ഉടനൊന്നും ഇന്ധന വില കുറയില്ല- കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

ന്യൂഡല്‍ഹി: കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ ലഭ്യമാകുന്നതുവര ഇന്ധന വില കുറയുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. നിലവിൽ പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഇന്ധനം മാസങ്ങൾക്ക് മുമ്പ് വാങ്ങിയ ക്രൂഡ് ഓയിലിൽ നിന്നുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജൂൺ അവസാന പാദത്തിൽ എൽ.പി.ജി, പെട്രോൾ, ഡീസൽ എന്നിവയുടെ വിൽപ്പനയിലൂടെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് ഏകദേശം 74,781 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും മന്ത്രി അറിയിച്ചു.

മാസങ്ങൾക്ക് മുമ്പ് വാങ്ങിയ ക്രൂഡ് ഓയിൽ

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം അസംസ്കൃത എണ്ണയുടെയും ചരക്ക്-ഇൻഷുറൻസ് ചെലവുകളുടെയും വില ഉയർന്ന സമയത്താണ് നിലവിൽ വിൽക്കുന്ന ഇന്ധനത്തിനായുള്ള ക്രൂഡ് ഓയിൽ വാങ്ങിയത്. പൊതുവേ, അസംസ്കൃത എണ്ണ ലഭിക്കുന്നതിന് ഏകദേശം രണ്ട് മാസം മുമ്പ് തന്നെ റിഫൈനറികൾ അതിന്‍റെ പർച്ചേസ് കരാറുകൾ ഉറപ്പിക്കാറുണ്ട്.

ഈ വർഷം ഏപ്രിലിൽ പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായപ്പോൾ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ വരെ ഉയർന്നിരുന്നു. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം ഇത് 70.15 ഡോളറിലേക്ക് താഴ്ന്നു. ഇന്ധന ഉൽപ്പാദനച്ചെലവും വിൽപന വിലയും തമ്മിലുള്ള വ്യത്യാസം കാരണം എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം ജൂൺ അവസാന പാദത്തിൽ 1.89 ലക്ഷം കോടി രൂപയാണെന്ന് മന്ത്രി പറഞ്ഞു. ഇതിൽ പെട്രോളിൽ നിന്ന് 19,905 കോടിയും, ഡീസലിൽ നിന്ന് ഏകദേശം 1.45 ലക്ഷം കോടിയും, എൽ.പി.ജിയിൽ നിന്ന് 24,148 കോടി രൂപയുമാണ് നഷ്ടം.

ഭാവിയിലെ എണ്ണവിലയെക്കുറിച്ച്  ആശങ്കയില്ലെന്നും ക്രൂഡ് ഓയിൽ വില കുറഞ്ഞിരിക്കുമ്പോൾ അത് സംഭരിക്കുക, സംഭരണ ശേഷി വർധിപ്പിക്കുക, ഉഭയകക്ഷി പങ്കാളികളുമായി സഹകരണം ശക്തമാക്കുക എന്നിവയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 76 മുതൽ 80 ദിവസം വരെ ആവശ്യമായ എണ്ണ സ്റ്റോക്ക് ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ റിസ്ക് എടുക്കാൻ തയ്യാറല്ലെന്നും സംഭരണ ശേഷി ഇനിയും വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - fuel price will not fall untill get cheap crude oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.