ഇന്ന് ധന്തേരാസ്; സൗജന്യ സ്വർണ നാണയം മുതൽ ഓഫറുകളുടെ പൂരം

മുംബൈ: വടക്കേ ഇന്ത്യക്കാർ സ്വർണം വാങ്ങാൻ ഏറ്റവും നല്ല മുഹൂർത്തമായി കണക്കാക്കുന്ന ധന്തേരാസ് ദിവസമാണിന്ന്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ഉത്സവത്തിന് ധന്തേരാസ് ദിവസമാണ് തുടക്കം കുറിക്കുക. അടുക്കള ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, സ്വർണ്ണം, വെള്ളി നാണയങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ വാങ്ങാൻ ശുഭകരമായ ദിവസമാണെന്നാണ് ഹിന്ദുക്കളുടെയും ജൈന മതക്കാരുടെയും വിശ്വാസം.

വില 95,000 രൂപയുടെ മുകളിലെത്തിയിട്ടും സ്വർണം വാങ്ങാൻ തിരക്ക് തന്നെയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 39 ശതമാനം അധികം രൂപ നൽകി വേണം ഇത്തവണ സ്വർണം വാങ്ങാൻ. വെള്ളിയുടെയും വില കുതിച്ചുയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷ​​ത്തേക്കാൾ 81 ശതമാനം ഉയർന്ന വിലയാണ് വെള്ളിക്ക്. അതായത് 1,69,230 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. സ്വർണത്തിനും വെള്ളിക്കും പുറമെ, പ്ലാറ്റിനം ആഭരണങ്ങളും ജനപ്രിയമായിരിക്കുകയാണ്.

വില റെക്കോഡ് ഉയരത്തിൽ എത്തിയതിനാൽ ​വേറിട്ട ഓഫറുകളാണ് ആഭരണ വ്യാപാരികൾ പ്രഖ്യാപിച്ചത്. തൂക്കം കുറഞ്ഞതും കാരറ്റ് കുറഞ്ഞതുമായ ആഭരണങ്ങളും കോയിനുകളും വിപണി കീഴടക്കുമ്പോൾ ചില ജ്വല്ലറിക്കാർ സൗജന്യ സ്വർണനാണയവും പണിക്കൂലിയിൽ വൻ കുറവും നൽകുന്നുണ്ട്.

സാധാരണ 22, 24 കാരറ്റ് സ്വർണാഭരണങ്ങളാണ് ഉപഭോക്താക്കൾ വാങ്ങിയിരുന്നത്. എന്നാൽ, ഒമ്പത്, 14 കാരറ്റ് സ്വർണാഭരണങ്ങളും ഡയമണ്ട് പതിച്ച ആഭരണങ്ങൾക്കും ആവശ്യക്കാർ ഏറിയിട്ടുണ്ട്. പരമ്പരാഗത ആഘോഷ ദിവസങ്ങളിൽ ആഭരണങ്ങൾ വാങ്ങുന്നത് മാറ്റിവെക്കുന്നതിന് പകരം ലാഭം നേടാൻ നേരത്തെ ബുക്ക് ചെയ്യുകയാണ് ഉപഭോക്താക്കൾ. ​മാത്രമല്ല, കീശ കാലിയാകാതിരിക്കാൻ ചെലവ് കുറഞ്ഞ ആഭരണങ്ങൾ ഉൾപ്പെടെ വേറിട്ട തന്ത്രങ്ങളാണ് വിപണിയിൽ ട്രെൻഡാകുന്നത്.

37.5 ശതമാനം പരി​ശുദ്ധിയാണ് ഒമ്പത് കാരറ്റ് സ്വർണത്തിലുള്ളത്. ഈ വർഷം ജൂലായിലാണ് കേന്ദ്ര സർക്കാർ ഒമ്പത് കാരറ്റ് സ്വർണാഭരണത്തിന് മായമില്ലാത്തതാണെന്ന മുദ്ര (ഹാൾമാർക്കിങ്) നൽകി തുടങ്ങിയത്. ഇതോടെ ആഭരണ പ്രേമികളുടെ ആത്മവിശ്വാസം കൂടി. അധികം പണം മുടക്കാതെ പരി​ശുദ്ധമായ സ്വർണം വാങ്ങാമെന്നതാണ് ഉപഭോക്താക്കളെ ഒമ്പത് കാരറ്റിലേക്ക് ആകർഷിക്കുന്നത്. 7500 രൂപ മുതലാണ് ഒമ്പത് കാരറ്റ് സ്വർണാഭരണത്തിന്റെ വില.

വില കൂടിയതിനാൽ കൂടുതൽ തൂക്കം ആഭരണങ്ങൾ വാങ്ങുന്നതിന് പകരം ആകർഷണീയമായ ഡിസൈനുകളാണ് ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്നതെന്ന് ആദിത്യ ബിർല ജ്വല്ലറി കമ്പനിയായ ഇന്ദ്രിയയുടെ സി.ഇ.ഒ സന്ദീപ് കൊഹ്‍ലി പറഞ്ഞു.

ടാറ്റ ഗ്രൂപ്പിന്റെ കമ്പനിയായ കാരറ്റ് ലൈൻ ഉപഭോക്താക്കൾക്ക് സൗജന്യ സ്വർണ നാണയങ്ങൾ ഓഫർ ചെയ്യുന്നുണ്ട്. അതായത് 35, 000 രൂപയുടെ സ്വർണം വാങ്ങിയാൽ അരഗ്രാം സ്വർണ നാണയമാണ് ഓഫർ. മാത്രമല്ല, ആഭരണങ്ങൾ വീട്ടിൽ എത്തിക്കുന്ന ട്രൈ അറ്റ് ഹോം സേവനവും കമ്പനി നൽകുന്നുണ്ട്. വില കുതിച്ചുയർന്നപ്പോൾ ഉപഭോക്താക്കൾ സ്മാർട്ടായെന്നാണ് കാരറ്റ് ലൈൻ എം.ഡി സോമൻ ഭൗമികിന്റെ അഭിപ്രായം. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 30 ശതമാനവം ഇളവാണ് ധന്തേരാസിൽ പ്രഖ്യാപിച്ച ഓഫർ.

ദീർഘകാല നിക്ഷേപമായി സ്വർണ നാണയങ്ങൾ വാങ്ങിക്കുന്നവരുടെ എണ്ണവും ഇത്തവണ വർധിച്ചു. 24 കാരറ്റ് പരിശുദ്ധിയുള്ള സ്വർണം, വെള്ളി നാണയങ്ങൾക്ക് ഡിമാൻഡ് കൂതിച്ചുയർന്നതായി ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷന്റെ അംഗീകാരമുള്ള രാജ്യത്തെ ഏക റിഫൈനറിയുടെ ഉടമസ്ഥരായ എം.എം.ടി.സി-പി.എ.എം.പിയുടെ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ സമിത് ഗുഹ പറഞ്ഞു.

അതുപോലെ ധന്തേരാസിൽ പ്ലാറ്റിനം ആഭരണങ്ങളുടെ വിപണിയും ഉണർന്നു. ​സ്വർണത്തേക്കാൾ വിലക്കുറവുള്ള ലോഹമാണ് പ്ലാറ്റിനം. 10 ഗ്രാം പ്ലാറ്റിനം വാങ്ങാൻ 48,600 രൂപയാണ് നൽകേണ്ടത്. പുരുഷന്മാരെയാണ് പ്ലാറ്റിനം ഏറെ ആകർഷിക്കുന്നത്. പുരുഷന്മാരുടെ വിഭാഗത്തിൽ പ്ലാറ്റിനം ആഭരണങ്ങളുടെ വിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനത്തിന്റെ വർധനയുണ്ടായെന്ന് മധ്യപ്രദേശിലെ ഡി.പി അഭുഷാൻ കമ്പനി ഉടമ വികാസ് കതാരിയ പറഞ്ഞു.

Tags:    
News Summary - people are buying 9 carat gold jewellery for Dhanteras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT