ലോകഭൂപടത്തിൽ കോഴിക്കോടിനെയും കേരളത്തെയും കൃത്യമായി അടയാളപ്പെടുത്താൻ, ലോകത്തിലെ ഏറ്റവും വലിയ വേൾഡ് ട്രേഡ് സെന്റർ പദ്ധതിയുമായി എത്തുകയാണ് ഹൈലൈറ്റ് ഗ്രൂപ്പ്. ഒരുകാലത്ത് വ്യാപാരരംഗത്ത് പേരുകേട്ട കോഴിക്കോട്ട് വേൾഡ് ട്രേഡ് സെന്റർ ഉയർന്നുപൊങ്ങുമ്പോൾ അത് പഴയ പ്രൗഢിയിലേക്കുള്ള ഒരു തിരിച്ചുപോക്കുകൂടിയായി മാറും. വ്യാപാരരംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിവെക്കുന്നതാകും ഈ പദ്ധതി. ഹൈലൈറ്റ് ഗ്രൂപ്പിന്റെ വേൾഡ് ട്രേഡ് സെന്റർ പ്രഖ്യാപനം മുതൽ ആകാംക്ഷയുടെ മുൾമുനയിലാണ് ഒരു നാട്. വേൾഡ് ട്രേഡ് സെന്ററിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ് സംസാരിക്കുന്നു.
എന്തുകൊണ്ടാണ് കോഴിക്കോട് തന്നെ വേൾഡ് ട്രേഡ് സെന്റർ തുടങ്ങാനായി തെരഞ്ഞെടുത്തതെന്ന് കുറേപേർ ചോദിക്കുന്നുണ്ട്. അതിന്റെ ആദ്യത്തെ കാര്യം കോഴിക്കോടിനോടുള്ള ഇഷ്ടംതന്നെ. ബാംഗ്ലൂരോ ചെന്നൈയിലോ കൊച്ചിയിലോ എവിടെ വേണമെങ്കിലും ഈ പ്രൊജക്ട് ചെയ്യാം. കൂടുതലിഷ്ടം കോഴിക്കോടിനോടാണ്. അതിൽ മറ്റൊരു കാര്യംകൂടിയുണ്ട്. പണ്ടുകാലംമുതൽ തന്നെ വ്യാപാര രംഗത്ത് ഏറെ അറിയപ്പെട്ടിരുന്ന സ്ഥലമായിരുന്നു കോഴിക്കോട്.
വാസ്കോഡഗാമ വന്ന കാലം മുതൽക്കിങ്ങോട്ട് വ്യാപാരരംഗത്ത് ലോകത്താകെ അറിയപ്പെട്ടിരുന്ന ഇടമായി കോഴിക്കോട് മാറിയിരുന്നു. എന്നാൽ പിന്നീട് അതിന്റെ പ്രതാപം കുറഞ്ഞുകൊണ്ടിരുന്നു. ഇന്ന് വ്യാപാരരംഗത്ത് മറ്റ് നഗരങ്ങളെ നോക്കിയാൽ കോഴിക്കോടിന്റെ സ്ഥാനം വളരെ പിറകിലാണെന്നുതന്നെ പറയാം. പണ്ടത്തെ വ്യാപാരമേഖലയിലുണ്ടായിരുന്ന കോഴിക്കോടിന്റെ ആ പ്രതാപം തിരിച്ചുകൊണ്ടുവരിക എന്നതാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ലക്ഷ്യം. അതാണ് വേൾഡ് ട്രേഡ് സെന്ററിലൂടെ സാധ്യമാകാൻ പോകുന്നത്. അതിന് പ്രാപ്തിയുള്ള നഗരമാണ് കോഴിക്കോട്.
