ഓണം കഴിഞ്ഞിട്ടും വാഹനത്തിരക്ക്; പുതിയ കാർ ബുക്ക് ചെയ്താൽ എട്ട് ആഴ്ച കാത്തിരിക്കണം

കേരളത്തിലെ വാഹന വിപണിയിൽ ഓണം കഴിഞ്ഞിട്ടും ട്രെൻഡ്​ തുടരുകയാണ്​. ബുക്കിങ്​ വർധിച്ചതോടെ ചിങ്ങമാസത്തിൽ വാഹനം സ്വന്തമാക്കാൻ ആഗ്രഹിച്ച പലർക്കും കന്നിമാസം വരെ കാത്തിരിക്കേണ്ടിവന്നു. പുതിയ ബുക്കിങ്ങുകൾക്ക്​ എട്ട്​ ആഴ്ചയോളം കാത്തിരിപ്പുണ്ട്​. ഉത്സവകാല ഡിമാൻഡ്​ നേരിടാൻ കാർ കമ്പനികൾ നിർമാണം ഊർജിതമാക്കി. കന്നിമാസമായതിനാൽ ഒക്ടോബർ ആദ്യപകുതിയിൽ വിൽപന കുറഞ്ഞെങ്കിലും തുലാമാസം ആരംഭിക്കുന്നതും നവരാത്രി, ദീപാവലി ആഘോഷങ്ങളും വിപണിക്ക്​ വീണ്ടും ഉണർവേകുമെന്നാണ്​ പ്രതീക്ഷ.

ഓണത്തിളക്കം മായാതെ വാഹനവിപണി

ഓണം ഓഫറുകളും കമ്പനികളുടെ ഡിസ്‌കൗണ്ടുകളും തുടരുന്നത് വിൽപനക്ക് കരുത്തേകുന്നു. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കേരളത്തിൽ വാഹന വിൽപനയിൽ മികച്ച വർധന രേഖപ്പെടുത്തി. പാസഞ്ചർ വാഹന വിൽപന മുൻവർഷങ്ങളെ അപേക്ഷിച്ച് ശക്തമായ മുന്നേറ്റം നടത്തി. ആഗസ്റ്റിൽ 29,500ലധികം കാറുകൾ വിറ്റഴിഞ്ഞു. ഇതിൽ 24,500ലധികം പെട്രോൾ, ഡീസൽ കാറുകളും ബാക്കിയുള്ളവ സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് കാറുകളുമായിരുന്നു. ഇലക്ട്രിക് കാറുകളുടെ വിൽപന 2,300 യൂനിറ്റിലെത്തി. 68,000ലധികം ഇരുചക്ര വാഹനങ്ങളും വിറ്റു. ഇതിൽ 5,900ലധികം ഇലക്ട്രിക് സ്കൂട്ടറുകളായിരുന്നു.

സെപ്റ്റംബറിലും മുന്നേറ്റം തുടർന്നു. വാഹൻ പോർട്ടൽ കണക്കുകൾ പ്രകാരം 76,000ലധികം ഇരുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. കാറുകളും എസ്‌.യു.വികളും ഉൾപ്പെടെ 34,000ലധികം പാസഞ്ചർ വാഹനങ്ങൾ വിറ്റഴിഞ്ഞു. വളർച്ച ഏകദേശം ആറുശതമാനം. ഇലക്ട്രിക്, സി.എൻ.ജി, ഹൈബ്രിഡ് വാഹനങ്ങൾക്കും മികച്ച സ്വീകാര്യത ലഭിച്ചു.

മുന്നിൽ തിരുവനന്തപുരം

കേരള മോട്ടോർ വാഹന വകുപ്പിന്‍റെ വാഹൻ ഡാറ്റ പ്രകാരം പുതിയ വാഹന രജിസ്ട്രേഷനിൽ തിരുവനന്തപുരം ആർ.ടി.ഒ ആണ് സംസ്ഥാനത്ത് ഏറ്റവും മുന്നിലെത്തിയത്. കൊല്ലം രണ്ടാം സ്ഥാനത്തും എറണാകുളം തൊട്ടുപിന്നാലെയുമുണ്ട്. പ്രീമിയം/ലക്ഷ്വറി വാഹനങ്ങളുടെ വിൽപനയിൽ എറണാകുളം തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്. ചിങ്ങം ഒന്ന്, ഓണം സീസൺ എന്നിവ പ്രമാണിച്ച് കൊച്ചിയിലെ ഒരു ഡീലർ ഒറ്റദിവസം കൊണ്ട് 150 കിയ സൈറോസ് ഇ.വി കാറുകളാണ് ഡെലിവറി ചെയ്തത്. കേരളത്തിലെ ഇ.വി കാർ വിപണിയിൽ വിൽക്കപ്പെടുന്ന മൂന്നിൽ ഒരു കാർ ടാറ്റയുടേതാകുന്നതിനും ഓണക്കാലം സാക്ഷ്യം വഹിച്ചു. 

Tags:    
News Summary - Kerala Vehicle Sales Maintain Festive Momentum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.