മുംബൈ: ഡോളറിനെതിരെ റെക്കോർഡ് തകർച്ചയെ അഭിമുഖീകരിച്ചതിന് പിന്നാലെ തിരിച്ചു കയറി രൂപ. 21 പൈസയുടെ നേട്ടമാണ് ഇന്ന് രൂപക്കുണ്ടായത്. വൻ തകർച്ചയിൽ നിന്നും 86.49ലേക്ക് രൂപയുടെ നില മെച്ചപ്പെട്ടിരുന്നു. പണപ്പെരുപ്പം മെച്ചപ്പെട്ടതും വിദേശ ഫണ്ടിന്റെ ഒഴുക്കിനിടയിലും ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ നേട്ടവും രൂപക്ക് കരുത്താകുകയായിരുന്നു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 86.57ലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് നഷ്ടം കുറച്ച് 86.49ലേക്ക് എത്തി. ഇന്ന് മാത്രം 21 പൈസയുടെ നേട്ടം രൂപക്കുണ്ടായി. തിങ്കളാഴ്ച വലിയ നഷ്ടമാണ് രൂപ രേഖപ്പെടുത്തിയത്. രണ്ട് വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പ്രതിദിന നഷ്ടമാണ് രൂപക്കുണ്ടായത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ രൂപയുടെ മൂല്യത്തിൽ ഒരു രൂപയുടെ ഇടിവുണ്ടായി. ഡിസംബർ 30ാം തീയതി 85.52ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിസംബർ 19നാണ് രൂപ 85 എന്ന മാർക്ക് ഭേദിച്ചത്. തുടർന്ന് കഴിഞ്ഞയാഴ്ചയുണ്ടായ നഷ്ടത്തോടെ രൂപ 86 എന്ന മാർക്കും ഭേദിച്ചു. അതേസമയം, എണ്ണവില ഇന്ന് കുറഞ്ഞിട്ടുണ്ട്.
ബ്രെന്റ് ക്രൂഡോയിലിന്റെ വിലയിൽ 0.28 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ബാരലിന് 80.78 ഡോളറാണ് ക്രൂഡോയിലിന്റെ വില. ഇന്ത്യൻ ഓഹരി വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സെൻസെക്സ് 370 പോയിന്റ് നേട്ടത്തോടെ 76,700.22 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 113 പോയിന്റ് ഉയർന്ന് 23,199പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.