മുംബൈ: പുതുവർഷത്തിലും ഇന്ത്യൻ വിപണിയിൽ കനത്ത വിൽപന തുടർന്ന് വിദേശ നിക്ഷേപകർ. ജനുവരിയിലെ ആദ്യത്തെ രണ്ട് ദിവസം വിവിധ ആസ്തികളിൽ 5349 കോടി രൂപയുടെ വിൽപനയാണ് വിദേശികൾ നടത്തിയത്. ഇതു തുടർച്ചയായ ഒമ്പതാം മാസമാണ് ഇന്ത്യൻ വിപണിയിൽ ഓഹരി, കടപ്പത്രങ്ങൾ തുടങ്ങിയ ആസ്തികൾ വിദേശികൾ വിറ്റൊഴിവാക്കുന്നത്.
നാഷനൽ സെക്യൂരിറ്റി ഡെപോസിറ്ററി ലിമിറ്റഡിന്റെ ഡാറ്റ പ്രകാരം ജനുവരി ഒന്നിന് 2167 കോടി രൂപയും രണ്ടിന് 3182 കോടി രൂപയും പിൻവലിച്ചു. ഓഹരി വിപണിയിൽനിന്ന് മാത്രമായി വ്യാഴാഴ്ച 4588 കോടി രൂപയുടെയും വെള്ളിയാഴ്ച 3041 കോടിയുടെയും വിൽപന നടത്തി. ഐ.പി.ഒയിൽ 20 കോടി രൂപ നിക്ഷേപിച്ചത് ഒഴിച്ചാൽ, ഓഹരികൾ വിറ്റ് 7608 കോടി രൂപയാണ് വിദേശികൾ കീശയിലാക്കിയത്.
ഡിസംബറിൽ 30,333 കോടി രൂപയുടെ ഓഹരികൾ കൈയൊഴിഞ്ഞതിന് പിന്നാലെയാണ് വിൽപന സമ്മർദം ശക്തമായത്. ഇതോടെ കഴിഞ്ഞ വർഷം വിദേശികളുടെ മൊത്തം ഓഹരി വിൽപന 2.40 ലക്ഷം കോടി രൂപയായി. അതേസമയം, പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) മേഖലയിൽ 73,909 കോടി രൂപ നിക്ഷേപിച്ചു എന്നതുമാത്രമാണ് ആശ്വാസം.
വിദേശികളുടെ റെക്കോഡ് വിൽപനയോടെയാണ് 2025 അവസാനിച്ചതെന്ന് ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപം തുടങ്ങിയ ശേഷം ആദ്യമായാണ് വിദേശികൾ ഇത്രയും ശക്തമായ വിൽപന നടത്തുന്നത്. ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതാണ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം അഞ്ച് ശതമാനം കുറയാൻ ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വിപണിയുടെ ഈ വർഷത്തെ പ്രകടനത്തിൽ ആത്മവിശ്വാസമുണ്ടെങ്കിലും ജാഗ്രത വേണം അദ്ദേഹം നിർദേശിച്ചു. വിദേശികളുടെ നിക്ഷേപ തന്ത്രത്തിൽ ഈ വർഷം ചില മാറ്റങ്ങൾ കാണാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെട്ടതും കമ്പനികളുടെ വരുമാനം ഉയർന്നതും വിദേശ നിക്ഷേപകരെ ആകർഷിക്കുമെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.
അതേസമയം, വിദേശ നിക്ഷേപകർ കൈവിട്ടപ്പോൾ ആഭ്യന്തര നിക്ഷേപകൾ ഓഹരി വാങ്ങിക്കൂട്ടിയതാണ് വിപണിയെ കൂട്ടവിൽപനയുടെ ആഘാതത്തിൽനിന്ന് പിടിച്ചുനിർത്തിയത്. ആഭ്യന്തര നിക്ഷേപകരുടെ ബലത്തിൽ സുപ്രധാന ഓഹരി സൂചികയായ നിഫ്റ്റി വെള്ളിയാഴ്ച പുതിയ റെക്കോഡ് കൈവരിച്ചു. 182 പോയന്റ് ഉയർന്ന് നിഫ്റ്റി 26,328.55 എന്ന ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
തുടർച്ചയായ പതിനൊന്നാമത്തെ ആഴ്ചയും വിദേശികൾ വിൽപന നടത്തുകയും 2979 കോടി രൂപ പിൻവലിക്കുകയും ചെയ്തപ്പോൾ 2203 കോടിയുടെ ഓഹരികൾ വാങ്ങി ആഭ്യന്തര നിക്ഷേപകർ വിപണിക്ക് ശക്തമായ പിന്തുണ നൽകിയെന്ന് മാസ്റ്റർ കാപിറ്റൽ സർവിസസ് ലിമിറ്റഡ് ചീഫ് റിസർച്ച് ഓഫിസർ രവി സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.