മുംബൈ: ഓഹരി വിപണിയിൽ ചെറുകിട നിക്ഷേപകരുടെ സുരക്ഷ ഉറപ്പുവരുത്താൻ വീണ്ടും സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ നീക്കം. പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) ക്ക് മുമ്പ് സ്വകാര്യ കമ്പനികളിൽ നിക്ഷേപമിറക്കുന്നത് മ്യൂച്ച്വൽ ഫണ്ടുകൾ നിർത്തണമെന്ന് സെബി നിർദേശം നൽകി.
മ്യൂച്ച്വൽ ഫണ്ട് റെഗുലേഷനിലെ ചില ചട്ടങ്ങൾ സംബന്ധിച്ച് മ്യൂച്ച്വൽ ഫണ്ട് കമ്പനികളും അസോസിയേഷൻ ഓഫ് മ്യൂച്ച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ (എ.എം.എഫ്.ഐ) യും വിശദീകരണ തേടിയതിന് പിന്നാലെയാണ് സെബിയുടെ മറുപടി.
ഇനി മുതൽ മ്യൂച്ച്വൽ ഫണ്ടുകൾക്ക് ഐ.പി.ഒകളിലേക്ക് നേരിട്ടും അല്ലെങ്കിൽ ഇൻഷൂറൻസ് കമ്പനികൾ, ബാങ്കുകൾ, നിക്ഷേപ സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ട് എന്നിവർക്ക് വേണ്ടിയും നിക്ഷേപം നടത്താം. അതേസമയം, ഐ.പി.ഒക്ക് തയാറെടുക്കുന്ന കമ്പനികളിൽ മാസങ്ങൾക്ക് മുമ്പ് നിക്ഷേപം നടത്താൻ പാടില്ല. കാരണം കമ്പനികളുടെ ഐ.പി.ഒ അപേക്ഷകൾ പല കാരണങ്ങൾകൊണ്ട് തള്ളിപ്പോകാൻ സാധ്യതയുണ്ടെന്ന് സെബി ചൂണ്ടിക്കാട്ടി.
ഇക്കാര്യം എല്ലാ അസറ്റ് മാനേജ്മെന്റ് കമ്പനികളെയും ഉടൻ അറിയിക്കണമെന്നും എ.എം.എഫ്.ഐക്ക് സെബി നിർദേശം നൽകി. നിലവിൽ ഐ.പി.ഒക്ക് മുമ്പ് ഓഹരികൾ വാങ്ങുന്നവർ വിപണിയിൽ കമ്പനി ലിസ്റ്റ് ചെയ്ത ശേഷം ആറു മാസം നിക്ഷേപം തുടരണമെന്നാണ് ചട്ടം. വിപണിയിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ കൂട്ട ഓഹരി വിൽപന നടത്തുന്നത് തടയുകയാണ് ഈ ലോക്ക് ഇൻ പിരീഡ് ചട്ടത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും സെബി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.