പഞ്ചസാര വിലക്കയറ്റം നിയന്ത്രിക്കാൻ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുമതി

ന്യൂഡൽഹി: ഉത്സവ സീസൺ മുന്നിൽ കണ്ട് രാജ്യത്തെ പഞ്ചസാര വില പിടിച്ചുനിർത്താൻ ഒക്ടോബർ 31 വരെ 10 ലക്ഷം ടൺ വരെ പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി നൽകി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം താരിഫ് റേറ്റ് കോട്ടയുടെ കീഴിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് പഞ്ചസാര വില വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി.

രാജ്യത്ത് പഞ്ചസാരയുടെ ക്ഷാമം ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെന്ന് കരുതരുതെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഊഹക്കച്ചവടങ്ങളിലൂടെയുള്ള അനാവശ്യ വിലക്കയറ്റം അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് സർക്കാറിന്‍റെ ഈ തീരുമാനം നൽകുന്നതെന്ന് ഐ.എസ്.എം.എ പറഞ്ഞു. രാജ്യത്ത് പഞ്ചസാരക്ക് യാതൊരു ക്ഷാമവുമില്ലെന്നും, പുതിയ സീസണിലെ പഞ്ചസാര വിപണിയിലെത്തുന്നതുവരെ ആഭ്യന്തര ആവശ്യം നിറവേറ്റാൻ മില്ലുകളിൽ മതിയായ സ്റ്റോക്ക് ഉണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.

ഉത്സവ കാലത്തിന് മുന്നോടിയായുള്ള ആശങ്കയും ഊഹക്കച്ചവടങ്ങളുമാണ് സമീപകാല വിലവർധനവിന് കാരണമെന്ന് വ്യവസായ സംഘടന ചൂണ്ടിക്കാണിച്ചു. പുതിയ പഞ്ചസാര സീസണിലെ ഉൽപ്പാദനം പതിവിലും 10-15 ദിവസം മുമ്പ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പുതിയ പഞ്ചസാര വേഗത്തിൽ വിപണിയിലെത്താൻ സഹായിക്കും. അതുകൊണ്ടുതന്നെ ഇതൊരു മുൻകരുതൽ നടപടിയായാണ് ഐ.എസ്.എം.എ വിശേഷിപ്പിച്ചത്.

അധിക ഇറക്കുമതി സൗകര്യം, നേരത്തെയുള്ള ഉൽപ്പാദനം, നിലവിലുള്ള മതിയായ സ്റ്റോക്ക് എന്നിവയെല്ലാം ചേർന്ന് സമീപഭാവിയിൽ തന്നെ പഞ്ചസാര വില പിടിച്ചുനിർത്താനും വിപണിയിൽ സ്ഥിരത കൈവരിക്കാനും സഹായിക്കുമെന്നാണ് വ്യവസായ രംഗത്തെ വിലയിരുത്തൽ. ഈ പ്രക്രിയ വേഗത്തിലാക്കാൻ സർക്കാറുമായി പൂർണമായി സഹകരിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - government allowed zero tariff sugar import

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.