ഇ.പി.എഫ്.ഒ പരിധി 25,000 രൂപയായി ഉയർത്തി; ആർക്കൊക്കെ പെൻഷന് അർഹതയുണ്ട്?

നിർബന്ധിത എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) പരിരക്ഷയ്ക്കുള്ള പ്രതിമാസ വേതന പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് മന്ത്രാലയം ഉയർത്തിയിരുന്നു. 2026 സെപ്റ്റംബർ 17 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. പിന്നാലെ ഇ.പി.എഫ്.ഒ എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇ.പി.എസ്) ആരെല്ലാം യോഗ്യരാണ് എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്.

ആർക്കൊക്കെ ഇ.പി.എസ് അംഗത്വം ലഭിക്കും?

യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, 25,000 രൂപയോ അതിൽ കുറവോ ശമ്പളമുള്ള ജീവനക്കാർക്ക് ഇ.പി.എഫ്, ഇ.പി.എസ് എന്നിവയിൽ അംഗത്വം നിർബന്ധമാണ്. പെൻഷൻ വിഹിതം സ്കീം നിയമപ്രകാരം ശമ്പളത്തിൽ നിന്ന് കിഴിവ് ചെയ്യും. അതേസമയം, പ്രതിമാസം 25000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്ന മുമ്പ് ഇ.പി.എസ് അംഗങ്ങളല്ലാത്ത ജീവനക്കാർക്ക് പുതിയ അംഗത്വത്തിന് അർഹതയില്ല. ഇവർക്ക് ഇ.പി.എഫ് മാത്രമേ ലഭിക്കൂ, പെൻഷനില്ല. എന്നാൽ, ഒരു ജീവനക്കാരന് ഇ.പി.എസ് അംഗമായിരിക്കെ ശമ്പളം വർധിച്ചാൽ അംഗത്വം നഷ്ടമാവില്ല.

ഉയർന്ന ഇ.പി.എഫ്.ഒ ശമ്പള പരിധി അർത്ഥമാക്കുന്നത് എന്താണ്?

നിർബന്ധിത പരിധിക്ക് പുറത്തായിരുന്ന കൂടുതൽ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ വ്യാപിപ്പിക്കുക എന്നതാണ് പുതിയ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. 15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിൽ ശമ്പളം വാങ്ങുന്ന 51 ലക്ഷത്തിലധികം ഔദ്യോഗിക മേഖലയിലെ ജീവനക്കാരെക്കൂടി ഇത് നിർബന്ധിത പരിധിക്ക് കീഴിൽ കൊണ്ടുവരുവെന്നാണ് പുതിയ മാറ്റത്തെ കുറിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ വാദം. ജീവനക്കാർക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്), എംപ്ലോയീസ് പെൻഷൻ സ്കീം (ഇ.പി.എസ്‌), എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇ.ഡി.എൽ.ഐ) എന്നീ മൂന്ന് പദ്ധതികളിലൂടെ വിരമിക്കൽ സമ്പാദ്യം, പെൻഷൻ, ലൈഫ് ഇൻഷുറൻസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും.

എങ്ങനെയാണ് വിഹിതം മാറുന്നത്?

യോഗ്യരായ ജീവനക്കാർക്ക് 8.33 ശതമാനം വിഹിതമാണ് തൊഴിലുടമയിൽ നിന്ന് ഇ.പി.എസിലേക്ക് പോകുക. പുതിയ മാറ്റമനുസരിച്ച് 25000 രൂപ വരെ ശമ്പളമുള്ളവർക്ക് തൊഴിലുടമയുടെ വിഹിതം 1250 രൂപയിൽ നിന്ന് 2,083 രൂപയായി ഉയരും. എന്നാൽ, ഈ ശമ്പള പരിധിയിലെ എല്ലാ ജീവനക്കാർക്കും സ്വയമേവ ഈ തുക ലഭിക്കുമെന്ന് ഇതിനർത്ഥമില്ല. യോഗ്യതയും സ്കീം നിയമങ്ങളും അനുസരിച്ചായിരിക്കും വിഹിതം നിർണ്ണയിക്കപ്പെടുന്നത്.

Tags:    
News Summary - EPFO clarifies EPS eligibility after Rs 25,000 wage limit hike: Who qualifies?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.