സെൻസെക്​സ്​ 50,000 തൊടുമോ ?

കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിൽ വാരാന്ത്യം സംഭവിച്ച സാങ്കേതിക തിരുത്തൽ വിൽപ്പന സമ്മർദ്ദമായി മാറുമോയെന്ന ആശങ്കയിലാണ്‌ ഒരു വിഭാഗം നിക്ഷേപകർ. അതേ സമയം വിപണിയിലെ തിരുത്തൽ കൂടുതൽ മുന്നേറ്റത്തിന്‌ ആവശ്യമായ കരുത്ത്‌ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ്‌ മറ്റൊരു കൂട്ടർ. സെൻസെക്‌സ്‌ തുടർച്ചയായ പതിനൊന്നാം വാരത്തിലും മികവ്‌ നിലനിർത്തിയത്‌ ശുഭസൂചനയായി വിലയിരുത്തുന്നു.

ബോംബെ സൂചിക 252 പോയിൻറ്റും നിഫ്‌റ്റി 86 പോയിൻറ്റും കഴിഞ്ഞവാരം ഉയർന്നു. നവംബർ‐ഡിസംബർ കാലയളവയിലെകുതിപ്പിന്‍റെ ആവർത്തനത്തിലാണ്‌ പിന്നിട്ടവാരത്തിലും ഇന്ത്യൻ മാർക്കറ്റിൽ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ചത്‌. വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻ നിര ഓഹരികളിൽ കാണിച്ച താൽപര്യം വിപണിയുടെ അടിയോഴുക്ക്‌ ശക്തമാക്കി. ​

കോർപ്പറേറ്റ്‌ മേഖലയിൽ നിന്നുള്ള തിളക്കമാർന്ന ത്രൈമാസ പ്രവത്തന റിപ്പോർട്ടുകളുടെ വരവും വിപണിയിലെ ഉത്സാഹം ഇരട്ടിപ്പിച്ചു. 48,782 ൽ നിന്ന്‌ സെൻസെക്‌സ്‌ 49,252 ലേയ്‌ക്ക്‌ ഉയർന്നാണ്‌ തിങ്കളാഴ്‌ച്ച ട്രേഡിങിന്‌ തുടക്കം കുറിച്ചത്‌. തുടർന്നുള്ള ദിവസങ്ങളിലും തിളങ്ങിയ സൂചിക ഒരു വേള എക്കാലത്തെയും ഉയർന്ന നിലവാരമായ 49,795 വരെ കയറി ശേഷം 48,956 ലേയ്‌ക്ക്‌ സാങ്കേതിക തിരുത്തൽ നടത്തിയെങ്കിലും ക്ലോസിങിൽ വിപണി 49,034 പോയിൻറ്റിലാണ്‌. സൂചിക 50,000 പോയിൻറ്റിലേയ്‌ക്ക്‌ ഈ വാരം പ്രവേശിക്കുമെന്ന കണക്ക്‌ കൂട്ടലിലാണ്‌ വലിയോരു വിഭാഗം ഓപ്പറേറ്റർമാർ.

അതേ സമയം വാരാന്ത്യത്തിലെ തിരുത്തൽ വരും ദിനങ്ങളിലും ആവർത്തിക്കാനുള്ള സാധ്യതകൾ തള്ളികളയാനാവില്ലെങ്കിലും പ്രീ ബജറ്റ്‌ റാലിക്കുള്ള നീക്കങ്ങളും വിപണിയിൽ അരങ്ങേറാം. ഈവാരം 49,567 ലെ പ്രതിരോധം തകർക്കാനായാൽ 50,100 ലേയ്‌ക്ക്‌ ചുവടുവെക്കാനുള്ള സാധ്യതകൾക്ക്‌ ശക്തിയേറും, അതേ സമയം ലാഭമെടുപ്പ്‌ വിൽപ്പന സമ്മർദ്ദമായി മാറിയാൽ 48,728‐48,422 റേഞ്ചിൽ താങ്ങ്‌ പ്രതീക്ഷിക്കാം.

ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി ഒരിക്കൽ കൂടി റെക്കോർഡ് പ്രകടനം കാഴ്‌ച്ചവെച്ചു. മുൻവാരത്തിലെ 14,347 പോയിൻറ്റിൽ നിന്ന്‌ സൂചിക 14,653 വരെ കയറിയ ശേഷം വാരാന്ത്യം 14,433 പോയിൻറ്റിലാണ്‌. പ്രതിദിന ചാർട്ടിൽ വിപണി ബുള്ളിഷ്‌ മനോഭാവം തുടരുന്നതിനാൽതാഴ്ന്ന റേഞ്ചിൽ ഫണ്ടുകൾ വീണ്ടും വാങ്ങൽ താൽപര്യം കാണിക്കാം.

തിങ്കളാഴ്‌ച്ച 14,320 ലെ സപ്പോർട്ട്‌ നിലനിർത്തിയാൽ ഒരിക്കൽ കൂടി 14,617 ലേയ്‌ക്ക്‌ സൂചിക കരുത്ത്‌ കാണിക്കാം.അതേ സമയം ആദ്യ സപ്പോർട്ട്‌ കൈമോശം വന്നാൽ തിരുത്തലിന്‌ ആക്കം വർധിക്കും. നിഫ്‌റ്റി സൂചിക നവംബറിന്‌ ശേഷം ഉയർന്നത്‌ 25 ശതമാനമാണ്‌. വിദേശ ഫണ്ടുകളുടെ ശക്തമായ പിന്തുണയാണ്‌ ഈ കുതിപ്പിന്‌ അവസരം ഒരുക്കിയത്‌.

ഓപ്പറേറ്റർമാർ ടെക്‌നോളജി വിഭാഗം ഓഹരികളിലാണ്‌ വാരാവസാനം ലാഭമെടുപ്പിന്‌ മത്സരിച്ചത്‌. കോർപ്പറേറ്റ്‌ ഭീമൻമാരുടെ പ്രവർത്തന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള ലാഭമെടുപ്പിൽ മുൻ നിര ഓഹരികളുടെ വിലയിൽ കനത്തചാഞ്ചാട്ടമുണ്ടായി. എച്ച്‌ .സി.എൽ, ടെക്‌മഹീന്ദ്ര,വിപ്രോ, ഇൻഫോസീസ്‌ തുടങ്ങിവയുടെ നിരക്ക്‌ രണ്ട്‌ മൂതൽ മൂന്ന്‌ ശതമാനം വരെ കുറഞ്ഞു. ടാറ്റാ മോട്ടേഴ്‌സ്‌ ഓഹരി വില ശ്രദ്ധിക്കപ്പെട്ടു. പൊതുമേഖലാ ഓഹരികളിൽ ചാഞ്ചാട്ട സാധ്യതനിലനിൽക്കുന്നു.

അതേ സമയം ഓപ്പറേറ്റർമാർ പെട്രോളിയം‐ഗ്യാസ്‌ വിഭാഗം ഓഹരികളിലേയ്‌ക്ക്‌ ചുവടു മാറ്റാനുള്ള സാധ്യത നിലനിൽക്കുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ്‌ ഓയിൽ വില ഉയരുന്നത്‌ ഈ വിഭാഗങ്ങൾക്ക്‌ നേട്ടം പകരാം.ടാറ്റാ മോട്ടേഴ്‌സ്‌ 260 രൂപയിലും എയർടെൽ 602 ലും ഐ.ട.സി 217 ലും എം ആൻറ്‌ എം819, എസ്​.ബി.ഐ 303, ഐ.ഒ.സി 101, ടി.സി.എസ്‌ 3233, ബി.പി.സി.എൽ 414, ഇൻഫോസലസ്‌ 1345, കോൾ ഇന്ത്യ 143, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌ 1466, ബജാജ്‌ ഓട്ടോ 3580, ഒ.എൻ.ജി.സി 101, ആർ.ഐ.എൽ 1937, ഐ.സി.ഐ.സി.ഐ ബാങ്ക്‌ 542, മാരുതി സുസുക്കി 8021 രൂപയിലുമാണ്‌ വാരാന്ത്യം.

Tags:    
News Summary - Will the Sensex touch 50,000?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT