എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ

പൊന്നിന് വിലയിടുന്നത് ഈ മൂവർസംഘം!

കോഴിക്കോട്: സ്വർണ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ എല്ലാവരും ആകാംക്ഷയോടെ തിരക്കുന്ന കാര്യമാണ് ആരാണ്, എങ്ങിനെയാണ് ഈ വില ദിവസവും നിശ്ചയിക്കുന്നത് എന്നത്. സ്വർണവ്യാപാര രംഗത്തുള്ള ​മൂന്ന് പ്രമുഖരാണ് കേരളത്തിലെ സ്വർണവില തീരുമാനിക്കുന്നത്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവരാണ് ആ മൂവർ സംഘം. സംഘടനയുടെ സംസ്ഥാന കമ്മിറ്റിയാണ് ഈ മൂന്നംഗ കമ്മിറ്റിയെ ഇതിന് ചുമതലപ്പെടുത്തിയത്.

ചുമ്മാതങ്ങ് വിലയിടുകയാണോ?

രാവിലെ എഴുന്നേറ്റയുടൻ മൂവരും ചേർന്ന് ഇന്ന് സ്വർണത്തിന് 500രൂപ കൂട്ടിയേക്കാം, 300 രൂപ കുറച്ചേക്കാം എന്നൊക്കെ ചുമ്മാതങ്ങ് തീരുമാനിക്കുക​യാണോ?.. അല്ലേയല്ല. അതിനൊക്കെ അതിന്റെതായ വഴികളുണ്ട്.

ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, അന്താരാഷ്ട്ര വിലക്കനുസൃതമായി ഇന്ത്യയിൽ 24 കാരറ്റ് സ്വർണ്ണത്തിൻറെ ബാങ്ക് നിരക്ക്, അതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില രാവിലെ 9.30ന് മുമ്പായി ഇവർ നിശ്ചയിക്കുന്നത്.

കേരളത്തിലെ സ്വർണവ്യാപാരികളുടെ ഏറ്റവും വലിയ സംഘടനയായ എ.കെ.ജി.എസ്.എം.എ ദിവസേന നിശ്ചയിക്കുന്ന വിലയാണ് കേരളത്തിലെ ഒട്ടുമിക്ക സ്വർണ വ്യാപാരികളും പിന്തുടരുന്നത്. കേരളത്തിൽ നിന്നുള്ള കോർപറേറ്റകൾ ഇന്ത്യ ഒട്ടാകെ പിന്തുടരുന്നതും ഈ വില തന്നെ.

ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും സ്വർണ വ്യാപാരി അസോസിയേഷനുകൾ ദിവസേന വില നിശ്ചയിക്കുന്നത്. മാർജിൻ പ്രോഫിറ്റ് ഏറ്റവും കുറച്ചാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അതിനാൽ ഈ വിലയെത്തന്നെയാണ് മിക്കവാറും എല്ലാ സംസ്ഥാനത്തെയും അസോസിയേഷനുകൾ പിന്തുടരുന്നതെന്ന് അഡ്വ. എസ്. അബ്ദുൽ നാസർ പറയുന്നു.

വില നിർണയിക്കുന്ന രീതി

തിങ്കളാഴ്ച 24 കാരറ്റിന്റെ സ്വർണ വില GST അടക്കം ഒരു ഗ്രാമിന് 7310 രൂപയായിരുന്നു. അതനുസരിച്ച് GST ഇല്ലാതെയുള്ള വിലയായ 7097.09 ×.92÷.995=6562 ആണ് സ്വർണവിലയായി കണക്കാക്കിയത്. റൗണ്ട് ചെയ്യാൻ 6565 രൂപയായി നിശ്ചയിച്ചു.

ഓരോ ദിവസത്തെയും ഡിമാൻഡ് അനുസരിച്ചാണ് പ്രോഫിറ്റ് മാർജിൻ ഇടുന്നത്. ചില സമയങ്ങളിൽ പ്രോഫിറ്റ് ഇല്ലാതെയും ദിവസേനയുള്ള ബോർഡ്റേറ്റ് ഫിക്സ് ചെയ്യാറു​​ണ്ട്. വിൽക്കുമ്പോൾ മൂന്ന് ശതമാനം ജി.എസ്.ടിയും പണിക്കൂലിയും ഈടാക്കും.

ഒരുവർഷത്തിനിടെ കൂടിയത് 8,320 രൂപ

ഒരുവർഷത്തിനിടെ സ്വർണത്തിന് 8,320 രൂപയാണ് കൂടിയത്. കഴിഞ്ഞവർഷം ഈ ദിവസം 44,880 രൂപയായിരുന്നു പവൻ വില. എന്നാൽ, ഇന്ന് 53,200 രൂപയായി. ഇന്നലെ 53,760 രൂപയായിരുന്നു വില. ഇതാണ് എക്കാലത്തെയും ഏറ്റവും ഉയർന്ന വില. ഇന്ന് പവന് 560 രൂപ കുറഞ്ഞിരുന്നു.

യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം പലിശനിരക്കുകൾ കുറക്കാനിടയുണ്ട്. ഇതാണ് സ്വർണ്ണത്തിന് പ്രധാനമായും കരുത്താകുന്നത്. ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചാൽ ബോണ്ടുകളിൽ ഉൾപ്പടെയുള്ള നിക്ഷേപം ആകർഷകമല്ലാതാകും. ഇത് മുന്നിൽ കണ്ട് കൂടുതൽ സുരക്ഷിതമായ സ്വർണ്ണത്തിൽ ആളുകൾ പണമിറക്കുന്നത് വില വർധനക്കുള്ള കാരണമാവുന്നുണ്ട്. ഇതിന് പുറമേ ആഗോള രാഷ്ട്രീയസാഹചര്യങ്ങളും സ്വർണ്ണത്തിന്റെ വില വർധനവ് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

ഈ മാസത്തെ സ്വർണ വില:

ഏപ്രിൽ 1: 50880

ഏപ്രിൽ 2: Rs. 50,680 (ഈ മാസത്തെ ഏറ്റവും കുറവ്)

ഏപ്രിൽ 3: 51280

ഏപ്രിൽ 4: 51680

ഏപ്രിൽ 5: 51320

ഏപ്രിൽ 6: 52280

ഏപ്രിൽ 7: 52280

ഏപ്രിൽ 8: 52520

ഏപ്രിൽ 9: 52800

ഏപ്രിൽ 10: 52880

ഏപ്രിൽ 11: 52960

ഏപ്രിൽ 12: 53,760 (ഈ മാസത്തെ ഏറ്റവും കൂടുതൽ)

ഏപ്രിൽ 13: Rs. 53,200

Tags:    
News Summary - How is Gold Price determined in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT