കരുത്തുചോരാതെ റബർ; തേങ്ങ കിട്ടാനില്ല

കർത്ത്‌ പെയ്യുന്ന മഴക്ക്‌ ശമനം കണ്ടാൽ റബർ ടാപ്പിങ്‌ പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ്‌ കേരളത്തിലെ ഉൽപാദകർ. 16 വർഷത്തിനിടയിൽ ആദ്യമായി പതിവിലും ഒരാഴ്‌ചയിൽ കൂടുതൽ നേരത്തെ എത്തിയ കാലവർഷത്തിന്‌ കരുത്തുകൂടിയത്‌ കാർഷിക മേഖലയുടെ കണക്കുകൂട്ടലുകൾ മൊത്തത്തിൽ തകിടം മറിച്ചു.

മഴ നേരത്തെ കടന്നുവന്നതിനാൽ മരങ്ങളിൽ മഴമറ ഒരുക്കാൻ വലിയ പങ്ക്‌ കർഷകർക്കും അവസരം ലഭിച്ചില്ല. മാസമധ്യത്തോടെ കാലാവസ്ഥയിൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നതോടെ മരങ്ങളിൽ ഷെയ്‌ഡ്‌ ഇടലിന്‌ തുടക്കം കുറിക്കാനാവും.

ഉൽപാദകരെ തോട്ടങ്ങളിലേക്ക്‌ ആകർഷിക്കാൻ ടയർ ലോബി പിന്നിട്ടവാരം ഷീറ്റ്‌ വില 19,900ൽ നിന്നും 20,100 ലേക്ക്‌ ഉയർത്തി. ഈയവസരത്തിൽ വിൽപനക്കാർ 20,300 രൂപ ചരക്കിന്‌ ആവശ്യപ്പെട്ടു. ഇതിനിടയിൽ രാജ്യാന്തര മാർക്കറ്റിൽ വാരാന്ത്യം വിലത്തകർച്ച സംഭവിച്ചെങ്കിലും അത്‌ ഇന്ത്യൻ വിപണിയെ സ്വാധീനിച്ചില്ല.

ആഭ്യന്തര മാർക്കറ്റ്‌ ഈ അവസരത്തിൽ തളർന്നാൽ ഉൽപാദകർ ടാപ്പിങ്ങിന്‌ താൽപര്യം കാണിക്കാതെ രംഗത്തു നിന്ന്‌ പൂർണമായി അകലുമെന്ന ഭീതി വ്യവസായ മേഖലയിൽ നിലനിൽക്കുന്നു.

മുൻനിര ഉൽപാദന രാജ്യങ്ങളിൽ ടാപ്പിങ്‌ സീസണിന്‌ തുടക്കം കുറിച്ചത്‌ കണ്ട്‌ ഏഷ്യൻ ടയർ ഭീമന്മാർ രാജ്യാന്തര മാർക്കറ്റിൽ നിന്നുള്ള ഷീറ്റ്‌ സംഭരണം കുറച്ചു. റബർ കയറ്റുമതി രാജ്യങ്ങളിലെ സ്ഥിതിഗതികൾ സസൂക്ഷ്‌മം നിരീക്ഷിച്ച ഫണ്ടുകൾ അവധി വ്യാപാരത്തിൽ വിൽപനക്ക്‌ കാണിച്ച തിടുക്കം വാരാന്ത്യം വൻ തകർച്ചക്ക്‌ കാരണമായി.

ജപ്പാൻ എക്‌സ്‌ചേഞ്ചിൽ ഒക്‌ടോബർ അവധി കിലോ 317 യെന്നിലെ താങ്ങ്‌ നഷ്‌ടപ്പെട്ട്‌ 292 യെന്നിലേക്ക്‌ ഇടിഞ്ഞു. വാങ്ങലുകാരുടെ അഭാവം കണക്കിലെടുത്താൽ നിരക്ക്‌ വീണ്ടും ഇടിയാൻ സാധ്യത.

*** *** ***

നാളികേര വിളവെടുപ്പ്‌ പ്രതികൂല കാലാവസ്ഥയിൽ രണ്ടുമാസം പൂർണമായി സ്‌തംഭിക്കുമെന്നത്‌ മൊത്ത വിപണികളിൽ പച്ച ത്തേങ്ങയുടെ ലഭ്യത ചുരുങ്ങാൻ ഇടയാക്കും. ജൂലൈയിൽ കാലവർഷം അൽപം ദുർബലമാകുന്ന അവസരത്തിൽ മാത്രമേ ഇനി സംസ്ഥാനത്ത്‌ വിളവെടുപ്പ്‌ പുനരാരംഭിക്കൂ. ഇതിനിടയിൽ തേങ്ങ ക്ഷാമം കൊപ്രവില വീണ്ടും ഉയർത്താം.

