തിരുവനന്തപുരം: കൊപ്ര വിലവർധനക്ക് പിന്നാലെ, സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകമെന്ന് കേരഫെഡ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന വ്യാജ വെളിച്ചെണ്ണ, ‘കേര’ യോട് സാദൃശ്യമുള്ള പേരുകളിലാണ് വിപണിയിൽ വിൽക്കുന്നത്. 2022 സെപ്റ്റംബറിൽ കിലോക്ക് 82 രൂപയായിരുന്ന കൊപ്രക്ക് 2025 ജനുവരിയിലെ വില 155 രൂപയാണ്. ഒരു കിലോ വെളിച്ചെണ്ണ ഉൽപാദിപ്പിക്കാൻ 1.5 കിലോ കൊപ്ര ആവശ്യമാണെന്നിരിക്കെ, വിപണിയിൽ 200- 220 രൂപക്ക് വെളിച്ചെണ്ണ വിൽക്കാൻ കഴിയില്ല. പക്ഷേ, ഏതാനും നാളുകളായി 200 നും 210 നുമെല്ലാം വെളിച്ചെണ്ണ മാർക്കറ്റിൽ വ്യാപകമായിരിക്കുകയാണ്. കൃത്രിമം നടത്താതെയും മായം ചേർക്കാതെയും ഈ വിലക്ക് വെളിച്ചെണ്ണ വിൽക്കാനാവില്ലെന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി, വൈസ് ചെയർമാൻ കെ. ശ്രീധരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
കുറഞ്ഞ വിലക്ക് കിട്ടുന്ന വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകൾക്ക് ലാഭം കൂടുതൽ ലഭിക്കുമെന്നതിനാലും വിറ്റുപോകുമെന്നതിനാലും സൂപ്പർ മാർക്കറ്റുകളും കടകളും അവക്ക് പ്രാമുഖ്യം നൽകുകയാണ്. വിപണിയിൽ ആകെ വെളിച്ചെണ്ണ വിൽപനയിൽ 40 ശതമാനമാണ് കേരഫെഡിന്റെ വിഹിതം. കേരക്ക് സാദൃശ്യമുള്ള പേരുകളിലെ ബ്രാൻഡുകൾ 20 ശതമാനത്തോളം വിപണി കൈയടക്കിയിട്ടുണ്ട്. മറ്റ് ബ്രാൻഡുകളാണ് ശേഷിക്കുന്ന 40 ശതമാനവും. കേരയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ഉപഭോക്താക്കൾ സാദൃശ്യമുള്ള ബ്രാൻഡുകൾ വാങ്ങുന്നുണ്ട്. ഏതാണ്ട് 10 ശതമാനത്തോളം വരുമിത്. ഫലത്തിൽ തെറ്റിദ്ധരിച്ചുള്ള വാങ്ങലുകളുടെ പേരിൽ ചുരുങ്ങിയത് പത്ത് ശതമാനം മാർക്കറ്റ് വിഹിതം കേരക്ക് നഷ്ടം വരുന്നുണ്ട്.
കേരഫെഡ് എം.ഡി സാജു സുരേന്ദ്രൻ, മാർക്കറ്റിങ് മാനേജർ ആർ. അരവിന്ദ്, ജി.ആർ. രതീഷ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.