തൽക്കാൽ എൻ.പി.എസ്: ഭീം ആപ്പ് വഴി 250 രൂപക്ക് പെൻഷൻ അക്കൗണ്ട് എളുപ്പത്തിൽ തുടങ്ങാം
ഭീം (BHIM) പേയ്മെന്റ്സ് ആപ്പിൽ 'തൽക്കാൽ എൻ.പി.എസ്' സൗകര്യം ലഭ്യമായതോടെ നാഷനൽ പെൻഷൻ സിസ്റ്റം അക്കൗണ്ട് തുറക്കുന്നത് കൂടുതൽ ലളിതമായിരിക്കുകയാണ്. 18 നും 85 നും ഇടയിൽ പ്രായമുള്ള യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക്, ബാങ്ക് വഴി ഇതിനകം പൂർത്തിയായ കെ.വൈ.സി (KYC) ഉപയോഗിച്ച് വെറും മൂന്ന് ഘട്ടങ്ങളിലൂടെ 250 രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെ എൻ.പി.എസ് അക്കൗണ്ട് തുറക്കാം. ഇതിനായി ബാങ്ക് ശാഖകൾ സന്ദർശിക്കുകയോ പുതിയ രേഖകൾ സമർപ്പിക്കുകയോ ചെയ്യേണ്ടതില്ല. യു.പി.ഐ വഴി ഉപയോക്താക്കൾക്ക് ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.
നാഷനൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എൻ.പി.സി.ഐ ഭിം സർവീസസ് ലിമിറ്റഡ് (NBSL) ആണ് ഭീം ആപ്പിൽ തൽക്കാൽ എൻ.പി.എസ് സൗകര്യം ലഭ്യമാക്കിയതായി പ്രഖ്യാപിച്ചത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ആണ് റിട്ടയർമെന്റ് സേവിങ്സ് കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ഈ സൗകര്യം കൊണ്ടുവന്നത്.
എന്താണ് തൽക്കാൽ എൻ.പി.എസ്?
യോഗ്യരായ ഉപയോക്താക്കൾക്ക് ഭീം പേയ്മെന്റ്സ് ആപ്പ് വഴി മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ എൻ.പി.എസ് അക്കൗണ്ട് തുറക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. ബാങ്ക് പരിശോധിച്ച നിലവിലുള്ള കെ.വൈ.സി ഉപയോഗിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് ബാങ്ക് ശാഖകൾ സന്ദർശിക്കുകയോ പുതിയ പേപ്പർ വർക്കുകൾ ചെയ്യുകയോ ചെയ്യാതെ തന്നെ ഈ പ്രക്രിയ പൂർത്തിയാക്കാൻ കഴിയും.
ആർക്കൊക്കെ ഭീം ആപ്പ് വഴി എൻ.പി.എസ് അക്കൗണ്ട് തുറക്കാം?
18 നും 85 നും ഇടയിൽ പ്രായമുള്ള യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് ഭീം ആപ്പിലെ തൽക്കാൽ എൻ.പി.എസ് വഴി അക്കൗണ്ട് തുറക്കാം. ഉപയോക്താക്കൾ തങ്ങളുടെ ജനനത്തീയതി നൽകുകയും, യോഗ്യമായ ഒരു ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് യു.പി.ഐ വഴി ആദ്യത്തെ എൻ.പി.എസ് നിക്ഷേപം നടത്തുകയും ചെയ്യണം.
ഭീമിൽ തൽക്കാൽ എൻ.പി.എസ് പിന്തുണക്കുന്ന ബാങ്കുകൾ ഏതൊക്കെയാണ്?
നിലവിൽ താഴെ പറയുന്ന ആറ് ബാങ്കുകളിലെ ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്:
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- എച്ച്.ഡി.എഫ്.സി ബാങ്ക്
- ഐ.സി.ഐ.സി.ഐ ബാങ്ക്
- ആക്സിസ് ബാങ്ക്
- ഇൻഡസ്ഇൻഡ് ബാങ്ക്
- ബാങ്ക് ഓഫ് ബറോഡ
കൂടുതൽ ബാങ്കുകൾ വരും ദിവസങ്ങളിൽ ഇതിലേക്ക് ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എൻ.പി.എസ് അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം എത്രയാണ്?
തൽക്കാൽ എൻ.പി.എസ് വഴി അക്കൗണ്ട് തുറക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രാരംഭ നിക്ഷേപം 250 രൂപയാണ്. ബാധകമായ എൻ.പി.എസ് നിബന്ധനകൾക്ക് വിധേയമായി, തുടർന്നുള്ള നിക്ഷേപങ്ങൾ 10 രൂപ മുതൽ ആരംഭിക്കാം.
ഭീം ആപ്പ് വഴി എങ്ങനെ എൻ.പി.എസ് അക്കൗണ്ട് തുറക്കാം?
യോഗ്യരായ ഉപയോക്താക്കൾക്ക് താഴെ പറയുന്ന മൂന്ന് ഘട്ടങ്ങൾ പാലിക്കാം:
- ഭീം പേയ്മെന്റ്സ് ആപ്പ് തുറന്ന് അതിൽ എൻ.പി.എസ് തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ജനനത്തീയതി നൽകി യോഗ്യമായ ഒരു ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.
- യു.പി.ഐ വഴി കുറഞ്ഞത് 250 രൂപയുടെ ആദ്യ നിക്ഷേപം നടത്തുക.
പി.എഫ്.ആർ.ഡി.എ നിയന്ത്രിക്കുന്ന കുറഞ്ഞ ചെലവിലുള്ള ഒരു പെൻഷൻ പദ്ധതിയാണ് എൻ.പി.എസ്. ഇതിലേക്ക് നൽകുന്ന തുക റെഗുലേറ്റഡ് പെൻഷൻ ഫണ്ട് മാനേജർമാർ കൈകാര്യം ചെയ്യുന്ന മാർക്കറ്റ് ലിങ്ക്ഡ് ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. ബാധകമായ നിയമങ്ങൾക്ക് വിധേയമായി നികുതി ഇളവുകളും ഇതിലൂടെ ലഭിക്കും. പൗരന്മാർക്ക് വാർദ്ധക്യകാലത്ത് സുരക്ഷിതമായ വരുമാനവും റിട്ടയർമെന്റ് സമ്പാദ്യവും ഉറപ്പാക്കുക എന്ന പി.എഫ്.ആർ.ഡി.എയുടെ ലക്ഷ്യത്തിന് ഈ സൗകര്യം കരുത്ത് പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.