മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ രഹസ്യങ്ങൾ ബാങ്ക് ഓഫ് അമേരിക്ക ചോർത്തിയതായി റിപ്പോർട്ട്. ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് (സെബി) ലോകത്തിലെയും യു.എസിലെയും ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കിനെതിരെ ആരോപണം ഉന്നയിച്ചത്. ബിർള ഗ്രൂപ്പിന്റെ ആദിത്യ ബിർല സൺ ലൈഫ് എ.എം.സിയുടെ ഓഹരി വിൽപനയെ കുറിച്ചുള്ള രഹസ്യങ്ങൾ ചോർത്തി ബാങ്ക് ക്ലയന്റുകൾക്ക് നൽകുകയായിരുന്നു. സംഭവത്തിൽ ബാങ്ക് ഓഫ് അമേരിക്കക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുകയാണ് സെബി.
180 ദശലക്ഷം ഡോളറിന്റെ (160 കോടി രൂപ) ഓഹരി വിൽപ്പനയാണ് ആദിത്യ ബിർല സൺ ലൈഫ് എ.എം.സി നടത്തിയത്. 2024 ലായിരുന്നു സംഭവം. ഓഹരി വിൽപന ഇടപാടിന് ബാങ്ക് ഓഫ് അമേരിക്കയെയാണ് ആദിത്യ ബിർല ഗ്രൂപ്പ് നിശ്ചയിച്ചിരുന്നത്. ഓഹരി ഇടപാടിന് നിയോഗിക്കപ്പെട്ട സംഘം വിൽപനയുടെ വിശദ വിവരങ്ങൾ ബാങ്കിന്റെ മറ്റു ഉദ്യോഗസ്ഥരുമായി പങ്കുവെക്കുകയായിരുന്നു. ഓഹരി വിൽപനക്ക് മുമ്പ് ബാങ്ക് ഓഫ് അമേരിക്കൻ ഉദ്യോഗസ്ഥർ ചില ക്ലയന്റുകളുമായി ബന്ധപ്പെട്ടിരുന്നതായി 2024ൽ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
വൻ തുകയുടെ ഓഹരി ഇടപാടിന് (ബ്ലോക്ക് ട്രേഡ് ഡീൽ) മുമ്പ് വിവരങ്ങൾ പുറത്തുവിടുന്നത് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. ഇടപാടുകളെ കുറിച്ച് നേരത്തെ അറിഞ്ഞാൽ ഓഹരി വിലയിലുണ്ടാകാവുന്ന മാറ്റത്തിലൂടെ വ്യാപാരികൾക്ക് ലാഭം നേടാൻ കഴിയും. ഓഹരി വിൽക്കാൻ ആഗ്രഹിക്കുന്ന കമ്പനികളിൽനിന്ന് വാങ്ങിവെച്ച് പിന്നീട് മറ്റുള്ളവർക്ക് ചെറിയ ഭാഗങ്ങളായി മറിച്ചുവിൽക്കുകയാണ് ബ്ലോക്ക് ട്രേഡ് ഡീലിൽ ബാങ്കുകൾ ചെയ്യുന്നത്. ബ്ലോക്ക് ട്രേഡ് ഡീൽ വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് ബാങ്ക് ഓഫ് അമേരിക്ക തൽപര കക്ഷികൾക്ക് രഹസ്യം ചോർത്തിനൽകിയെന്നാണ് ആരോപണം.
സംഭവത്തിൽ അന്വേഷണം നടത്തിയപ്പോൾ ബാങ്ക് ഓഫ് അമേരിക്ക തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് കഴിഞ്ഞ നവംബറിൽ സെബി ആരോപിച്ചിരുന്നു. ഓഹരി ഇടപാട് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതായും ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, ആരോപണങ്ങൾ ശരിയാണെന്ന് സമ്മതിക്കാൻ ഇതുവരെ ബാങ്ക് തയാറായിട്ടില്ല. മാത്രമല്ല, സെബിക്ക് പണം നൽകി പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.