അടിമാലി: തേങ്ങവില റെക്കോർഡ് ഉയരത്തിലെത്തിയതോടെ പച്ചത്തേങ്ങക്കൊപ്പം കൊപ്രയ്ക്കും വെളിച്ചെണ്ണക്കും വില വർധിച്ചു. ചിരട്ടയ്ക്കും ചകിരിക്കും ആവശ്യക്കാർ വർധിച്ചതോടെ തേങ്ങ കിട്ടാക്കനിയായി മാറുന്ന സ്ഥിതിയാണ്. വലിപ്പത്തിനനുസരിച്ച് തേങ്ങ ഒന്നിന് 35 മുതൽ 40 രൂപവരെ കച്ചവടക്കാർ നൽകുന്നുണ്ട്. കിലോഗ്രാമിന് 90 രൂപക്കാണ് ചില്ലറ വിൽപ്പന.
കിലോക്ക് 230 മുതൽ 240 വരെ ലഭിക്കുന്നുണ്ടെങ്കിലും കൊപ്ര കിട്ടാനില്ലാത്ത സ്ഥിതിയാണ്. വെളിച്ചെണ്ണ ലിറ്ററിന് 450 കടന്നു. ചിരട്ട കിലോഗ്രാമിന് 25 രൂപ നൽകി ആവശ്യക്കാർ കൊണ്ടുപോകുന്നുണ്ട്. തമിഴ്നാട്ടിൽ ചിരട്ടക്കും , ചകിരിക്കും അവശ്യക്കാർ വർധിച്ചതാണ് കാരണം. മാളുകളിൽ പ്ലാസ്റ്റിക്-പേപ്പർ കപ്പുകൾക്കു പകരമായി ചായ നൽകാൻ ചിരട്ടകൊണ്ടുള്ള കപ്പുകളാണ് ഉപയോഗിക്കുന്നതെന്ന് കർഷകർ പറയുന്നു.
മണ്ഡരിയും കൂമ്പുചീയലും വെള്ളീച്ചയും മഞ്ഞളിപ്പും ബാധിച്ച് തേങ്ങ ഉൽപാദനം പകുതിയിലേറെയായി കുറഞ്ഞിട്ടുണ്ട്. കാറ്റുവീഴ്ച ബാധിച്ചതോടെ ആയിരക്കണക്കിനു തെങ്ങുകളാണ് വെട്ടിമാറ്റിയത്. കാലാവസ്ഥ വ്യതിയാനവും ഉൽപാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നാടൻ തെങ്ങുകൾക്കു പകരം പെട്ടെന്നു കായ്ക്കുന്ന അത്യുൽപാദന ശേഷിയുള്ള തെങ്ങുകൾക്കാണ് രോഗം പെട്ടെന്നു പിടിപെടുന്നത്. ഒരുകാലത്ത് നാടൻതെങ്ങുകൾ ഉപേക്ഷിച്ച് അത്യുൽപാദന ശേഷിയുള്ള തെങ്ങുകൾ മാത്രം വച്ചുപിടിപ്പിച്ചിരുന്നു.
തുടരെ നഷ്ടം സംഭവിച്ചതോടെ വീണ്ടും നാടൻ തെങ്ങുകളിലേക്ക് കർഷകർ തിരിച്ചുവരുന്ന സ്ഥിതിയാണ്. തെങ്ങുകൾക്ക് വ്യാപകമായി രോഗങ്ങൾ പിടിപെട്ടു തുടങ്ങിയത് വർഷങ്ങളായി. രോഗം വലിയ തോതിൽ വ്യാപിക്കുമ്പോഴും കാര്യക്ഷമമായി പ്രതിരോധിക്കാൻ തക്ക മരുന്നുകൾ കണ്ടുപിടിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിഞ്ഞിട്ടില്ല. തേങ്ങ ഉൽപാദനം കുത്തനെ കുറഞ്ഞതിൽ പ്രധാന കാരണങ്ങളിലൊന്ന് ഇതുതന്നെയാണെന്നു കർഷകർ പറയുന്നു.
ഹൈറേഞ്ചിലെ കേര കർഷകർക്ക് ഭീഷണിയായി കാട്ടാനകളും . രണ്ടുവർഷത്തിനിടെ ആയിരക്കണക്കിന് തെങ്ങുകളാണ് കാട്ടാനകൾ നശിപ്പിച്ചത്. കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് എത്താതിരിക്കാൻ തെങ്ങുകൾ കൂട്ടത്തോടെ വെട്ടിമാറ്റിയ കർഷകരുമുണ്ട്. തെങ്ങുകൾക്ക് പുറമെ കമുങ്ങ്, വാഴ, മരച്ചീനി എന്നിവയാണ് കാട്ടാനകൾ നശിപ്പിക്കുന്ന കൃഷികൾ. ഏലത്തോട്ടങ്ങളിലും ആനകൾ നാശം വിതക്കാറുണ്ട്.
ഒരു കിലോ ചിരട്ടക്ക് വീടുകളിൽ 25 രൂപവരെ വില വന്നതോടെ പ്രതിസന്ധിയിലാക്കിയത് തുണി തേപ്പ് കട നടത്തുന്നവരാണ്. നേരത്തേ ചിരട്ട സൗജന്യമായി കിട്ടിയിരുന്നു. ഇപ്പോൾ വില നൽകാമെന്ന് പറഞ്ഞാലും കിട്ടുന്നില്ല. ഇപ്പോൾ ദൂര സ്ഥലങ്ങളിൽ നിന്ന് വലിയ വില നൽകിയാണ് വാങ്ങുന്നത്. ആല നടത്തിപ്പുകാർക്കും പ്രതിസന്ധിയുണ്ട്. നേരത്തെ മരം കത്തിച്ച കരിയാണ് ഉപയോഗിച്ചിരുന്നത് . ഇതിന് ക്ഷാമം വന്നതോടെ ചിരട്ടയിലേക്ക് തിരിഞ്ഞു . എന്നാൽ ചിരട്ടയും കിട്ടാതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.