് ചികിത്സാ കേന്ദ്രത്തിൽ വെച്ചുതന്നെ സാമ്പത്തിക സഹായം പ്രയോജനപ്പെടുത്താം.
എന്നാൽ മെഡിക്കൽ ഫിനാൻസിങ്ങിന് ഹെൽത്ത് ഇൻഷുറൻസിന് പകരമാകാൻ കഴിയില്ല. ഇൻഷുറൻസ് രോഗികൾക്ക് ചികിത്സാ ചെലവുകളിൽ നിന്നും സാമ്പത്തിക റിസ്കുകളിൽ നിന്നും പരിരക്ഷ നൽകുമ്പോൾ, സമയമെടുത്ത് ചികിത്സാ തുക അടയ്ക്കാൻ ഇ.എം.ഐകൾ സഹായിക്കുന്നു. മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിൽ ഇവ രണ്ടിനും അതിന്റേതായ പങ്കുണ്ട്.
മെഡിക്കൽ ഇ.എം.ഐ എടുക്കുന്നതിന് മുമ്പ് എന്തൊക്കെ പരിശോധിക്കണം?
ഒരു മെഡിക്കൽ ഇ.എം.ഐ സ്വീകരിക്കുന്നതിന് മുമ്പ് രോഗികൾ താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്:
- പലിശ നിരക്ക്: വായ്പയ്ക്ക് പലിശയുണ്ടോ എന്നും വാർഷിക പലിശ നിരക്ക് എത്രയാണെന്നും മനസ്സിലാക്കുക.
- പ്രോസസിങ് ഫീസ്: മൊത്തം ചെലവ് വർധിപ്പിച്ചേക്കാവുന്ന മുൻകൂർ ഫീസുകൾ ഉണ്ടോ എന്ന് പരിശോധിക്കുക.
- പിഴകൾ: ഇ.എം.ഐ തെറ്റിക്കുകയോ വൈകുകയോ ചെയ്താൽ ഈടാക്കുന്ന പിഴകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക.
- സീറോ-കോസ്റ്റ് ഇ.എം.ഐ ക്ലെയിമുകൾ : ഈ ഓഫറിൽ മറഞ്ഞിരിക്കുന്ന നിരക്കുകൾ ഉണ്ടോ എന്നും, ഇ.എം.ഐ തിരഞ്ഞെടുക്കുന്നത് വഴി മുൻകൂർ പണം അടയ്ക്കുമ്പോൾ ലഭിക്കുന്ന ഡിസ്കൗണ്ടുകൾ നഷ്ടപ്പെടുന്നുണ്ടോ എന്നും ഉറപ്പുവരുത്തുക.
- മൊത്തം തിരിച്ചടവ് തുക: പ്രതിമാസ ഗഡുക്കളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, തിരിച്ചടയ്ക്കേണ്ട മൊത്തം തുക യഥാർത്ഥ ആശുപത്രി ബില്ലുമായി താരതമ്യം ചെയ്യുക.
വായ്പാ സൗകര്യം നിർബന്ധിതമാണോ അതോ ഐച്ഛികമാണോ എന്ന് രോഗികൾ ചോദിച്ചറിയണം. സാധ്യമാകുന്നിടത്തെല്ലാം ലഭ്യമായ ഓഫറുകൾ താരതമ്യം ചെയ്യുകയും ഒപ്പിടുന്നതിന് മുമ്പ് തിരിച്ചടവ് വ്യവസ്ഥകൾ വായിച്ചു മനസിലാക്കുകയും വേണം. ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്ത കുടുംബങ്ങൾക്ക്, മുഴുവൻ ബില്ലും ഒറ്റയടിക്ക് അടയ്ക്കാതെ തന്നെ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ഫിനാൻസിങ് ഒരു വഴിയൊരുക്കിയേക്കാം. എന്നാൽ ഇതും ഒരു വായ്പ തന്നെയാണ്, ചികിത്സ പൂർത്തിയായ ശേഷവും അത് തിരിച്ചടയ്ക്കാനുള്ള ബാധ്യത ബാക്കിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.