മുംബൈ: നിക്ഷേപകരുടെയും ആഭരണ പ്രേമികളുടെയും പ്രിയപ്പെട്ട ലോഹമായ സ്വർണത്തിന്റെ വില ഇനിയും കുതിച്ചുയരുമെന്ന് ഇന്ത്യയിലെ കമ്മോഡിറ്റി വിദഗ്ധർ. ഈ വർഷം സ്വർണ വിലയിൽ 30 ശതമാനത്തിന്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയും സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകതയുമാണ് സ്വർണത്തിന് നേട്ടമാകുക. 10 ഗ്രാം സ്വർണത്തിന്റെ വില 1.65 ലക്ഷത്തിന്റെ മുകളിലേക്ക് ഉയരും. കുതിപ്പ് 1.80 ലക്ഷം രൂപയിൽ അവസാനിക്കുമെന്നും വിദഗ്ധർ പറഞ്ഞു. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ വിലയിൽനിന്ന് 30 ശതമാനത്തിന്റെ വർധനവാണിത്. പത്ത് ഗ്രാമിന് 1.38 ലക്ഷം രൂപയായിരുന്നു കഴിഞ്ഞ വർഷം സ്വർണ വില. 2024ൽ പത്ത് ഗ്രാമിന് 74,748 രൂപയുണ്ടായിരുന്ന സ്വർണ വില ഇതിനകം 80 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയെന്ന് റെഫിനീറ്റിവ്, ഏഞ്ചൽ വൺ ഗവേഷണ റിപ്പോർട്ട് പറയുന്നു.
വേൾഡ് ഗോൾഡ് കൗൺസിൽ കണക്ക് പ്രകാരം ജനുവരിയിൽ മാത്രം ആറ് ശതമാനം വർധനവാണ് വിലയിലുണ്ടായത്. സ്വർണ വിലയിൽ 30 ശതമാനത്തിന്റെ വർധനവുണ്ടാകുമെന്ന് ഡിസംബറിൽ വേൾഡ് ഗോൾഡ് കൗൺസിൽ നേരത്തെ സൂചന നൽകിയിരുന്നു. ചരിത്രത്തിലാദ്യമായി തിങ്കളാഴ്ച ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 5000 ഡോളർ പിന്നിട്ടു. 5080 ഡോളറിലാണ് ആഗോള വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. കേരളത്തിൽ സ്വർണവില ഗ്രാമിന് 225 രൂപ വർധിച്ച് 14,915 രൂപയും പവന് 1800 രൂപ ഉയർന്ന് 1,19,320 രൂപയുമായി.
ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുകയാണെങ്കിൽ സുരക്ഷിതമായ ആസ്തിയെന്ന നിലക്ക് സ്വർണത്തിന്റെ വില വർധന തുടരുമെന്ന് ഏഞ്ചൽ വണിലെ കമ്മോഡിറ്റി റിസർച്ച് ഡപ്യൂട്ടി വൈസ് പ്രസിഡന്റ് പ്രതമേശ് മല്ല്യ പറഞ്ഞു. ചുരുങ്ങിയത് ആറ് മാസമെങ്കിലും സ്വർണ വിലയിൽ കുതിപ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. താരിഫ് ഭീഷണി, യുദ്ധ ഭീതി, പലിശ വെട്ടിക്കുറക്കൽ, സെൻട്രൽ ബാങ്കുകളുടെ വാങ്ങിക്കൂട്ടൽ തുടങ്ങിയ കാരണങ്ങളാണ് സ്വർണ വിലയുടെ റാലിക്ക് ഇന്ധനം പകരുക. സ്വർണ വില ആഗോള വിപണിയിൽ ഔൺസിന് 5,500 ഡോളറിനും (ഒരു ഔൺസ് എന്നത് 28.34 ഗ്രാം) ആഭ്യന്തര വിപണിയിൽ പത്ത് ഗ്രാമിന് 1.72 ലക്ഷത്തിന് മുകളിലേക്കുമാണ് ഉയരുക.
പോർട്ട്ഫോളിയോയുടെ പ്രധാന ഭാഗമായി സ്വർണത്തെ നിക്ഷേപകർ പരിഗണിച്ചുതുടങ്ങിയതായി എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ് കമ്മോഡിറ്റീസ് വിഭാഗം സീനിയർ അനലിസ്റ്റ് സൗമിൽ ഗാന്ധി പറഞ്ഞു. നിക്ഷേപം വൈവിധ്യവത്കരിക്കാനും മൂലധനം നഷ്ടപ്പെടാതിരിക്കാനും ചാഞ്ചാട്ടം കുറഞ്ഞതും സുരക്ഷിതവുമായ ആസ്തിയായാണ് സ്വർണത്തെ കാണുന്നത്. അതുകൊണ്ടുതന്നെ ഈ വർഷവും സ്വർണ വിലയിൽ മുന്നേറ്റമുണ്ടാകുമെന്നും ഗാന്ധി സൂചന നൽകി. ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 5,220-5625 ഡോളറായി ഉയരും. ആഭ്യന്തര വിപണിയിലെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ പത്ത് ഗ്രാമിന് 1,66,125-1,79,323 രൂപയുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൽക്കാലികമായി വിലയിൽ ചില ഏറ്റക്കുറച്ചിൽ സ്വാഭാവികമാണെന്നും വരും വർഷങ്ങളിൽ സ്വർണ വില കുതിച്ചുയരുമെന്നും സാംകോ സെക്യൂരിറ്റീസിലെ മാർക്കറ്റ് റിസർച്ച് മേധാവി അപൂർവ ഷേത് പറഞ്ഞു. ഔൺസിന് 7,040 ഡോളറായിരിക്കും സ്വർണ വിലയുടെ അടുത്ത പ്രധാന ലക്ഷ്യം. ഹ്രസ്വകാലത്തിന് പകരം ദീർഘകാലത്തേക്ക് വിശ്വസിച്ച് നിക്ഷേപിക്കാൻ കഴിയുമെന്നാണ് സ്വർണ വിലയിലെ മുന്നേറ്റം വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ബാങ്കുകളുടെ വാങ്ങിക്കൂട്ടലും ഇ.ടി.എഫ് നിക്ഷേപവും ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുന്നതും ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയും തുടരുകയാണെങ്കിൽ ഈ വർഷം സ്വർണ വിലയിൽ 20 മുതൽ 25 ശതമാനം വരെ വർധനവുണ്ടാകുമെന്ന് ഇലാറ കാപിറ്റൽ ഇകണോമിസ്റ്റും റിസർച്ച് വിഭാഗം ഡെപ്യൂട്ടി തലവനുമായ ഗരിമ കപൂറും സൂചന നൽകി.
ഇന്ത്യക്കാരുടെ സ്വർണത്തോടുള്ള താൽപര്യം താൽകാലികമായ വിലക്കയറ്റത്തെ ആശ്രയിച്ചല്ല, മറിച്ച് ദീർഘകാല നിക്ഷേപം, വിവാഹം, ആഘോഷങ്ങൾ, പണയം വെച്ച് വായ്പ വാങ്ങാനുള്ള ശേഷി എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുകയാണെന്ന് ഭീമ ഗോൾഡ് വക്താവ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.