സെൻസെക്സ് തുടർച്ചയായി വീണത് അഞ്ച് ദിവസം, നിക്ഷേപകർക്ക് നഷ്ടം 6.8 ലക്ഷം കോടി

മുംബൈ: അഞ്ച് ദിവസം തുടർച്ചയായി ഇടിഞ്ഞ് ഓഹരി വിപണി. തിങ്കളാഴ്ച മുതൽ സുപ്രധാന ഓഹരി സൂചികയായ സെൻസെക്സിന് 2181.71 പോയന്റ് നഷ്ടമാണുണ്ടായത്. നിഫ്റ്റി 2.5 ശതമാനം ഇടിഞ്ഞു. നിക്ഷേപകർക്ക് 6.8 ലക്ഷം കോടിയിലേറെ രൂപ നഷ്ടമായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി രണ്ടിന് 85,762.01 പോയന്റിൽ വ്യാപാരം അവസാനിപ്പിച്ച സെൻസെക്സ് അഞ്ച് ദിവസത്തിന് ശേഷം 83,580.30 പോയന്റിലെത്തി. പുതിയ താരിഫ് ഭീഷണിയും വ്യാപാര കരാർ വൈകുന്നതുമാണ് 2026 ന്റെ ആദ്യ ആഴ്ച തന്നെ വിപണിക്ക് തിരിച്ചടിയായത്. വിപണി നഷ്ടത്തിലായതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ട്രംപ് താരിഫ് ഭീഷണി

കഴിഞ്ഞ മാർച്ച് മുതൽ ആറ് തവണ ചർച്ച നടത്തിയിട്ടും ഇന്ത്യ- യു.എസ് വ്യാപാര കരാർ അനിശ്ചിതമായി നീളുന്നതിൽ ഏറെ നിരാശരാണ് വിപണിയും നിക്ഷേപകരും. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ചില്ലെന്ന ഒറ്റ കാരണം കൊണ്ടാണ് കരാർ വൈകിയതെന്ന് യു.എസ് കൊമേഴ്സ് സെക്രട്ടറി ഹോവാഡ് ലുത്നിക് വെളിപ്പെടുത്തിയിരുന്നു. 50 ശതമാനം നികുതിയാണ് നിലവിൽ ഇന്ത്യക്കെതിരെ യു.എസ് ചുമത്തിയിരിക്കുന്നത്.

റഷ്യൻ എണ്ണ വാങ്ങിയാൽ ഇന്ത്യക്കെതിരെ 500 ശതമാനം നികുതി ചുമത്താനുള്ള നീക്കത്തിലാണ് യു.എസ്. റഷ്യ ഉപരോധ ബിൽ അടുത്താഴ്ച അവതരിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. താരിഫ് കേസിൽ ഇന്ന് രാത്രി യു.എസ് സുപ്രിംകോടതി വിധി പറയും. വിധി ട്രംപിന് എതിരാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ജിയോജിത് ഇൻവെസ്റ്റ്‌മെൻറ്സിലെ മുഖ്യ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ പറഞ്ഞു. ട്രംപ് താരിഫ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചാൽ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യം വിടുന്ന വിദേശ നിക്ഷേപം

ആഗോള രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ ഓഹരി വിൽപന തുടരുകയാണ് വിദേശ നിക്ഷേപകർ. അഞ്ച് ദിവസത്തെ വ്യാപാരത്തിനിടെ കോടിക്കണക്കിന് രൂപയുടെ ഓഹരിയാണ് ​വിറ്റൊഴിവാക്കിയത്. വ്യാഴാഴ്ച മാത്രം 3,367 കോടി രൂപയും ബുധനാഴ്ച 1,527 കോടിയും അവർ കീശയിലാക്കി. മ്യൂച്ച്വൽ ഫണ്ട് കമ്പനികൾ അടക്കം ആഭ്യന്തര വിപണിയിലെ നിക്ഷേപകർ വാങ്ങിക്കൂട്ടിയിട്ടും വിദേശികളുടെ വിൽപന സമ്മർദത്തിൽ പിടിച്ചുനിൽക്കാൻ വിപണിക്ക് കഴിഞ്ഞില്ല. 2024 ഒക്ടോബറിൽ തുടങ്ങിയ ഓഹരി വിൽപനയാണ് ഇപ്പോഴും തുടരുന്നത്.

Tags:    
News Summary - Sensex sheds over 2,300 points in 5 days, Nifty down 2.5%.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-01-09 05:16 GMT