തൃശൂർ: അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് തടസ്സം നേരിട്ടതും യുദ്ധസാഹചര്യവും മൂലം മാങ്ങക്ക് വിലയിടിഞ്ഞതോടെ പ്രതിസന്ധിയിലായ തമിഴ്നാട്ടിലെയും കർണാടകയിലെയും മാമ്പഴകർഷകർക്ക് കേരളത്തിൽ പ്രതീക്ഷ. കേരളത്തിലെ കർഷക ഗ്രൂപ്പുകളും വ്യാപാരികളും വഴി കേരളത്തിൽ വിൽക്കാനാണ് ശ്രമം. കിലോക്ക് പത്തു രൂപപോലും ലഭിക്കാനാകാത്ത സാഹചര്യമുണ്ടായതോടെ തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രപ്രദേശിലും കർഷകർ പ്രതിസന്ധിയിലാണ്.
മുംബൈയിൽനിന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ച 15 കപ്പൽ മാമ്പഴം നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാണിച്ചാണ് തിരിച്ചയച്ചത്. പ്രസിഡന്റ് ട്രംപിന്റെ നികുതിവിവാദങ്ങൾക്കിടയിലാണിത്. കാർഗോ ചെലവ് താങ്ങാനാകാത്തതിനാൽ ഈ മാമ്പഴം അവിടെവെച്ചുതന്നെ നശിപ്പിച്ചു. 4.3 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായത്. ഈ വിഷയത്തിൽ പരിഹാരം ഉണ്ടാകാത്തതിനാൽ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് കർഷകർ മടിച്ചുനിൽക്കുകയാണ്.
റഷ്യ- യുക്രെയ്ൻ യുദ്ധവും ഇറാൻ- ഇസ്രായേൽ സംഘർഷവും അടക്കം കാര്യങ്ങളും വില കുറയാൻ കാരണമായിട്ടുണ്ട്. സാഹചര്യം മുതലെടുത്ത് പൾപ്പ് നിർമിക്കുന്ന കമ്പനികളും വില ഇടിച്ചു. ഈ സാഹചര്യത്തിലാണ് കയറ്റുമതി നിലവാരമുള്ള മാമ്പഴം കേരളത്തിലേക്ക് കൂടുതലായി എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. വിവിധ കാർഷിക കൂട്ടായ്മകളെ അടക്കം ഉൾക്കൊള്ളിച്ചാണ് വിപണി കണ്ടെത്താൻ ശ്രമിക്കുന്നതെന്ന് കാർഷിക മേഖലയിലെ ആക്ടിവിസ്റ്റായ അനിൽ ജോസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
തൃശൂർ: തമിഴ്നാട്ടിലെ മാമ്പഴകർഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഓരോ ആഴ്ചയും അഞ്ച് ടൺ വീതം മാമ്പഴം കേരളവിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ട് ‘ചക്കക്കൂട്ടം’ സന്നദ്ധ കർഷകസംഘം. ജൈവ കൃഷിയിലൂടെ ലഭിച്ച മാമ്പഴമാണ് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ സൂപ്പർമാർക്കറ്റുകളും വിപണികളും വഴി വിൽക്കുകയെന്ന് ‘ചക്കക്കൂട്ടം’ കോഓഡിനേറ്റർ അനിൽ ജോസ് പറഞ്ഞു. ആറിനം മാമ്പഴമാണ് വിപണിയിലെത്തിക്കുക. മൊത്തമായി വാങ്ങാൻ താൽപര്യമുള്ളവർ 87140 98430 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അനിൽ ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.