വൈവിധ്യമാർന്ന ഇക്വിറ്റി പോർട്ട്‌ഫോളിയോ നിർമിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർ സാധാരണയായി തങ്ങളുടെ പണം ലാർജ്-ക്യാപ്, മിഡ്-ക്യാപ്, സ്മാൾ-ക്യാപ് മ്യൂച്വൽ ഫണ്ടുകളിലായി വിഭജിച്ചാണ് നിക്ഷേപിക്കാറുള്ളത്. എന്നാൽ, ഈ മൂന്ന് വിഭാഗങ്ങളെയും ഒരൊറ്റ സ്കീമിൽ ഉൾപ്പെടുത്തിക്കൊണ്ട്, ഓരോ വിഭാഗത്തിലും കുറഞ്ഞ തുകക്ക് കൃത്യമായ നിക്ഷേപം ഉറപ്പാക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് മൾട്ടി-ക്യാപ് ഫണ്ടുകൾ. മാർക്കറ്റ് ക്യാപിറ്റലൈസേഷന് അനുസരിച്ച് നിക്ഷേപം എങ്ങോട്ട് മാറ്റണം എന്ന് തീരുമാനിക്കാൻ ഫണ്ട് മാനേജർമാർക്ക് പൂർണ സ്വാതന്ത്ര്യമുള്ള ഫ്ലെക്സി-ക്യാപ് ഫണ്ടുകളിൽ നിന്ന് വ്യത്യസ്തമായി, മൾട്ടി-ക്യാപ് ഫണ്ടുകൾ സെബിയുടെ നിർദ്ദിഷ്ട നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത്. സെബിയുടെ നിബന്ധനകൾ പ്രകാരം, ഈ സ്കീമുകൾ തങ്ങളുടെ ആകെ നിക്ഷേപത്തിന്റെ കുറഞ്ഞത് 25% വീതം ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മാൾ ക്യാപ് ഓഹരികളിൽ നിർബന്ധമായും നിക്ഷേപിച്ചിരിക്കണം.
വിപണിയിലെ മാറ്റങ്ങൾ എന്തുതന്നെയായാലും, നിക്ഷേപകർക്ക് വിപണിയുടെ എല്ലാ തലങ്ങളിലും തുല്യമായ പങ്കാളിത്തം ഉണ്ടെന്ന് ഈ നിർബന്ധിത നിക്ഷേപ വ്യവസ്ഥ ഉറപ്പാക്കുന്നു. പല ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം കൃത്യമായ ഇടവേളകളിൽ പുനഃക്രമീകരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളില്ലാതെ, ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് അനുയോജ്യമായ ഒരു വിഭാഗമായി മൾട്ടി ക്യാപ് ഫണ്ടുകൾ ഇന്ന് മാറിയിട്ടുണ്ട്.
മൾട്ടി ക്യാപ് ഫണ്ടുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? മൂന്ന് മാർക്കറ്റ് ക്യാപ് വിഭാഗങ്ങളിലും (ലാർജ്, മിഡ്, സ്മാൾ) നിർബന്ധിത നിക്ഷേപം ഉണ്ടായിരിക്കണം എന്നതാണ് മൾട്ടി ക്യാപ് ഫണ്ടുകളുടെ പ്രധാന സവിശേഷത. ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ബാക്കി വരുന്ന തുക തങ്ങളുടെ നിക്ഷേപ തത്വങ്ങൾക്കും വിപണി സാഹചര്യങ്ങൾക്കും അനുസരിച്ച് ഏത് വിഭാഗത്തിലെ ഓഹരികളിൽ നിക്ഷേപിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഫണ്ട് മാനേജർമാർക്കുണ്ട്. ഈ മേഖലയിലെ പ്രഗത്ഭനായ ഒരു ഫണ്ട് മാനേജർ കേവലം ഓഹരികൾ തെരഞ്ഞെടുക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച് വ്യത്യസ്ത വരുമാന ചക്രങ്ങളും ലിക്വിഡിറ്റിയും, മൂല്യനിർണയവുമുള്ള മൂന്ന് വ്യത്യസ്ത വിപണി സാധ്യതകളെ ഒരേസമയം കൈകാര്യം ചെയ്യുകയാണ് ചെയ്യുന്നത്. ഈ ഘടന നിക്ഷേപകർക്ക് വിപണിയുടെ വിവിധ തലങ്ങളിലുള്ള നേട്ടങ്ങൾ ഒരേസമയം നൽകുന്നു.
വിപണി അസ്ഥിരമായ സാഹചര്യങ്ങളിൽ ലാർജ് ക്യാപ് കമ്പനികൾ സ്ഥിരതയും സുരക്ഷിതത്വവും നൽകുമ്പോൾ, മിഡ് ക്യാപ് കമ്പനികൾ വേഗത്തിലുള്ള വരുമാന വളർച്ച വാഗ്ദാനം ചെയ്യുന്നു. അതേസമയം, സ്മാൾ ക്യാപ് കമ്പനികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന റിട്ടേൺസ് നൽകാൻ സാധിക്കുമെങ്കിലും ഇവയിൽ റിസ്ക് കൂടുതലായിരിക്കും. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മിഡ്, സ്മാൾ ക്യാപ് ഫണ്ടുകൾ മികച്ച നേട്ടം കൈവരിച്ച വിപണികളിൽ, ഈ വിഭാഗങ്ങളിലെ നിർബന്ധിത നിക്ഷേപം നിക്ഷേപകർക്ക് അനുകൂലമായി വന്നിട്ടുണ്ട്.
രണ്ട് ഫണ്ടുകളും വിവിധ മാർക്കറ്റ് ക്യാപിറ്റലൈസേഷനുകളിൽ നിക്ഷേപിക്കുന്നുണ്ടെങ്കിലും പോർട്ട്‌ഫോളിയോ രൂപീകരണത്തിൽ ഇവ തമ്മിൽ വ്യത്യാസമുണ്ട്. ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്ക് വിപണി സാഹചര്യങ്ങൾക്കും മൂല്യനിർണയങ്ങൾക്കും അനുസരിച്ച് ലാർജ്, മിഡ്, സ്മാൾ ക്യാപ് ഓഹരികളിലേക്ക് എത്ര ശതമാനം വേണമെങ്കിലും മൂലധനം മാറ്റാൻ സ്വാതന്ത്ര്യമുണ്ട്. വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സമയങ്ങളിൽ, സ്ഥിരതക്കായി പല ഫ്ലെക്സി ക്യാപ് ഫണ്ടുകളും ലാർജ് ക്യാപ് ഓഹരികളിലെ നിക്ഷേപം വർധിപ്പിക്കാറുണ്ട്.എന്നാൽ മൾട്ടി ക്യാപ് ഫണ്ടുകൾക്ക് ഒരു വിഭാഗത്തിലെയും നിക്ഷേപം നിശ്ചിത പരിധിയായ 25 ശതമാനത്തിന് താഴേക്ക് കുറക്കാൻ കഴിയില്ല. ഇത് വിപണിയുടെ എല്ലാ മേഖലകളിലുമുള്ള അവസരങ്ങളിൽ നിക്ഷേപകർക്ക് തുടർച്ചയായ പങ്കാളിത്തം ഉറപ്പാക്കുന്നു. എങ്കിലും, വിപണി മോശമായിരിക്കുന്ന സമയങ്ങളിൽ പോലും ചില ദുർബലമായ വിഭാഗങ്ങളിൽ നിക്ഷേപം തുടരേണ്ടി വരും എന്നൊരു പോരായ്മയും ഇതിനുണ്ട്. ഈ രണ്ട് ഘടനകളിൽ ഏതാണ് കൂടുതൽ മികച്ചതെന്ന് പറയാനാവില്ല.
സാഹചര്യങ്ങൾക്കനുസരിച്ച് നിക്ഷേപം മാറ്റാൻ താല്പര്യപ്പെടുന്നവർക്ക് ഫ്ലെക്സി ക്യാപ് ഫണ്ടുകളും, വിപണിയുടെ എല്ലാ മേഖലകളിലും സ്ഥിരമായ നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് മൾട്ടി ക്യാപ് ഫണ്ടുകളും തെരഞ്ഞെടുക്കാം.ഈ വിഭാഗത്തിലെ പ്രകടനം മൾട്ടി ക്യാപ് ഫണ്ടുകൾ സമീപവർഷങ്ങളിൽ മികച്ച റിട്ടേൺസ് നൽകിയിട്ടുണ്ടെങ്കിലും, ഓരോ സ്കീമുകളുടെയും പ്രകടനത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഇത് കൃത്യമായ ഫണ്ട് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
ഒരു മൾട്ടി ക്യാപ് ഫണ്ട് വിലയിരുത്തുമ്പോൾ നിക്ഷേപകർ സമീപകാലത്തെ റിട്ടേൺസ് മാത്രം നോക്കിയാൽ പോരാ. വിപണിയിലെ വിവിധ മാറ്റങ്ങളിലെ സ്ഥിരത, റോളിങ് റിട്ടേൺസ്, വിപണി ഇടിയുമ്പോൾ നൽകുന്ന സുരക്ഷിതത്വം, പോർട്ട്‌ഫോളിയോയുടെ ഗുണനിലവാരം, ഫണ്ട് മാനേജരുടെ പരിചയസമ്പത്ത്, അവരുടെ നിക്ഷേപ രീതികൾ എന്നിവയെല്ലാം ദീർഘകാല പ്രകടനത്തെ വിലയിരുത്താൻ ആവശ്യമാണ്.
ചില ഫണ്ടുകൾ എല്ലാ കാലയളവിലും മുൻനിരയിൽ ഇടം പിടിക്കുമ്പോൾ, മറ്റു ചിലത് വിപണിയുടെ ചില പ്രത്യേക ഘട്ടങ്ങളിൽ മാത്രം മികച്ച പ്രകടനം നടത്തുന്നവയാണ്. അതിനാൽ കേവലമായ റിട്ടേൺസ് മാത്രം നോക്കാതെ, വിപണിയിലെ ഏത് സാഹചര്യത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന കൃത്യമായ നിക്ഷേപ ശൈലിയുള്ള ഫണ്ടുകൾ വേണം നിക്ഷേപകർ തെരഞ്ഞെടുക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.