അജിൽ മുഹമ്മദ്, സി.ഇ.ഒ ഹൈലൈറ്റ് ഗ്രൂപ്പ്
ദുബൈ പോലും ഇന്ന് കാണുന്ന ദുബൈ ആയത് അവിടെ വേൾഡ് ട്രേഡ് സെന്റർ വന്നതുമുതലാണ്. കോഴിക്കോടിനെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന, വ്യാപാരരംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന വലിയ സാധ്യതകളുള്ള പ്രൊജക്ട് ആയിരിക്കും ഈ വേൾഡ് ട്രേഡ് സെന്റർ എന്ന് ഉറപ്പ്. ഇവിടെയാണ് ഏറ്റവും നല്ല മാനവ വിഭവശേഷിയുള്ളതെന്നതാണ് മറ്റൊരു കാര്യം. ഏതൊരു കമ്പനിയും തുടങ്ങാൻ വേണ്ട ആദ്യ ഘടകം അതാണല്ലോ. ഇവിടുത്തെ ക്വാളിറ്റി ഓഫ് മാൻപവർ പൊട്ടൻഷ്യൽ കണ്ട് ലോകത്തിലെ വലിയ കമ്പനികൾ കേരളത്തിൽ പ്രവർത്തിക്കാൻ ഏറെ താൽപ്പര്യപ്പെടുന്നുണ്ട്. അത് കോഴിക്കോട് തരുന്ന ഉറപ്പുതന്നെയാണ്. ഇവിടുത്തെ ആതിഥ്യ മര്യാദയാണ് മറ്റൊന്ന്. ലോകംതന്നെ പ്രശംസിക്കുന്ന ഒന്നാണ് കോഴിക്കോടിന്റെയും മലബാറിന്റെയും ആതിഥ്യ മര്യാദ. അത് ഏറെ ഗുണകരമാകും എന്നുറപ്പ്.
വേൾഡ് ട്രേഡ് സെന്റർ അല്ലെങ്കിൽ ഡബ്ല്യു.ടി.സി. എന്നത് ഒരു അസോസിയേഷനാണ്. അവർ കൊടുക്കുന്ന ലൈസൻസാണ് വേൾഡ് ട്രേഡ് സെന്റർ തുടങ്ങാനായി എടുക്കുന്നത്. ന്യൂയോർക്ക് ആണ് അവരുടെ ആസ്ഥാനം. പല രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉൾക്കൊള്ളുന്നതാണ് ആ അസോസിയേഷൻ. അവരല്ല ഡെവലപ്പർ, അത് ലൈസൻസ് എടുക്കുന്നവരാണ്. അവരുടെ ലൈസൻസ് ലഭിക്കുക എന്നത് അത്ര എളുപ്പമല്ല. അതിന് ഒരുപാട് ഫോർമാലിറ്റീസ് തീർക്കേണ്ടതുണ്ട്. ഹൈലൈറ്റ് ഗ്രൂപ്പിന് ആ ലൈസൻസ് കിട്ടിക്കഴിഞ്ഞു. കോഴിക്കോട് ആസ്ഥാനമായിത്തന്നെയാണ് ലൈസൻസ് ലഭിച്ചത്. ഒന്നേകാൽ കോടി സ്ക്വയർഫീറ്റിലാണ് ഹൈലൈറ്റ് ഗ്രൂപ്പ് വേൾഡ് ട്രേഡ് സെന്റർ തയാറാക്കാൻ പോകുന്നത്.
ഹൈലൈറ്റ് വേൾഡ് ട്രേഡ് സെന്റർ അസോസിയേഷന് സമർപ്പിച്ച പ്ലാൻ അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ വേൾഡ് ട്രേഡ് സെന്ററായിരിക്കും കോഴിക്കോട്ടേത്. ഹൈലൈറ്റിന്റെ പ്ലാൻ പ്രകാരം ഓഫിസ് സ് േപസ് ആയിരിക്കും ഇതിലെ ഏറ്റവും പ്രധാനം. ഓഫിസ് സ് േപസ് മാത്രമായി 65 ലക്ഷം സ്ക്വയർഫീറ്റ് ഉണ്ടാകും. രണ്ട് ടവറുകളിലായിട്ടായിരിക്കും ഇത് വരുന്നത്. അതാണ് വേൾഡ് ട്രേഡ് സെന്ററിന്റെ പ്രധാന കെട്ടിടം. രണ്ട് ടവറിന് പുറത്ത് മറ്റു ഓഫിസ് ടവറുകളും ഉയരും. അതുകൂടാതെ ഡബ്ല്യു.ടി.സി റസിഡന്റ്സ് എന്ന പേരിൽ അപ്പാർട്ട്മെന്റുകൾ, ഹോട്ടൽ, കൺവെൻഷൻ സെന്റർ, എക്സിബിഷൻ സെന്റർ, പെർഫോമൻസ് തിയറ്റർ അങ്ങനെ നിരവധി കെട്ടിടങ്ങൾ വേൾഡ് ട്രേഡ് സെന്ററിന്റെ ഭാഗമായി ഉയരും.
