യു.എസ്-ഇറാൻ സമാധാന ചർച്ചകളിലെ അനിശ്ചിതത്വം: ക്രൂഡ് ഓയിൽ വിലയിലെ മുന്നേറ്റം തുടരുന്നു

ന്യൂഡൽഹി: യു.എസ്-ഇറാൻ സമാധാന ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് ഹുർമുസ് കടലിടുക്ക് എന്ന് തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തിങ്കളാഴ്ച എണ്ണവില വീണ്ടും ഉയർന്നു. ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.09% ഉയർന്ന് ബാരലിന് 84.46 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 0.78% വർധിച്ച് 88.79 ഡോളറിലാമ.

യുദ്ധത്തിന് മുമ്പ് ലോകത്തിലെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോയിരുന്ന പ്രധാന ആഗോള എണ്ണ ഗതാഗത പാതയായ ഹുർമുസ് കടലിടുക്ക് തുറക്കാൻ ഇറാനും ഒമാനും തമ്മിൽ ധാരണയാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ആഴ്ച രണ്ട് ബെഞ്ച്മാർക്കുകളിലും 7 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനായി ഒമാനുമായുള്ള കരാർ വളരെ അടുത്തെത്തിയിരിക്കുന്നു എന്ന് ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ, ജൂണിൽ എത്തിയ താൽക്കാലിക സമാധാന കരാറിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച് യു.എസുമായുള്ള നേരിട്ടുള്ള ചർച്ചകൾ അദ്ദേഹം തള്ളി. കരാറിലെത്തിയാൽ പോലും ഈ പ്രധാന ജലപാത ഉടനടി തുറക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ അരാഗ്ചി, തടസപ്പെട്ട ഊർജ വിതരണം വേഗത്തിൽ സാധാരണ നിലയിലാകുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു.

മധ്യപൂർവേഷ്യയിൽ വീണ്ടും സംഘർഷമുണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നത് നിക്ഷേപകരെയും വിപണിയെയും ആശങ്കയിലാക്കുന്നുണ്ട്. സൗദി അറേബ്യയിലെ ജിസാൻ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തു. കൂടാതെ അബുദാബി നാഷനൽ ഓയിൽ കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ഒരു ടാങ്കറിന് നേരെയും വാരാന്ത്യത്തിൽ ഹുർമുസ് കടലിടുക്കിൽ ആക്രമണമുണ്ടായി.

കടലിടുക്കിന്‍റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ തങ്ങളും പങ്കാളികളാണെന്ന് യു.എസ് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇറാൻ ഇത് തള്ളിക്കളഞ്ഞു. യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കുക, ഉപരോധങ്ങൾ പിൻവലിക്കുക, സംഘർഷം മൂലം ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നിവയുൾപ്പെടെ ജലപാത പൂർണമായി തുറക്കുന്നതിനുള്ള തങ്ങളുടെ നിബന്ധനകൾ ഇറാൻ ശനിയാഴ്ച വീണ്ടും ആവർത്തിച്ചു.

Tags:    
News Summary - crude prize hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.