കഴിഞ്ഞ വാരത്തിലെ തകർച്ച ഈ ആഴ്ച മറികടക്കുമോ ? പ്രതീക്ഷയിൽ വിപണി

കൊച്ചി: ഓഹരി സൂചികയ്‌ക്ക്‌ നേരിട്ട തകർച്ചയ്‌ക്ക്‌ മുന്നിൽ പകച്ച്‌ നിൽക്കാൻ മാത്രമേ കഴിഞ്ഞവാരം പ്രാദേശിക നിക്ഷേപകർക്കായുള്ളു. രണ്ട്‌ വർഷത്തിനിടയിലെ ഏറ്റവും കനത്ത തകർച്ചയിലേയ്‌ക്ക്‌ സൂചിക നീങ്ങിയ വേളയിൽ ഊഹക്കച്ചവടക്കാർ വിൽപ്പനയ്‌ക്ക്‌ മത്സരിച്ചു. വിദേശ ഫണ്ടുകൾ പിന്നിട്ടവാരത്തിലും ബാധ്യതകൾ കുറക്കുന്നതിന്‌ തന്നെയാണ്‌ മുൻ തൂക്കം നൽകിയത്‌. ബി.എസ്‌.ഇ സൂചിക 2041 പോയിൻറ്റും എൻ.എസ്‌.ഇ 629 പോയിൻറ്റും പ്രതിവാരനഷ്‌ടത്തിലാണ്‌.

വിദേശ ഓപ്പറേറ്റർമാർ മുൻ നിര രണ്ടാം നിര ഓഹരികൾ കനത്തതോതിൽ വിൽപ്പന നടത്തി. അഞ്ച്‌ ദിവസങ്ങളിൽ അവർ മൊത്തം 19,968 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതിനിടയിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 18,202 കോടി രൂപയുടെ ഓഹരികൾ വാരി കൂട്ടിയെങ്കിലും വിപണിയിലെ തകർച്ചയെ തടയാനായില്ല. മുൻ നിര ഇൻഡക്‌സുകൾ പിന്നിട്ടവാരം നാല്‌ ശതമാനത്തിന്‌ അടുത്ത്‌ ഇടിഞ്ഞു.

തുടർച്ചയായി ആറ്‌ ദിവസങ്ങളിൽ നഷ്‌ടത്തിലാണ്‌ ഇന്ത്യൻ മാർക്കറ്റിൽ വ്യാപാരം നടന്നത്‌. അഞ്ചാം വാരമാണ്‌ വിപണി നഷ്‌ടത്തിൽ നീങ്ങുന്നത്‌. ബോംബെ സെൻസെക്‌സ്‌ മുൻവാരത്തിലെ 54,835 ൽ നിന്നും തകർച്ചയോടെയാണ്‌ ട്രേഡിങിന്‌ തുടക്കം കുറിച്ചത്‌.

ഒരിക്കൽ പോലും പിന്നീട്‌ ആ റേഞ്ചിലേയ്‌ക്ക്‌ തിരിച്ചു വരവിന്‌ അവസരം നൽക്കാത്ത വിധം ഫണ്ടുകൾ വിൽപ്പനക്ക്‌മത്സരിച്ചതോടെ ആടി ഉലഞ്ഞ ഇന്ത്യൻ മാർക്കറ്റ്‌ ഒരവസരത്തിൽ 52,654 വരെ ഇടിഞ്ഞു. വാരാന്ത്യ ദിനത്തിൽ ഓപ്പറേറ്ററമാർ ഷോട്ട്‌ കവറിങിന്‌ രംഗത്ത്‌ ഇറങ്ങിയത്‌ വെളളിയാഴ്‌ച്ച ഇടപാടുകളുടെ ആദ്യ പകുതിയിൽ സൂചികയിൽ ഉണർവ്‌ സൃഷ്‌ടിച്ചതോടെ 53,785 ലേയ്‌ക്ക്‌ കയറിയെങ്കിലും മാർക്കറ്റ്‌ ക്ലോസിങിൽ 52,793 പോയിന്റിലാണ്‌. ഈ വാരം 52,028 ലെ ആദ്യ സപ്പോർട്ട്‌ നിലനിർത്തി 54,183 ലേയ്‌ക്ക്‌ തിരിച്ചു വരവിന്‌ ശ്രമം നടത്താം.

നിഫ്‌റ്റിക്ക്‌ എറെ നിർണ്ണായകമായ 16,000 പോയിൻറ്റിലെ താങ്ങ്‌ നഷ്‌ടപ്പെട്ട അവസ്ഥയിലാണ്‌. 16,411 പോയിന്റിൽ നിന്നും നിഫ്‌റ്റി 15,735 വരെ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 15,782 പോയിൻറ്റിലാണ്‌. ഇതിനിടയിൽ 16,083 ലേയ്‌ക്ക്‌ വാരാന്ത്യ ദിനം ഒരു തിരിച്ചു വരവ്‌ നടത്തിയെങ്കിലും ആ റാലിക്ക്‌ അൽപ്പായൂസ്‌ മാത്രമേ ലഭിച്ചുള്ളു.

ഈ വാരം 15,550 ലെ താങ്ങ്‌ നിലനിർത്താനുള്ള നീക്കം വിജയിച്ചാൽ വീണ്ടും 16,000 ലേയ്‌ക്കും തുടർന്ന്‌ 16,203 ലേയ്‌ക്കും ഉയരാൻ ശ്രമം നടത്താം. മുൻ നിര ഓഹരികളായ എസ്.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഐ.സി.ഐ സി.ഐ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌, ഇൻഫോസിസ്‌, വിപ്രോ, ഐ.ടി.സി, ടാറ്റാ സ്‌റ്റീൽ, എയർടെൽ, ആർ.ഐ.എൽ, ഹിൻഡാൽക്കോ, എൽ ആൻറ്റ്‌ ടി, ബി.പി.സി.എൽ, മാരുതി തുടങ്ങിയവയ്‌ക്ക്‌ തിരിച്ചടി നേരിട്ടു.

ബജാജ്‌ ഓട്ടോ എച്ച്‌.യു.എൽ തുടങ്ങിയ എതാനും ഓഹരികൾക്ക്‌ മാത്രമേ കരുത്ത്‌ നിലനിർത്താനായുള്ളു. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കനത്ത തകർച്ചയിലേയ്‌ക്ക്‌ നീങ്ങി. മുൻവാരം 76.95ൽ നിലകൊണ്ട വിനിമയ നിരക്ക്‌ വിദേശ ഫണ്ടുകളുടെ ശക്തമായ പിൻമാറൽ മൂലം 77.70 വരെ മൂല്യ തകർച്ച സംഭവിച്ച ശേഷം വ്യാപാരാന്ത്യം ഡോളറിന്‌ മുന്നിൽ 77.44 ലാണ്‌. ആഭ്യന്തര പണപ്പെരുപ്പം രുക്ഷമാക്കുന്നസാഹചര്യത്തിൽ കേന്ദ്ര ബാങ്ക്‌ വീണ്ടും പലിശ നിരക്കിൽ ഭേദഗതികൾക്ക്‌ നീക്കം നടത്താം. ചില്ലറ വിൽപ്പന വിപണിയിൽ പണപ്പെരുപ്പം തുടർച്ചയായ ഏഴാം മാസവും ഉയർന്ന്‌ 7.79 ശതമാനത്തിൽ എത്തി.

എട്ട്‌ വർഷത്തിനിടയിൽ പണപ്പെരുപ്പം ഇത്രയേറെ ഉയരുന്നത്‌ ആദ്യമാണ്‌. മെയ്‌ ആദ്യം റിപ്പോ നിരക്ക്‌ ആർ ബി ഐ ഉയർത്തിയിരുന്നു. കേന്ദ്ര ബാങ്ക്‌ മറ്റ്‌ ബാങ്കുകൾക്ക്‌ നൽക്കുന്ന പലിശ നിരക്കാണ്‌ റിപ്പോ, ഇത്‌ ഉയർന്നാൽ സ്വാഭാവികമായും രാജ്യത്തെ മറ്റ്‌ ബാങ്കുകൾ പലിശ ഉയർത്താൻ നിർബന്ധിതമാകും. രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന്‌ 110 ഡോളറിലാണ്‌. അതേ സമയം സ്വർണ വിപണിയിൽ ശക്തമായ വിൽപ്പന സമ്മർദ്ദംദൃശ്യമായി. ട്രോയ്‌ ഔൺസിന്‌ 1882 ഡോളറിൽ നിന്നും 1811 ഡോളറിലേയ്‌ക്ക്‌ ഇടിഞ്ഞു.

Tags:    
News Summary - Will this week's overcome last week's crash? Market in anticipation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT