മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മുല്യത്തിൽ 0.2 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 90.6475 രൂപയായാണ് ഇന്ത്യൻ കറൻസിയുടെ മൂല്യം കുറഞ്ഞത്. ഡിസംബർ12ാം തീയതിയായിരുന്നു രൂപയുടെ മുല്യത്തിൽ ഇതിന് മുമ്പ് റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയത്. അന്ന് 90.55 രൂപയായാണ് മൂല്യമിടഞ്ഞത്.
ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി രൂപ മാറിയിട്ടുണ്ട്. രൂപയെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാനുള്ള നീക്കങ്ങളുമായി കേന്ദ്രബാങ്ക് രംഗത്തുണ്ട്. ഈ വർഷം ഇതുവരെ 5.5 ശതമാനം മൂല്യശോഷണമാണ് രൂപക്കുണ്ടായത്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യു.എസ് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ രൂപയെ നെഗറ്റീവായി സ്വാധീനിച്ചു. ഇതിനൊപ്പം ഓഹരി വിപണിയിൽ നിന്ന് വിദേശമൂലധനം വൻതോതിൽ പുറത്തേക്ക് ഒഴുകുന്നതും രൂപയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
വിദേശനിക്ഷേപകർ 18 ബില്യൺഡോളറിന്റെ ഓഹരികളാണ് 2025ൽ വിറ്റഴിച്ചത്. 500 മില്യൺ ഡോളറിന്റെ ബോണ്ടുകളും വിറ്റഴിച്ചിരുന്നു. ഇതും രൂപയുടെ മൂല്യമിടയുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്നാണ്.
സ്വർണവില സർവകാല റെക്കോഡിൽ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി. ഇന്ന് സ്വർണം ഗ്രാമിന് 75 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 12,350 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന്റെ വിലയിൽ 600 രൂപയുടെ വർധനയുണ്ടായി. 98,800 രൂപയായാണ് ഉയർന്നത്. ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു സ്വർണവില സർവകാല റെക്കോഡിലെത്തിയത്. അന്ന് 98,400 രൂപയായിരുന്നു ഒരു പവന്റെ വില.
ആഗോള വിപണിയിലും സ്വർണവില ഉയരുകയാണ്. തിങ്കളാഴ്ചയും സ്വർണത്തിന് നേട്ടം രേഖപ്പെടുത്തി. സ്പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 4,320.65 ഡോളറിലെത്തി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.6 ശതമാനം ഉയർന്ന് 4354 ഡോളറിലെത്തി. ഡോളറിന്റെ കരുത്ത് കുറയുന്നതും യു.എസ് ട്രഷറി വരുമാനം ഇടിയുന്നതുമാണ് സ്വർണവില ഉയരുന്നതിനുളള പ്രധാനകാരണം.
ഇതിനൊപ്പം ഗോൾഡ്, സിൽവർ ഇ.ടി.എഫുകളിൽ പെൻഷൻ ഫണ്ട് നിക്ഷേപം നടത്താനുള്ള അനുമതി കേന്ദ്രസർക്കാർ നൽകാനൊരുങ്ങുകയാണ്. ഇത് യാഥാർഥ്യമായാൽ അത് സ്വർണവിലയിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ. രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.