യുദ്ധവും ഓഹരി വിപണിയിലെ സമാധാനവും

റ്റേതൊരു യുദ്ധവും പോലെ ഇറാൻ -ഇസ്രായേൽ സംഘർഷവും നിക്ഷേപകരുടെ നെഞ്ചിൽ കൂടിയാണ് തീ കോരിയിടുന്നത്. കഷ്ടപ്പെട്ട് സമ്പാദിച്ചതത്രയും ഒലിച്ചുപോവുന്നത് കാണേണ്ടിവരുമോ എന്നതാണ് അവരുടെ ആശങ്ക. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ബോംബിട്ട് അമേരിക്ക നേരിട്ട് കളത്തിലിറങ്ങിയതോടെ സംഘർഷം മറ്റൊരു തലത്തിലേക്ക് വികസിക്കുകയാണ്. തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ ഓഹരി നിക്ഷേപകർ ഇപ്പോഴത്തെ പ്രശ്നത്തിൽ എത്രത്തോളം ആശങ്കപ്പെടണം എന്ന് ചോദിച്ചാൽ തൽക്കാലം അത്രയധികം ആശങ്കപ്പെടേണ്ടതില്ല എന്നതാണ് യാഥാർഥ്യം. ഒന്നാമതായി ഭൗമ രാഷ്ട്രീയ പ്രശ്നങ്ങൾ കുറച്ചുവർഷങ്ങളായി ഇന്ത്യൻ വിപണിയിൽ ദീർഘനാളത്തെ സ്വാധീനം ചെലുത്തുന്നില്ല.

റഷ്യ -യുക്രെയ്ൻ യുദ്ധത്തിലും ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിലും ഇതാണ് സംഭവിച്ചത്. എന്തിനേറെ ഇന്ത്യ -പാകിസ്താൻ പ്രശ്നം പോലും ഓഹരി വിപണിയിൽ ഏതാനും ദിവസത്തെ സ്വാധീനം മാത്രമാണ് ചെലുത്തിയത്. അവയേക്കാളൊക്കെ സ്വാധീനം ചെലുത്തുന്നത് ഡോളർ സൂചികയിലെ മാറ്റങ്ങളും പലിശനിരക്കും എല്ലാമാണ്.

ഇന്ത്യൻ വിപണിയിലേക്ക് എസ്.ഐ.പിയായി മാസാമാസം വരുന്ന കോടികൾ വിപണിയെ വൻ വീഴ്ചയിൽനിന്ന് താങ്ങിനിർത്തുന്നു. റീട്ടെയിൽ നിക്ഷേപകർ സാമ്പത്തിക സാക്ഷരത നേടിയത് കൊണ്ട് ഭീതിയിൽ വിൽക്കൽ (പാനിക് സെല്ലിങ്) നടത്തുന്നില്ല. വലിയ സംഭവവികാസങ്ങൾ ആദ്യ ദിവസങ്ങളിൽ (ചിലപ്പോൾ ആദ്യ മണിക്കൂറുകൾ മാത്രം) വിപണിയിൽ സ്വാധീനം ചെലുത്തും. എന്നാൽ, അധികം ​വൈകാതെ തിരിച്ചുവരവ് നടത്താറുണ്ട്.

എണ്ണവില ആശങ്ക

ഇസ്രായേൽ ഇറാനെ ആക്രമിച്ച ദിവസം അസംസ്കൃത എണ്ണ വില 13 ശതമാനമാണ് ഉയർന്നത്. ബാരലിന് 67 ഡോളറിൽനിന്ന് 75 ഡോളറിലധികം എത്തി. 100 ഡോളർ വരെ എത്തിയേക്കുമെന്ന് അന്ന് വിലയിരുത്തലുണ്ടായി. 78 ഡോളറിനടുത്ത് എത്തിയ ശേഷം താഴ്ന്നു.

വീണ്ടുമൊരു കുതിപ്പിനാണ് യു.എസിന്റെ ഇടപെടലോടെ ഇപ്പോൾ കളമൊരുങ്ങിയിട്ടുള്ളത്. സംഘർഷം പരിധിവിടുകയും ഇറാൻ പെട്രോാളിയം ആയുധമാക്കാൻ തീരുമാനിക്കുകയും ചെയ്താൽ എണ്ണവില കുതിച്ചുയരും. വേണ്ടിവന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാന്റെ എണ്ണ ഉൽപാദനവും കയറ്റുമതിയും തടസ്സപ്പെടുത്തുന്ന നീക്കം ഇസ്രാ​യേൽ നടത്തിയാലും എണ്ണവില ഉയരും. എന്നാൽ, അതൊന്നുമുണ്ടാവില്ല എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ലോകമുള്ളത്. എണ്ണവില ഉയരുന്നത് ലോകത്തിലെ നിരവധി രാജ്യങ്ങളെ പോലെ ഇന്ത്യക്കും ക്ഷീണമാണ്.

ഏറ്റവുമധികം ബാധിക്കുക പശ്ചിമേഷ്യയിലെ എണ്ണ ഉൽപാദക രാജ്യങ്ങളെയും അവിടെനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന പാശ്ചാത്യൻ രാജ്യങ്ങളെയുമാണ്. അതുകൊണ്ടുതന്നെ അവർ ഇടപെട്ട് സംഘർഷം അവസാനിപ്പിക്കാൻ സാധ്യത ഏറെയാണ്. യുദ്ധം ആർക്കും ഗുണം ചെയ്യില്ലെന്ന ബോധ്യം എല്ലാവർക്കുമുണ്ട്.

സംഘർഷം അവസാനിച്ചാൽ എണ്ണവില കുത്തനെ കുറയും. വിവിധ രാജ്യങ്ങളിലെ സാമ്പത്തിക മുരടിപ്പ് എണ്ണയുടെ ഡിമാൻഡ് കുറയാൻ കാരണമാകും.

കൈവിട്ടാൽ കളിമാറും

ഉത്തര കൊറിയ, തുർക്കിയ തുടങ്ങി രാജ്യങ്ങൾ ഇറാനൊപ്പവും യു.എസ്, ബ്രിട്ടൻ, ജർമനി, ഇറ്റലി, ഫ്രാൻസ് എന്നിവ ഇസ്രായേലിനൊപ്പവുമാണ്. ആണവശക്തിയായ രാജ്യങ്ങൾ ഇരുപക്ഷത്തും നിലയുറപ്പിച്ച് നേരിട്ട് അങ്കത്തിനിറങ്ങി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കിൽ മുകളിൽ പറഞ്ഞ വിലയിരുത്തലുകൾക്കൊന്നും ഒരു പ്രസക്തിയുമുണ്ടാവില്ല. സർവനാശമായിരിക്കും ഫലം.

എന്തുകൊണ്ട് ഭീതിവേണ്ട

  • ഇന്ത്യ ഇറാനുമായും ഇസ്രായേലുമായും അതിർത്തി പങ്കിടുന്നില്ല
  • സംഘർഷത്തിൽ ഇന്ത്യ പ്രത്യക്ഷമായോ പരോക്ഷമായോ കക്ഷിയല്ല
  • ഇന്ത്യൻ കമ്പനികൾക്ക് ഈ രണ്ട് രാജ്യങ്ങളിലും ബിസിനസ് ബന്ധം കുറവ്
  • പ്രതിരോധ മേഖലയിൽ ബിസിനസ് സാധ്യത വർധിക്കുന്നു
  • നയതന്ത്ര പരിഹാരത്തിന് ലോകരാജ്യങ്ങൾ ശ്രമിക്കുന്നു
  • പെട്ടെന്നുള്ള ആഘാതം ആദ്യ ദിവസങ്ങളിൽ വിപണി ഡിസ്കൗണ്ട് ചെയ്തുകഴിഞ്ഞു
  • ഇന്ത്യ റഷ്യൻ എണ്ണ വൻതോതിൽ വാങ്ങിത്തുടങ്ങിയതോടെ ഇറാനെ ആശ്രയിക്കുന്നത് കുറഞ്ഞു
Tags:    
News Summary - Iran-Israel war affect the stock market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT