ഓണത്തിന് നാളുകൾ ബാക്കിയുണ്ടെങ്കിലും കേരളത്തിലെ വിപണികളിൽ പൂവിളി ഉയർന്നുകഴിഞ്ഞു. വമ്പൻ ഓഫറുകളുമായി ഗൃഹോപകരണ നിർമാതാക്കളും വസ്ത്രശാലകളും ഇറങ്ങിയതോടെ ഇനി കച്ചവടത്തിരക്കിന്‍റെ നാളുകളാണ്. എക്സ്ചേഞ്ച് മേളകൾക്കൊപ്പം ഓഫറുകളുടെ പെരുമഴയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓണം അടുത്തതോടെ വാഹന വിപണിയിലും ആവേശം പ്രകടമാണ്. വൻകിട ഷോറൂമുകൾക്കൊപ്പം ഉൽപന്നങ്ങൾക്ക് വൻ റിബേറ്റുമായി സർക്കാർ സംവിധാനങ്ങളും കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ ലഭ്യമാക്കി വിപണി പിടിക്കാൻ ചെറുകിട കച്ചവടക്കാരും എത്തിക്കഴിഞ്ഞു. എന്നാൽ, ഭക്ഷ്യവസ്തുക്കൾക്ക് ഉൾപ്പെടെ വൻ വിലവർധന വിപണിയിൽ വളരെ പ്രകടമാണ്. ഓണാഘോഷം പോക്കറ്റ് കാലിയാക്കുമോയെന്ന ആശങ്കയും സാധാരണക്കാരായ ഉപഭോക്താക്കൾക്കുണ്ട്.
ഓണക്കാലം രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിർമാതാക്കൾക്കെല്ലാം ചാകരയാണ്. ഭൂരിഭാഗം കമ്പനികളും കേരളത്തിൽ നിന്നുള്ള അവരുടെ വിൽപനയുടെ 60 ശതമാനത്തോളം നേടുന്നത് ഓണനാളുകളിലാണ്. അതുകൊണ്ടുതന്നെ ഈ സീസൺ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കമ്പനികൾ. പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡുകളും റീട്ടെയിൽ ശൃംഖലകളും വൻ വിലക്കിഴിവുകളും കാഷ്ബാക്ക് ഓഫറുകളും എന്നുവേണ്ട പലിശരഹിത തവണ പദ്ധതികളും വരെ ഒരുക്കുന്നുണ്ട്. കൂടാതെ ഉപഭോക്താക്കളെ കാത്ത് നിരവധി സമ്മാനങ്ങളുമുണ്ട്.
പട്ടിണിയുടെ കർക്കടകം കഴിഞ്ഞെത്തുന്ന പൊന്നിൻ ചിങ്ങത്തിലെ ഓണം സമൃദ്ധിയുടെ നാളാണ്. പുതുകോടി ഈ ആഘോഷത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഘടകവും. പട്ടിണിയുടെ കാലം അകലുകയും ട്രെൻഡുകൾ പലത് മാറുകയും ചെയ്തെങ്കിലും ഓണക്കോടിയുടെ കാര്യത്തിൽ ഇന്നും മാറ്റമില്ല. പുതുഡിസൈനുകളും ഇളവുകളും സമ്മാന പദ്ധതികളും ഒരുക്കി കലേക്കൂട്ടി ഒരുങ്ങിയിരിക്കുകയാണ് വൻകിട വസ്ത്രവ്യാപാര സ്ഥാപനങ്ങളും ചെറുകിട കച്ചവടസ്ഥാപനങ്ങളും. കീശ ഒട്ടും കാലിയാക്കാതെ പുതുവസ്ത്രങ്ങൾ ഒരുക്കാൻ വഴിക്കച്ചവടക്കാരും പലവിധ വസ്ത്രങ്ങളുടെ ശേഖരവുമായി ഒരുങ്ങിയിട്ടുണ്ട്. ഓണം നാളുകൾ അടുക്കുന്നതോടെ ഈ വിപണികൾ കൂടുതൽ സജീവമാവും.
കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഓണാഘോഷങ്ങളോട് അനുബന്ധിച്ച് ഓഫറുകളും സമ്മാന പദ്ധതികളും ഇളവുകളും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
കേരളത്തിലെ ചെറു നഗരങ്ങളിലെ സ്ഥാപനങ്ങളും ഓണത്തിന്‍റെ വരവറിയിച്ച് അണിഞ്ഞൊരുങ്ങിയതിനൊപ്പം തങ്ങളുടെ പരമ്പരാഗത ഉപഭോക്താക്കളെ ചേർത്തുനിർത്താൻ ഇളവുകളും സമ്മാന പദ്ധതികളും നടപ്പാക്കുന്നുണ്ട്.
ഓണക്കാലം പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ ഉത്സവകാലം കൂടിയാണ്. ഈ മേഖലയിലെ 80 ശതമാനം വാർഷിക വ്യാപാരം നടക്കുന്ന സമയം കൂടിയാണിത്. പരമ്പരാഗത കേരള കസവ് സാരിയും മുണ്ടും കൈത്തറി വസ്ത്രങ്ങൾക്കുമൊപ്പം ബെഡ് ഷീറ്റ് ഉൾപ്പെടെയുള്ളവയും ഏറെ വിറ്റഴിയുന്ന കാലം. മലയാളികളുടെ കീശക്കിണങ്ങുംവിധം ഈ വസ്ത്രങ്ങളുടെ ശ്രേണിയൊരുക്കാൻ സർക്കാർ സംവിധാനങ്ങൾ റിബേറ്റും സമ്മാന പദ്ധതികളുമായി വിപണിയിൽ സജീവമായിക്കഴിഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലെ സർക്കാർ നിയന്ത്രിത കൈത്തറി കരകൗശല സ്ഥാപനങ്ങളുടെ ഷോറൂമുകളും ഇളവുകളുമായി രംഗത്തുണ്ട്. ഇത്തരം ഉൽപന്നങ്ങൾക്കായുള്ള മേളകളും ആരംഭിച്ചുകഴിഞ്ഞു.
കേരള സർക്കാർ ഓണാഘോഷങ്ങളോട് അനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വഴി ഖാദി വസ്ത്രങ്ങൾക്ക് വിപുലമായ ഓഫറുകളും സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്.
ഖാദിയാണെങ്കിലും കാലത്തിനൊത്ത് അവരും മാറിക്കഴിഞ്ഞു. ഖാദി ബോർഡിന്റെ ‘പാപ്പിലിയോ’ എന്ന ബ്രാൻഡിൽ ഇറങ്ങിയ ട്രെൻഡിങ് ചുരിദാർ ടോപ്പുകൾ, കുട്ടി ഉടുപ്പുകൾ, ജുബ്ബകൾ, ഡിസൈനർ ഖാദി കസവ് സാരികൾ എന്നിവയും വിവിധ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ ഖാദി ഷോറൂമുകളിലും പ്രധാന നഗരങ്ങളിൽ ഒരുക്കിയിട്ടുള്ള പ്രത്യേക പ്രദർശന നഗരികളിലും ഓഫറുകൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.