സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്‍െറ പ്രഹരം; ചെറുകിട നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: പബ്ളിക് പ്രോവിഡന്‍റ് ഫണ്ടും (പി.പി.എഫ്) കിസാന്‍ വികാസ് പത്ര(കെ.വി.പി)യുമുള്‍പ്പെടെ ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. വിപണി നിരക്കുകളുമായി ഏകീകരിക്കുന്നതിന്‍െറ പേരിലാണ് സാധാരണക്കാര്‍ക്ക് പ്രഹരമാവുന്ന നടപടി.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ ത്രൈമാസ പാദങ്ങളിലും ചെറുകിട നിക്ഷേപങ്ങളുടെ പലിശനിരക്കുകള്‍ പുന$പരിശോധിക്കാന്‍ ഫെബ്രുവരി 16ന് കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള ആദ്യ പലിശ പുനര്‍നിര്‍ണയമാണിത്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ കാലയളവില്‍ പി.പി.എഫിന് 8.1 ശതമാനം പലിശ മാത്രമാവും ലഭിക്കുക. നിലവില്‍ ഇത് 8.7 ശതമാനമായിരുന്നു. കിസാന്‍ വികാസ് പത്രയുടെ നിരക്ക് 8.7 ശതമാനത്തില്‍നിന്ന് 7.8 ശതമാനമായാണ് പുനര്‍നിര്‍ണയിച്ചത്.

പോസ്റ്റ് ഓഫിസ് സേവിങ്സിന്‍െറ നിരക്ക് നാല് ശതമാനത്തില്‍ നിലനിര്‍ത്തി. അതേസമയം പോസ്റ്റ് ഓഫിസുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകള്‍ വെട്ടിക്കുറച്ചു. നിലവില്‍ 8.5 ശതമാനം റിട്ടേണ്‍ ലഭിച്ചിരുന്ന അഞ്ചു വര്‍ഷ നാഷനല്‍ സേവിങ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ 8.1 ശതമാനമായിരിക്കും റിട്ടേണ്‍. 8.4 ശതമാനം ലഭിച്ചിരുന്ന അഞ്ചുവര്‍ഷ പ്രതിമാസ വരുമാന അക്കൗണ്ടിന് ഇനി 7.8 ശതമാനമാവും ലഭിക്കുക.

പെണ്‍കുട്ടികള്‍ക്കായുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ടിന്‍െറ നിരക്ക് 9.2 ശതമാനത്തില്‍നിന്ന് 8.6 ശതമാനമായാണ് കുറച്ചത്. 9.3 ശതമാനം പലിശ ലഭിച്ചിരുന്ന മുതിര്‍ന്ന പൗരന്മാരുടെ സേവിങ് സ്കീമിന് 8.6 ശതമാനമായിരിക്കും പുതിയ നിരക്ക്. ഒന്നു മുതല്‍ മുന്നു വര്‍ഷം വരെയുള്ള പോസ്റ്റ് ഓഫിസ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.4 ശതമാനം ലഭിച്ചിരുന്നിടത്ത് ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷ നിക്ഷേപത്തിന് 7.1 ശതമാനവും രണ്ടുവര്‍ഷ നിക്ഷേപത്തിന് 7.2 ശതമാനവും മൂന്നുവര്‍ഷത്തിന് 7.4 ശതമാനവുമായിരിക്കും ലഭിക്കുക.

വിപണി നിരക്കുകള്‍ ഏകീകരിക്കുന്നതിന്‍െറ ഭാഗമായി ഫെബ്രുവരി 16ന് ഹ്രസ്വ കാല പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടെ നിരക്കുകള്‍ 0.25 ശതമാനം കുറച്ചിരുന്നു. എന്നാല്‍, സുകന്യ സമൃദ്ധി യോജന ഉള്‍പ്പെടെയുള്ളവ സാമൂഹിക സുരക്ഷ പദ്ധതികളായതിനാല്‍ പലിശ കുറക്കേണ്ട എന്നായിരുന്നു അന്ന് തീരുമാനിച്ചത്. ഇതാണ് ഇപ്പോള്‍ വീണ്ടും തിരുത്തിയത്.

മൂന്നു വര്‍ഷം വരെയുള്ള പോസ്റ്റ് ഓഫിസ് സ്ഥിര നിക്ഷേപങ്ങള്‍, കിസാന്‍ വികാസ് പത്ര, അഞ്ചുവര്‍ഷ റെക്കറിങ് നിക്ഷേപങ്ങള്‍ എന്നിവക്ക് ഇതേകാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളേക്കാള്‍ 0.25 ശതമാനം കൂടുതല്‍ പലിശ ലഭിച്ചിരുന്നു. ഇതാണ് നിര്‍ത്തലാക്കുന്നത്. നിലവില്‍ കിസാന്‍ വികാസ് പത്രയില്‍ 100 മാസം കൊണ്ടാണ് മുതല്‍ ഇരട്ടിക്കുന്നത്. ഇനി ഇതിന് 110 മാസമെടുക്കും. ഓരോ പാദത്തിലെയും നിരക്കുകള്‍ തൊട്ടുമുമ്പുള്ള മാസത്തിലെ 15ാം തീയതിയാവും ഇനി നിശ്ചയിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.