പ്രവാസികൾക്കും സ്വർണ ഭ്രമം കുറയുന്നു; യു.എ.ഇയിൽ വിൽപന ഇടിഞ്ഞത് 28 ശതമാനം

മിഡിൽ ഈസ്റ്റ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യു.എ.ഇയിലെ ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്കിടയിൽ സ്വർണം വാങ്ങുന്നതിന് വിമുഖതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ 7.7 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 2026ലെ രണ്ടാം പാദത്തിൽ 28 ശതമാനം കുറഞ്ഞ് 5.6 ടൺ ആണ് ഇപ്പോഴത്തെ ഡിമാൻഡ്.

ജനുവരി മാസത്തിലെ റെക്കോർഡ് വില വർധനവ് വിലപിടിപ്പുള്ള ലോഹാഭരണങ്ങളെ ബാധിച്ചതിനാൽ യു.എ.ഇയിൽ സ്വർണാഭരണങ്ങളുടെ ആവശ്യകത ക്വാർട്ടർ അടിസ്ഥാനത്തിൽ 21.7 ശതമാനം വർധിച്ചു. ജനുവരി 28നാണ് സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കായ ഔൺസിന് 5,589.38 ഡോളറിലെത്തിയത്. ഇറാനെതിരെ വലിയ ആക്രമണ ഭീഷണി മുഴക്കിക്കൊണ്ട് യു.എസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് അന്ന് ഒറ്റ വ്യാപാര സെഷനിൽ സ്വർണവില 300 ഡോളറിലധികം കുതിച്ചുയർന്നിരുന്നു.

സ്വർണക്കട്ടികളും നാണയങ്ങളും മികച്ച മുന്നേറ്റമാണ് നടത്തിയത്. ഈ വർഷത്തെ രണ്ടാം പാദത്തിൽ ഇവയുടെ ആവശ്യകത കഴിഞ്ഞ വർഷത്തെ സമാന കാലയളവിലെ 4.1 ടണ്ണിൽ നിന്ന് 30 ശതമാനം ഉയർന്ന് 5.3 ടണ്ണായി. വേൾഡ് ഗോൾഡ് കൗൺസിൽ ഡാറ്റ പ്രകാരം യു.ഇ.ഇയിൽ സ്വർണനാണയങ്ങളുടെയും കട്ടികളുടെയും ആവശ്യകതയിൽ ക്വാർട്ടർ അടിസ്ഥാനത്തിൽ 32.5 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്.

സാംസ്കാരികവും സാമ്പത്തികവുമായ കാരണങ്ങളാൽ യു.എ.ഇയിൽ സ്വർണനാണയങ്ങളും കട്ടികളും ഇപ്പോഴും പ്രിയപ്പെട്ട നിക്ഷേപ തെരഞ്ഞെടുപ്പായി തുടരുന്നു. ദക്ഷിണ ഏഷ്യൻ, അറബ്, മറ്റ് പ്രവാസി സമൂഹങ്ങൾക്ക് സ്വർണം എന്നത് തലമുറകളായി കൈമാറിവരുന്ന സമ്പാദ്യമാണ്.

പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചക്കും എതിരെയുള്ള ഒരു സുരക്ഷിത നിക്ഷേപമായാണ് സ്വർണനാണയങ്ങളും കട്ടികളും കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെയോ ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളുടെയോ കാലഘട്ടങ്ങളിൽ. നേരിട്ടുള്ള ഉടമസ്ഥത, എളുപ്പത്തിൽ കൊണ്ടുനടക്കാനുള്ള സൗകര്യം , പെട്ടെന്ന് പണമാക്കി മാറ്റാനുള്ള സാധ്യത എന്നിവ കാരണം പല താമസക്കാരും ഇ.ടി.എഫ് പോലുള്ള പേപ്പർ നിക്ഷേപങ്ങളെക്കാൾ ഭൗതിക സ്വർണത്തിനാണ് മുൻഗണന നൽകുന്നത്. ഇത് താരതമ്യേന എളുപ്പത്തിൽ വിൽക്കാനോ ഈടായി നൽകാനോ സാധിക്കും.

മധ്യപൂർവേഷ്യയിലെ യുദ്ധം ആരംഭിച്ചതിനുശേഷം, വർധിച്ചുവരുന്ന എണ്ണവില യു.എസ് സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പ ആശങ്കകൾ സൃഷ്ടിച്ചതോടെ സ്വർണവില താഴേക്ക് വരാൻ തുടങ്ങി. തിങ്കളാഴ്ച വൈകുന്നേരം സ്പോട്ട് ഗോൾഡ് ഔൺസിന് 1.24 ശതമാനം കുറഞ്ഞ് 4,026 ഡോളറിലാണ് വ്യാപാരം നടത്തിയിരുന്നത്. യു.ഇ.ഇയിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ്, 22 കാരറ്റ് സ്വർണവില യഥാക്രമം ഗ്രാമിന് 488.25 ദിർഹത്തിലും 452.0 ദിർഹത്തിലുമാണ് വ്യാപാരം നടന്നത്.

Tags:    
News Summary - Demand for gold jwellery has decreased among expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.