വേൾഡ് ട്രേഡ് സെന്റർ ലേണിങ് പാർക്കിന്റെ പ്രവൃത്തികൾ നിലവിൽ ആരംഭിച്ചുകഴിഞ്ഞു. 2.14 ലക്ഷം സ്ക്വയർഫീറ്റിലാണ് ഇതിന്റെ ആദ്യഘട്ടം തുടങ്ങുന്നത്. പേരുപോലെതന്നെ ലേണിങ് പാർക്ക് എന്നത് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷനുകൾക്കായി മാത്രം നീക്കിവെക്കുന്ന സ് േപസ് ആയിരിക്കും. അവിടേക്കെത്തുന്നത് വിദ്യാർഥികൾ മാത്രമായിരിക്കും. എല്ലാ വിദ്യാഭ്യാസ മേഖലകളിലെയും ആഗോളതലത്തിൽതന്നെ പ്രശസ്തമായ, മികച്ച സ്ഥാപനങ്ങൾ ലേണിങ് പാർക്കിലുണ്ടാവും. എല്ലാ വിദ്യാർഥികളെയും ഒരു കുടക്കീഴിലെത്തിച്ച് കോ ലേണിങ് സാധ്യമാക്കുന്ന പ്രോജക്ട് കൂടിയാണ് ഡബ്ല്യു.ടി.സി ലേണിങ് പാർക്ക്. വലിയ ലൈബ്രറി, ആംഫി തിയറ്റർ തുടങ്ങി വിദ്യാർഥികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും.
10 വർഷത്തേക്കുള്ള പ്ലാനാണ് ഹൈലൈറ്റ് വേൾഡ് ട്രേഡ് സെന്ററിനായി തയാറാക്കുന്നത്. ആദ്യ ബിൽഡിങ് ആയ ഡബ്ല്യു.ടി.സി ലേണിങ് പാർക്കിന്റെ ജോലികൾ മാർച്ചിൽ പൂർത്തീകരിക്കും. വിവിധ കെട്ടിടങ്ങളിലായിട്ടായിരിക്കും വേൾഡ് ട്രേഡ് സെന്റർ ഒരുങ്ങുക. എല്ലാം 100 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന ഹൈലൈറ്റ് സിറ്റിയുടെ ഭാഗവുമായിരിക്കും. 2030ഓടെ വേൾഡ് ട്രേഡ് സെന്ററിന്റെ പ്രധാന ജോലികളെല്ലാം പൂർത്തീകരിക്കും.
ഡബ്ല്യു.ടി.സി ഇൻസ്റ്റിറ്റ്യൂട്ട് എന്നപേരിൽ ലോകത്തിലെ പ്രധാന സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും അഫിലിയേഷനുകളോടുകൂടി ഒരു ഗ്ലോബൽ കോളജും വേൾഡ് ട്രേഡ് സെന്ററിന്റെ ഭാഗമായി പ്രവർത്തനംതുടങ്ങും. ഹൈലൈറ്റ് ഗ്രൂപ്പ് തന്നെയായിരിക്കും ഈ കോളജിന്റെ നടത്തിപ്പ് ഏറ്റെടുക്കുക. വേൾഡ് ട്രേഡ് െസന്റർ കൂടാതെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലായി ഐ.ടി, ടെക് പാർക്കുകൾ അടക്കമുള്ള പുതിയ പ്രോജക്ടുകളും വൈകാതെ തുടങ്ങും.
വിവിധ മേഖലകളിലായി 1.35 ലക്ഷം പുതിയ നേരിട്ടുള്ള തൊഴിലവസരങ്ങളാണ് വേൾഡ് ട്രേഡ് സെന്റർ പ്രോജക്ടിലൂടെ ഹൈലൈറ്റ് ഗ്രൂപ്പ് മുന്നിൽ കാണുന്നത്. സമയവും പ്ലാൻ അനുസരിച്ചുള്ള അപ്രൂവലുകളുമാണ് പദ്ധതിയുടെ ഏറ്റവും വലിയ വെല്ലുവിളി. ഓരോ പ്രൊജക്ടും കൃത്യസമയത്ത് തീർക്കണമെങ്കിൽ വൈകാതെയുള്ള അപ്രൂവലുകൾ നിർബന്ധമാണ്. സർക്കാരിൽനിന്ന് വലിയ പിന്തുണയാണ് ഓരോന്നിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊന്ന്, ജനങ്ങൾ ഇതിനോടകം വേൾഡ് ട്രേഡ് സെന്റർ എന്ന ആശയത്തെ ഏറ്റെടുത്തു കഴിഞ്ഞു. അത് വലിയ കാര്യമാണ്. വികസനത്തിന് എല്ലാവരും കൊതിക്കുന്നുണ്ട്. ആരെങ്കിലും മുൻകൈയെടുത്ത് മുന്നേ നടക്കണം എന്നുമാത്രം. അത് ഹൈലൈറ്റ് കൃത്യമായി ചെയ്യുന്നുമുണ്ട്.
കേരളത്തിന് എല്ലാമുണ്ട്. ആളുകളും നല്ല ഭൂപ്രകൃതിയും നല്ല കാലാവസ്ഥയും എല്ലാം. ആളോഹരി വരുമാനത്തിലും നമ്മൾ ഏറെ മുൻപന്തിയിലാണ്. വളർച്ചാനിരക്കിലും ഏറെ മുന്നിൽനിൽക്കുന്നു. പക്ഷേ വികസനം എന്ന വാക്ക് മുഴുവനായി എടുക്കുമ്പോൾ എവിടെയോ നമുക്കൊരു പോരായ്മയുണ്ട്. മാനുഫാക്ചറിങ് എന്നത് കേരളത്തിൽ മുഴുവനായി സാധ്യമല്ലാത്ത ഒന്നാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ സ്ഥലലഭ്യത ഒരു പ്രശ്നംതന്നെയാണ്. അപ്പോൾപിന്നെ വികസനത്തിനായി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം ഐ.ടി മുതൽ ഓരോ മേഖലക്കും ഇവിടെ പ്രവർത്തിക്കാനുള്ള സൗകര്യവും സംവിധാനങ്ങളും ഒരുക്കുക എന്നതാണ്. അതിലൂടെ ഒരു ആഗോള ഹബ് തന്നെയായി കേരളം മാറും, വികസനമെത്തും, കേരളം ഇനിയും കുതിച്ചു മുന്നേറും. അതിനുള്ള വാതിലുകളാണ് ഹൈലൈറ്റ്ഗ്രൂപ്പ് തുറന്നിടുന്നത്.
അതിൽ പ്രധാനപ്പെട്ടതാണ് വേൾഡ് ട്രേഡ് സെന്റർ. പുറത്തേക്ക് ജോലിയന്വേഷിച്ചും പഠനാവശ്യത്തിനും പോകുന്നവരെ, അവർക്കുള്ള എല്ലാ സൗകര്യങ്ങളും കേരളത്തിൽതന്നെയൊരുക്കി തിരികെ കൊണ്ടുവരാൻ, ഒരു റിവേഴ്സ് മൈഗ്രേഷന് അവസരമൊരുക്കാൻ ഇതുവഴി സാധിക്കും. മറ്റൊന്ന് ഇത്തരത്തിലൊരു സംവിധാനം ഹൈലൈറ്റ് ഒരുക്കുമ്പോൾ അതിനെ പിൻപറ്റി കുറേയേറെ വികസനങ്ങൾ പിന്നെയും വരും.
ഗതാഗത സംവിധാനങ്ങൾ കൂടും. വിമാനത്താവളങ്ങൾ അടക്കമുള്ളവ നവീകരിക്കപ്പെടും. റെസിഡൻഷ്യൽ സാധ്യതകൾ വർധിക്കും. ടൗൺഷിപ്പുകളും ആശുപത്രികളും സ്കൂളുകളും വരും. കച്ചവടസാധ്യത കൂടും. എല്ലാം കേരളത്തിന്റെ വികസനത്തിന് വഴിയൊരുക്കുകയാണ് ചെയ്യുക. വേൾഡ് ട്രേഡ് സെന്ററിന്റെ ചുമലിലേറി വലിയ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് കേരളം. നാളെക്കായി പുത്തൻ വികസന മാതൃകകൾ മുന്നോട്ടുവെക്കുന്ന ഹൈലൈറ്റ് ഗ്രൂപ്പ് വികസന രംഗത്ത് പുതിയ മാതൃക തീർക്കുമെന്ന് ഉറപ്പ് നൽകുന്നു.
ഇത്രയും വലിയൊരു പ്രൊജക്ടിന് ഒരുങ്ങുമ്പോൾ ഞങ്ങളുടെ ടീമിന്റെതന്നെ വിശ്വാസം നേടിയെടുക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പക്ഷേ ഞങ്ങളുടെ വീക്ഷണത്തെ അവർ വിശ്വാസത്തിലെടുക്കുകയും കണ്ണടച്ച് ദൗത്യത്തിനൊപ്പം ചേരുകയും എല്ലാ പിന്തുണയും നൽകുകയും ചെയ്തു. 1.2 ബില്ല്യൺ ഡോളറിന്റെ ഇൻവെസ്റ്റ്മെന്റുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പദ്ധതികളിലായി ഹൈലൈറ്റ് ഗ്രൂപ്പ് ചെയ്യാൻ പോകുന്നത്. നൂറുശതമാനം വിജയമാകുമെന്നാണ് വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.