‘ഹിൽസ’ വ്യാപാരത്തിൽ ചരിത്രമാറ്റം; ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത് ബംഗ്ലാദേശ്
ധാക്ക: പരമ്പരാഗതമായി ‘ഹിൽസ’ മത്സ്യ ഉത്പാദനത്തിൽ ആഗോളതലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ബംഗ്ലാദേശ്, ചരിത്രത്തിലാദ്യമായി ആഭ്യന്തര ക്ഷാമം പരിഹരിക്കാൻ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നു. ഈ വർഷം ആഭ്യന്തര ഉത്പാദനത്തിൽ ഉണ്ടായ വൻ ഇടിവാണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി ആശ്രയിക്കാൻ കച്ചവടക്കാരെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 500 ടൺ 'ഹിൽസ' മത്സ്യം ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റി അയച്ചതായി ഹൗറ ഹോൾസെയിൽ ഫിഷ് ഇംപോർട്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. വരും ആഴ്ചകളിൽ 150 മുതൽ 200 ടൺ വരെ മത്സ്യം കൂടി കയറ്റി അയക്കാൻ സാധ്യതയുണ്ട്. സാധാരണയായി ബോൽ, രോഹു, പാർസെ തുടങ്ങിയ മത്സ്യങ്ങളാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റി അയച്ചിരുന്നത്.
ഗുജറാത്തിൽ നിന്നുള്ള 'ഹിൽസ' മത്സ്യങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ ഡിമാൻഡ് വളരെ കുറവാണെങ്കിലും, കൂടുതൽ മീൻമുട്ടകൾ കാണപ്പെടാറുള്ള ഇവക്ക് ബഗ്ലാദേശിലെ മാർക്കറ്റുകളിൽ വൻ തോതിൽ ആവശ്യക്കാരുണ്ട്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ മത്സ്യങ്ങളുടെ മുട്ടകൾ വേർതിരിച്ച് പ്രത്യേക പ്രോസസിങ് നടത്തി മറ്റു അന്താരാഷ്ട്ര വിപണികളിലേക്കും ഇവർ കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ, ബംഗ്ലാദേശിലെ ആഭ്യന്തര വിപണിയിൽ ഉണക്കമീനായും ഇവ വിറ്റഴിക്കുന്നു.
സാധാരണയായി ദുർഗ്ഗാ പൂജയോട് അനുബന്ധിച്ച് ബംഗ്ലാദേശിലെ പദ്മ നദിയിൽ നിന്നുള്ള 'ഹിൽസ' മത്സ്യങ്ങൾ ഇന്ത്യയിലേക്ക് സമ്മാനമായി എത്താറാണ് പതിവ്. കഴിഞ്ഞ വർഷം ഉത്സവ സീസണിൽ 1200 ടൺ ഹിൽസ ഇന്ത്യയിലേക്ക് കയറ്റി അയക്കാൻ ബംഗ്ലാദേശ് സർക്കാർ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.