പാചക എണ്ണവില കുറഞ്ഞേക്കും; ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് സർക്കാർ
ന്യൂഡൽഹി: സോയാബീൻ, പാം, സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതോടെ പാചക എണ്ണയുടെ ചില്ലറ വിൽപ്പന വില കുറഞ്ഞേക്കും. എന്നാൽ ഇതിന്‍റെ നേരിട്ടുള്ള ആനുകൂല്യം ഉപഭോക്താക്കൾക്ക് എത്രത്തോളം ലഭിക്കുമെന്നത് അന്താരാഷ്ട്ര വിപണിയിലെ വില, രൂപയുടെ മൂല്യം, ആഭ്യന്തര വിതരണം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
സർക്കാർ ക്രൂഡ് സൂര്യകാന്തി എണ്ണയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് പൂജ്യമായും ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണയുടെ തീരുവ 32.5 ശതമാനത്തിൽ നിന്ന് 22.5 ശതമാനമായും കുറച്ചിട്ടുണ്ട്. ക്രൂഡ് സോയാബീൻ, പാം എണ്ണകളുടെ തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായും, ശുദ്ധീകരിച്ച സോയാബീൻ, പാം എണ്ണകളുടേത് 32.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായും കുറച്ചു.
ഉത്സവകാലങ്ങളിൽ വീടുകളിൽ മാത്രമല്ല, മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ, റെസ്റ്റോറന്‍റുകൾ, ഫുഡ് സർവിസ് ബിസിനസുകൾ എന്നിവയിലും പാചക എണ്ണയുടെ ആവശ്യകത വർധിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ചെലവ് കുറയ്ക്കാൻ സർക്കാറിന്‍റെ നടപടി സഹായിച്ചേക്കും.
ഇന്ത്യ തങ്ങൾക്കാവശ്യമായ മൊത്തം പാചക എണ്ണയിൽ 60 ശതമാനത്തോളവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര വിപണിയിലെ അവസ്ഥകൾ, രൂപയുടെ വിനിമയ നിരക്ക്, ചരക്കുകൂലി, ലഭ്യമായ സ്റ്റോക്ക് എന്നിവ ആഭ്യന്തര എണ്ണവിലയെ സ്വാധീനിക്കുന്നു. മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് പാം ഓയിലും, അർജന്‍റീന, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് സോയാബീൻ ഓയിലുമാണ് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. അതിനാൽ, ആഗോള വിപണിയിലെ വില മാറ്റങ്ങൾ ആഭ്യന്തര ഉപഭോക്താക്കളിലേക്ക് എത്തും.
സർക്കാറിന്‍റെ തീരുമാനം എണ്ണവില കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, വിപണിയിലുള്ള എല്ലാ എണ്ണകൾക്കും ഉടനടി വില കുറഞ്ഞേക്കില്ല. അന്താരാഷ്ട്ര കമോഡിറ്റി വിലകൾ, ചരക്കുകൂലി, രൂപയുടെ മൂല്യം, ആഭ്യന്തര ലഭ്യത, കമ്പനികളുടെ സ്റ്റോക്ക് എന്നിവയായിരിക്കും അന്തിമ ചില്ലറ വിൽപ്പന വില നിശ്ചയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.