ചെറുകിട മില്ലുകാരിൽ കൊപ്രയുടെ കരുതൽ ശേഖരം നാമമാത്രമാണ്‌, വിപണി റെക്കോഡ്‌ വിലയിൽ നീങ്ങുന്നതിനാൽ ചരക്ക്‌ സംഭരിക്കാൻ വ്യവസായികൾ തിടുക്കം കാണിക്കുന്നില്ല. കൊച്ചിയിൽ പിന്നിട്ടവാരം വെളിച്ചെണ്ണ വില ക്വിൻറലിന്‌ 1200 രൂപ വർധിച്ച്‌ 30,200 രൂപയായി. കൊപ്ര വില 19,300 രൂപയിൽ നിന്നും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 20,200 രൂപയിലെത്തി.

*** *** ***

കുരുമുളക്‌ വിറ്റുമാറാൻ വിയറ്റ്‌നാമിലെ കയറ്റുമതിക്കാർ നടത്തിയ നീക്കം രാജ്യാന്തര വിപണിയെ തളർത്തി. വിളവെടുപ്പ്‌ പൂർത്തിയായതോടെ കർഷകർ പുതിയ ചരക്ക്‌ വിൽപനക്ക്‌ തിടുക്കം കാണിച്ചു. ഇതുകണ്ട്‌ കയറ്റുമതിക്കാർ അന്താരാഷ്‌ട്ര മാർക്കറ്റിൽ താഴ്‌ന്ന നിരക്കിൽ ക്വട്ടേഷനുമായി ഇറങ്ങി.

വിപണി പിടിക്കാൻ അവർ നടത്തുന്ന നീക്കം കണ്ട്‌ ഇതര ഉൽപാദന രാജ്യങ്ങളും താഴ്‌ന്ന നിരക്കിൽ ചരക്ക്‌ വാഗ്‌ദാനം ചെയ്‌തു. വിയറ്റ്‌നാം ടണ്ണിന്‌ 6500 ഡോളറായി കുറച്ചു. മാസാരംഭത്തിൽ നിരക്ക്‌ 7200 ഡോളറായിരുന്നു. ഇതുകണ്ട്‌ ഇന്തോനേഷ്യയും മലേഷ്യയും ബ്രസീലും മുളകുവില കുറച്ചു. ഇന്ത്യൻ നിരക്ക്‌ ടണ്ണിന്‌ 8300 ഡോളറാണ്‌. കൊച്ചിയിൽ ചരക്കു വരവ്‌ ഗണ്യമായി കുറഞ്ഞിട്ടും അൺ ഗാർബിൾഡ്‌ 66,600 രൂപയായി താഴ്‌ന്നു.

*** *** ***

മാസത്തിന്റെ രണ്ടാം പകുതിയിൽ പുതിയ ഏലക്ക വിളവെടുപ്പിന്‌ സജ്ജമാകുമെന്ന സൂചനകൾ മുൻനിർത്തി സ്‌റ്റോക്കിസ്‌റ്റുകൾ കൈവശമുള്ള ചരക്ക്‌ വിറ്റുമാറാൻ തിടുക്കം കാണിച്ചു. ഇതിനിടയിൽ മഴ കനത്തതോടെ പല ഭാഗങ്ങളിലും ഏലത്തോട്ടങ്ങളിൽ വ്യാപക കൃഷിനാശവും സംഭവിച്ചു. ബക്രീദ്‌ ആഘോഷങ്ങളുടെ ഭാഗമായി ഏലത്തിന്‌ ആഭ്യന്തര, വിദേശ വിപണികളിൽ നിന്നും ആവശ്യക്കാരുണ്ട്‌. മേയ്‌ മധ്യം കിലോ 2000 രൂപയിലേക്ക്‌ താഴ്‌ന്ന ശരാശരി ഇനങ്ങളുടെ വില വാരാവസാനം 2400ലേക്ക്‌ തിരിച്ചുവരവ്‌ നടത്തി.

*** *** ***

സ്വർണ വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക്‌ ശേഷം നിരക്ക്‌ അൽപം കുറഞ്ഞു. പവൻ വില 71,920 രൂപയിൽ നിന്നും 71,360 രൂപയായി. ഗ്രാമിന്‌ 60 രൂപ താഴ്‌ന്ന്‌ 8920ൽ വിപണനം നടന്നു. ന്യൂയോർക്കിൽ ട്രോയ്‌ ഔൺസിന്‌ 3288 ഡോളർ.

Tags:    
News Summary - Heavy rains, coconuts not available in the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT