അമേരിക്കൻ പ്രസിഡന്റ് ഗൾഫ് പര്യടനത്തിലൂടെ ഉറപ്പാക്കിയത് നാലു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം

വമ്പൻ കച്ചവടം ഉറപ്പിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗൾഫ് പര്യടനം അവസാനിപ്പിച്ചത്. സൗദി, ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളില്‍നിന്നായി ഏകദേശം നാലു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം അദ്ദേഹം ഉറപ്പാക്കി. യു.എ.ഇ 1.4 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു. ബോയിങ് വിമാനങ്ങൾ വാങ്ങാൻ യു.എ.ഇ കമ്പനിയായ ഇത്തിഹാദ് എയർവേസ് 1450 കോടി ഡോളർ ചെലവിടുന്നത് ഇതിനു പുറമെയാണ്.

സൗദി 60,000 കോടി ഡോളറാണ് അമേരിക്കയിൽ നിക്ഷേപിക്കാൻ സമ്മതിച്ചത്. 9000 കോടി ഡോളർ മുടക്കി 210 ബോയിങ് ജെറ്റ് വിമാനങ്ങൾ വാങ്ങാൻ ഖത്തർ തയാറായി. സിറിയക്ക് മേലുള്ള യു.എസ് ഉപരോധം പിൻവലിച്ച് ഇടക്കാല ഭരണാധികാരി അബു മുഹമ്മദ് അൽ-ജുലാനി (അഹ്മദ് അൽ ഷാറ)യുമായി കൂടിക്കാഴ്ച നടത്താനും ട്രംപ് തയാറായി. അമേരിക്ക തലക്ക് ഒരു കോടി ഡോളർ വിലയിട്ട് കൊടുംഭീകരനായി പ്രഖ്യാപിച്ചിരുന്നയാളാണ് ഷാറ എന്നോർക്കണം. അമേരിക്കയുടെ ഇറാഖ് അധിനിവേശകാലത്ത് അൽഖാഇദയുടെ അനുബന്ധ വിഭാഗത്തിൽ പ്രവർത്തിക്കുകയും അമേരിക്ക പിടികൂടി ജയിലിലടക്കുകയും ചെയ്തയാളോടാണ് ട്രംപ് കൈകൊടുത്ത് വിരുന്നിൽ സംബന്ധിച്ചത്.

ട്രംപ് ഓർ​ഗ​നൈസേഷന്റെ 150 കോടിയുടെ ഗോൾഫ്, റിയൽ എസ്റ്റേറ്റ് പദ്ധതിക്ക് വിയറ്റ്നാം ഭരണകൂടം അംഗീകാരം നൽകിയ വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വർഷം തുടങ്ങി 2029ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അമേരിക്ക -വിയറ്റ്നാം യുദ്ധത്തിന്റെ മുറിപ്പാടുകൾ ഓർക്കുന്നവർക്ക് ഇതൊരത്ഭുതമാകും. എന്നാൽ, ട്രംപിന് ​ഇതൊന്നും പ്രശ്നമല്ല. അദ്ദേഹത്തിന്റെ വിഷയം വ്യാപാരമാണ്. അതിനു വേണ്ടിയാണ് യുദ്ധം, അതിനു​ വേണ്ടിയാണ് സമ്മർദം, അതിനു വേണ്ടിയാണ് നയതന്ത്രം. ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിച്ചാൽ രണ്ടു രാജ്യങ്ങളുമായും അമേരിക്ക ധാരാളം വ്യാപാരം നടത്താമെന്നായിരുന്നു ​ട്രംപിന്റെ വാഗ്ദാനം. ഓഫർ പോലെ മുന്നോട്ടുവെക്കുന്ന ഈ വ്യാപാരവും അമേരിക്കക്ക് ലാഭമായിരിക്കും.

ഫലസ്തീനികൾ ജീവനേക്കാളേറെ സ്നേഹിക്കുന്ന ഗസ്സ മണ്ണിലും ട്രംപിന്റെ വ്യാപാരക്കണ്ണ് പതിഞ്ഞിരുന്നു. ഗസ്സ പിടിച്ചെടുത്ത് വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും ഗസ്സക്കാർ ഈജിപ്തിലേക്കോ ജോർഡനിലേക്കോ പൊയ്ക്കൊള്ളണമെന്നുമായിരുന്നു ട്രംപിന്റെ തീട്ടൂരം. അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധം ഉയരുകയും ഫലസ്തീനികൾ അപ്പാടെ തള്ളുകയും ചെയ്തതോടെ ഈ ഫയൽ തൽക്കാലം അടക്കിവെച്ചിരിക്കുകയാണ്.

യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയോട് വലിയ വിലയാണ് ട്രംപ് ആവശ്യപ്പെട്ടത്. അമേരിക്ക യുക്രെയ്ന് നൽകിയ സൈനിക സഹായത്തിനു പകരമായി യുക്രെയ്നിലെ അപൂർവ ധാതുസമ്പത്ത് ട്രംപ് ചോദിച്ചു. കൊടുക്കാതെ സെലൻസ്കിക്ക് വഴിയുണ്ടായിരുന്നില്ല.

തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പ്രഖ്യാപിച്ച് വിജയ ശേഷം നടപ്പാക്കിയ പകരച്ചുങ്കം അമേരിക്കക്ക് നേട്ടവും വെല്ലുവിളികളും സമ്മാനിച്ചിട്ടുണ്ട്. തീരുവ പൂർണമായി ഒഴിവാക്കാൻ ഇന്ത്യ സമ്മതിച്ചെന്നാണ് ട്രംപ് ഗൾഫ് പര്യടനത്തിനിടെ പറഞ്ഞത്. വ്യാപാര കമ്മിയും കടവും കാരണം വലിയ പ്രതിസന്ധി നേരിടുന്ന അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കാലുറപ്പിച്ച് നിർത്താനാണ് ട്രംപ് തീരുവ സമ്മർദ്ദവും നിക്ഷേപ സമാഹരണവുമായി രംഗത്തുള്ളത്. രാജ്യം വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്നുണ്ട്.

മൂഡീസ്, സ്റ്റാൻഡേർഡ് ആൻഡ് പുവർ, ഫിച്ച് എന്നീ റേറ്റിങ് ഏജൻസികൾ യു.എസിന്റെ ക്രെഡിറ്റ് റേറ്റിങ് കുറച്ചത് പ്രതിസന്ധിയുടെ സൂചനയാണ്. രാജ്യത്തെ ഉൽപാദന മേഖല ശക്തിപ്പെടുത്താനാണ് തീരുവ ഉയർത്തിയത്. എന്നാൽ, ഇതിന് വിപരീത ഫലങ്ങളുമുണ്ട്. അമേരിക്കയിൽ ഉൽപാദനച്ചെലവ് കൂടുതലാണ്. പണപ്പെരുപ്പം വർധിക്കും. ഇതൊക്കെ താൽക്കാലിക ബുദ്ധിമുട്ടാണെന്ന് ട്രംപിന്റെ വാദം ശരിയാണോ എന്ന് കാലം തെളിയിക്കണം.

‘ആപ്പിൾ’ ഇന്ത്യയിലെ ഉൽപാദനം നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കയിൽ മരുന്ന് വില 30 മുതൽ 80 ശതമാനം വരെ കുറക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യൻ മരുന്ന് കമ്പനികൾക്ക് തിരിച്ചടിയാണ്. ട്രംപ് അദ്ദേഹത്തിന്റെ രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. സമ്മർദങ്ങൾക്ക് വഴങ്ങാതെ സ്വന്തം രാജ്യത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് കരുക്കൾ നീക്കേണ്ടത് ഓരോ രാജ്യത്തെയും ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്. അങ്ങനെ ചെയ്തതുകൊണ്ടാണ് ചൈനക്ക് മുന്നിൽ ട്രംപിന് മുട്ടുമടക്കേണ്ടിവന്നത്.

Tags:    
News Summary - Donald trumps gulf expedition earns four lakh dollar investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT